ഇനി 'ആദ്യം യുഎഇ': യുഎഇക്കായി ലുലു ഗ്രൂപ്പിന്റെ പ്രത്യേക പദ്ധതി; ജിസിസിയില്‍ ഉടനീളം വ്യാപിപ്പിക്കും
ഇരുപത്തിയഞ്ചോളം രാഷ്ട്രങ്ങളിലായി പടർന്ന് പന്തലിച്ച് നില്‍ക്കുന്ന ലുലു ഗ്രൂപ്പ് പിറവികൊണ്ട നാടാണ് യുഎഇ. രണ്ട് പതിറ്റാണ്ടോളം നീണ്ട ഗള്‍ഫ് മേഖലയിലെ പ്രവർത്തന പരിചയത്തിനൊടുവില്‍ 1995 ലാണ് അബുദാബി കേന്ദ്രമാക്കി എംഎ യൂസഫലി ലുലു സ്ഥാപിക്കുന്നത്. ഇന്ന് ലുലു ഗ്രൂപ്പിലെ അബുദാബി സർക്കാറിന്റെ മാത്രം പങ്കാളിത്തം ഇരുപത് ശതമാനത്തോളമാണ്. യുഎഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായി എംഎ യൂസഫലി അഭേദ്യമായ ബന്ധം വെച്ച് പുലർത്തുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ടും യുഎഇക്ക് വലിയ പ്രാധാന്യം ലുലു എപ്പോഴും ഗ്രൂപ്പ് നല്‍കിപ്പോരുന്നു. ഇപ്പോഴിതാ രാജ്യത്തിന്റെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 'അൽ ഇമറാത്ത് അവ്വൽ' (Uae First) എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ്.
പ്രാദേശിക കർഷകർക്കും കാർഷിക ഉത്പന്നങ്ങൾക്കും പ്രാധാന്യം നല്‍കുന്ന പദ്ധതിയാണ് 'അൽ ഇമറാത്ത് അവ്വൽ'. രാജ്യത്തുടനീളമുള്ള തങ്ങളുടെ ഹൈപ്പർമാർക്കറ്റുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതി യു എ ഇ കാലാവസ്ഥാ വ്യതിയാന - പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് ഉല്‍ഘാടനം ചെയ്തു. അബുദാബി ഫോർസാൻ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി, അണ്ടർസെക്രട്ടറി ഡോ മുഹമ്മദ് അൽ ഹമ്മദി, സിലാല്‍ സിഇഒ സൽമീൻ അൽ അമേരി തുടങ്ങിയവരും പങ്കെടുത്തു.

യു എ ഇയുടെ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ നല്‍കുന്ന പദ്ധതിയാണ് ലുലു നടപ്പിലാക്കുന്നതെന്ന് അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് ചൂണ്ടിക്കാട്ടി.' പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിപണി വിപുലീകരിക്കുക എന്നത് സർക്കാറിന്റെ പ്രധാന ലക്ഷ്യമാണ്. യു എ ഇയിലെ കർഷകർക്ക് പിന്തുണ നല്‍കുന്നതിലും രാജ്യത്തിന്റെ ഭക്ഷ്യ വിതരണ ശ്യംഖല ശക്തിപ്പെടുത്തുന്നതിലും ലുലു പ്രധാന പങ്ക് വഹിക്കുന്നു' മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുക, കാർഷിക മേഖലയുടെ വികസനത്തിന് കരുത്ത് പകരുക തുടങ്ങിയ ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതെന്ന് എംഎ യൂസഫലിയും വ്യക്തമാക്കി. യു എ ഇയിലെ കാർഷിക മേഖലയേയും പ്രാദേശിക വ്യവസായത്തേയും ശക്തിപ്പെടുത്തുന്നതിനായി ലുലു കൂടുതല്‍ സംഭാവനകള്‍ നല്‍കി വരികികയാണ്. എമിറാത്തി ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിലൂടെ പ്രാദേശിക ഭക്ഷ്യമേഖല ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇ ഉല്‍പന്നങ്ങള്‍ക്ക് ലുലു ഹൈപ്പർമാർക്കറ്റുകളില്‍ കൂടുതല്‍ പ്രചാരം നല്‍കാനായി ലുലു ഗ്രൂപ്പ് സിലാലുമായി ധാരണയിലേർപ്പെട്ടു. ഇതോടെ ജി സി സിയിലെ മറ്റ് രാഷ്ട്രങ്ങളിലേയും ലുലു ഹൈപ്പർ മാർക്കറ്റുകളില്‍ യു എ ഉത്പന്നങ്ങളുടെ വിപണിസാന്നിദ്ധ്യം ഉറപ്പാക്കുന്നതിലുള്ള ശ്രമങ്ങളുമുണ്ടാകും.
ചടങ്ങില്‍ രാജ്യത്തിൻ്റെ കാർഷിക മേഖലയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ നല്‍കിയ യു എ ഇയിലെ ആറ് കർഷകരെ ആദരിക്കുകയും ചെയ്തു. അബ്ദുല്ല സലേം അൽ ഹാഷ്മി (സയിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷന്‍), ഹംദാൻ മുഹമ്മദ് അലരീഫി (എമിറേറ്റ്‌സ് ഇൻ്റർനാഷണൽ അഗ്രികൾച്ചറൽ അഡ്വാൻസ്ഡ്), നാജി സാലിഹ് ഹസൻ അൽ ഹർത്തി (ഹെവൻ ഓർഗാനിക് ഫാം), ഹുസൈൻ സയീദ് സേലം അൽബാദിൽ അൽസാബി (അൽബാദൽ ആനിമൽ പ്രൊഡക്ഷൻ ഫാം), സമീറ മൊഹമ്മദ് എന്നിവരാണ് ആദരിക്കപ്പെട്ട കർഷകർ.












Click it and Unblock the Notifications