ലുലു ഗ്രൂപ്പ് വിചാരിച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ? 519 കോടിയുടെ ഭൂമി സ്വന്തം, എല്ലാം റെഡിയാക്കി കോർപ്പറേഷന്‍
ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യവസായം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ഇതില്‍ ഏറ്റവും പ്രധാനം ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാള്‍ അടക്കമുള്ള പദ്ധതികളാണ് അഹമ്മദാബാദില്‍ ലുലു ഗ്രൂപ്പിന്റേതായി വരാന്‍ പോകുന്നത്. പദ്ധതി സംബന്ധിച്ച ഒരു നിർണ്ണായഘട്ടം കൂടി ലുലു ഗ്രൂപ്പ് പിന്നിട്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
പദ്ധതിക്കായി അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷന്‍ (എ എം സി) അടുത്തിടെ നഗരത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥലം ലുലു ഗ്രൂപ്പിന് കൈമാറിയിരുന്നു. 519 കോടി രൂപയ്ക്ക് സ്ഥലം ലുലു സ്വന്തം പേരില്‍ വാങ്ങുകയാണ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ ചില നിയമതടസ്സങ്ങള്‍ ഉയർന്ന് വന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഭൂമിയുടെ മുഴുവൻ കൈവശാവകാശവും ലുലുവിന് നല്‍കാന്‍ മുനിസിപ്പല്‍ കോർപ്പറേഷന് സാധിച്ചിരുന്നില്ല.

ചന്ദ്‌ഖേഡയിലെ 66168 ചതുരശ്ര മീറ്റർ ഭൂമി ഒരു ചതുരശ്ര മീറ്ററിന് 78500 രൂപ നിരക്കിലായിരുന്നു കോർപ്പറേഷന്‍ ലുലു ഗ്രൂപ്പിന് വിറ്റത്. എന്നാല്‍ ഈ സ്ഥലത്തിന്റെ ഏകദേശം 10672 ചതുരശ്ര മീറ്റർ കൃഷിസ്ഥലമായിരുന്നു. ഈ സ്ഥലത്തിന്റെ പൂർണ ഉടമസ്ഥാവകാശം ഇതുവരെ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന് ലഭിച്ചിരുന്നില്ല.
എന്നാല്‍ ലുലു ഗ്രൂപ്പിന്റെ പദ്ധതിയുടെ കാര്യത്തില്‍ അതീവ താല്‍പര്യമെടുത്ത അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷന്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചിരിക്കുകയാണ്. മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത കോർപ്പറേഷന്‍ ഭൂമി കൈമാറ്റം അന്തിമമാക്കാനുള്ള അധികാരം മുനിസിപ്പൽ കമ്മീഷണർക്ക് കൈമാറാനുള്ള നിർദ്ദേശം വ്യാഴാഴ്ചത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
4000 കോടി രൂപ മുടക്കിക്കൊണ്ടാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ അഹമ്മദബാദില്‍ നിർമ്മിക്കാന്‍ പോകുന്നത്. ഷോപ്പിങ് മാളിന്റെ നിർമ്മാണ് ഈ വർഷം അവസാനത്തോടെ തന്നെ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് ഇൻ്റർനാഷണല്‍ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി നേരത്തെ വ്യക്തമാക്കിയിരുന്നു.
"ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് അഹമ്മദാബാദില്‍ വരാന്‍ പോകുന്നത്. ഞങ്ങൾക്ക് ഇതിനോടകം തന്നെ ഭൂമി ലഭിച്ച് കഴിഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്നും വാണിജ്യ മന്ത്രാലയത്തിൽ നിന്നും മാത്രമല്ല കേന്ദ്ര സർക്കാരിൻ്റെ എല്ലാ മന്ത്രാലയങ്ങളിൽ നിന്നും ഞങ്ങള്‍ക്ക് പൂർണ്ണ പിന്തുണ ലഭിക്കുന്നു," എം എ യൂസഫ് അലി നേരത്തെ വാർത്താ ഏജന്‍സിയായ എ എന്‍ ഐയോടായി പറഞ്ഞു.
ഏകദേശം 350000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാളാണ് അഹമ്മദാബാദില്‍ വരാന്‍ പോകുന്നത്. ലോക പ്രശസ്തമായ ബ്രാന്‍ഡുകള്‍ക്കൊപ്പം ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു കണക്ട്, മള്‍ട്ടി പ്ലക്സ് എന്നിവയും മാളിലുണ്ടാകും. വലിയ തോതിലുള്ള തൊഴില്‍ അവസരവും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. മൂവായിരത്തിലേറെ പേർക്ക് മാളുമായി ബന്ധപ്പെട്ട് ജോലി ലഭിക്കും.
അഹമ്മദാബാദിന് പുറമെ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം, തിരുപ്പൂർ, തമിഴ്നാട്ടിലെ ചെന്നൈ എന്നിവിടങ്ങളിലും ലുലുവിന്റെ പുതിയ മാളുകള്‍ വരുന്നുണ്ട്. ചെന്നൈയില്‍ മെട്രോയുമായി ബന്ധപ്പെടുത്തി മൂന്ന് മാളുകളാണ് നിർമ്മിക്കുന്നത്. നിലവില്‍ ബെംഗളൂരു, കോയമ്പത്തൂർ, ഹൈദരാബാദ്, കൊച്ചി, ലഖ്‌നൗ, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങിലാണ് ലുലു മാള്‍ പ്രവർത്തിക്കുന്നത്. കേരളത്തിലേക്ക് വരികയാണെങ്കില്‍ കോട്ടയം, പെരിന്തല്‍മണ്ണ, തിരൂർ, കൊല്ലം എന്നിവിടങ്ങളിലാണ് പുതിയ മാളുകള്‍ വരാന്‍ പോകുന്നത്.












Click it and Unblock the Notifications