നോയിഡയില്‍ ലുലു ഗ്രൂപ്പിന്റെ വന്‍ പദ്ധതി; മാളല്ല, 500 കോടിയുടെ സംഭരണ കേന്ദ്രം, ലക്ഷ്യം 15000 കോടി
അടുത്ത കാലത്തായി ഇന്ത്യയില്‍ തങ്ങളുടെ പ്രവർത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കി വരികയാണ് ലുലു ഗ്രൂപ്പ്. മാളുകള്‍ക്ക് പുറമെ ഐടി മേഖലയില്‍ ഭക്ഷ്യ സംരക്ഷണ മേഖലയിലും പുതിയ പദ്ധതികള്‍ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ കാർഷിക ഉത്പന്ന സംഭരണ മേഖലയില്‍ 15000 കോടിയുടെ പദ്ധതിയാണ് ലുലു ലക്ഷ്യമിടുന്നതെന്നാണ് ഏറ്റവും പുതുതായി പുറത്ത് വരുന്ന വാർത്ത.
ഓർഗാനിക് ചരക്ക് സംഭരണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അത്തരം സാധനങ്ങളുടെ മൂല്യം ഒരു വർഷം 2000 കോടി രൂപ വരെ ഉയരുമെന്നും കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി തന്നെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കി.

'ഏകദേശം 10000 കോടി രൂപയുടെ കാർഷിക ഉൽപന്നങ്ങൾ ഞങ്ങള്‍ ഒരോ വർഷവും കയറ്റുമതി ചെയ്യുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇത് 15000 കോടി രൂപയായി ഉയർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള പ്രവർത്തനം ഞങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ഉത്പന്നങ്ങളും ആവശ്യമാണ്' അദ്ദേഹം പറഞ്ഞു.
പഴങ്ങൾ, പച്ചക്കറികൾ, അരി, ചായപ്പൊടി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് ധാന്യങ്ങള്‍ തുടങ്ങിയവാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. ലുലു ശേഖരിക്കുന്ന ഉൽപന്നങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങളിലേക്കും മറ്റ് വിദൂര കിഴക്കൻ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതായും എം എ യൂസഫ് അലി പറഞ്ഞു.
ഓർഗാനിക് ഉൽപന്ന സംഭരണത്തിൻ്റെ തോത് വർധിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റിയുമായും ലുലു ഗ്രൂപ്പ് സഹകരിക്കുന്നുണ്ട്. തുടക്കത്തിൽ ഒരു വർഷം രാജ്യത്ത് നിന്ന് 2,000 കോടി രൂപയുടെ ജൈവ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനും അടുത്ത വർഷം ഇത് 4000 കോടി രൂപ വരെയായി വർധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോയിഡയിൽ കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള ഒരു ലോജിസ്റ്റിക് ഹബ് സ്ഥാപിക്കാൻ കമ്പനി 500 കോടി രൂപ നിക്ഷേപിക്കുന്നുണ്ട്. അടുത്ത രണ്ട്-മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പ്രവർത്തികമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനായി ചെറിയ ഗ്രാമങ്ങളിലെ കർഷകരുമായും അവരുടെ സഹകരണ സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കാന്‍ നോക്കുകയാണെന്നും ലുലു എംഡി കൂട്ടിച്ചേർത്തു.
കശ്മീരില്‍ ലുലു ഗ്രൂപ്പ് നിർമ്മിക്കുന്നു ഒരു ഫുഡ് പ്ലാൻ്റും "ഏതാണ്ട് പൂർത്തിയായി", 2-3 മാസത്തിനുള്ളിൽ ഇത് ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയുടെ ശീതകാല തലസ്ഥാനമായ നാഗ്പൂരിൽ ഒരു ഷോപ്പിംഗ് മാൾ സ്ഥാപിക്കുന്നതിനും ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ കേരളത്തിന് പുറത്ത് കോയമ്പത്തൂർ, ലഖ്നൌ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവില്‍ ലുലുവിന് മാളുകളുള്ളത്.












Click it and Unblock the Notifications