മലയാളികള്‍ക്ക് സന്തോഷിക്കാം,യുഎഇയില്‍ മാത്രമല്ല ഈജിപ്തിലും ലുലു സജീവമാകും; തൊഴില്‍ അവസരങ്ങള്‍ വരുന്നു
അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഓഹരി വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ ഓഹരികളും സബ്സ്ക്രൈബ് ചെയ്യപ്പെടുകയായിരുന്നു. കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് ലുലു വില്‍ക്കുന്നത്. ഇതിലൂടെ 11889 കോടി രൂപയോളം സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഈ തുക ഉപയോഗിച്ച് തങ്ങളുടെ പ്രവർത്തനം കമ്പനി കൂടുതല്‍ ശക്തമാക്കിയേക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതിന് ഇടയില്‍ തന്നെയാണ് പുതിയൊരു കരാറില്‍ ലുലു ഗ്രൂപ്പ് ഏർപ്പെട്ടിരിക്കുന്നുവെന്ന വാർത്തയും പുറത്ത് വരുന്നത്.
യു എ ഇയിലും ഈജിപ്തിലും ഹൈപ്പർമാർക്കറ്റുകളും മറ്റ് റീട്ടെയിൽ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി ലുലു റീട്ടെയിലുമായി മോഡൺ ഹോൾഡിംഗുമായി കരാറിലേർപ്പെട്ടിരിക്കുന്നുവെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപ, ഹോള്‍ഡിംഗ് കമ്പനിയാണ് മോഡേണ്‍ ഹോള്‍ഡിങ്.

കരാർ നിലവില്‍ വന്നതോടെ മൊഡോണുമായി ചേർന്ന് യു എ ഇ, ഈജിപ്ത് രാജ്യങ്ങളിലായി തങ്ങളുടെ പ്രവർത്തനം ലുലു ഗ്രൂപ്പ് കൂടുതല്‍ ശക്തമാക്കും. അതോടൊപ്പം തന്നെ രണ്ട് കമ്പനികളും സംയുക്തമായി റീട്ടെയിൽ വ്യാപാര വികസനത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പുതിയ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കരാർ നടപ്പിലാക്കുന്നതിനായി മോഡൺ ഹോൾഡിംഗും ലുലു റീട്ടെയിൽ പ്രതിനിധികളുമടങ്ങുന്ന ഒരു വർക്കിംഗ് കമ്മിറ്റി രൂപീകരിക്കും.
ലുലു ഗ്രൂപ്പുമായുള്ള തങ്ങളുടെ സഹകരണം യു എ ഇയിലേയും ഈജിപ്തിലേയും ജനങ്ങള്‍ക്ക് മികച്ച റീട്ടെയിൽ ഷോപ്പിങ് അനുഭവം ഉറപ്പ് വരുത്തുമെന്ന് മൊഡോൺ ഹോൾഡിംഗ് ചെയർമാൻ ജാസെം മുഹമ്മദ് ബു അതാബ അൽ സാബി വ്യക്തമാക്കി. മൊഡോൺ ഹോൾഡിംഗുമായുള്ള സഹകരണത്തിലൂടെ തങ്ങളുടെ കാല്‍പ്പാടുകള്‍ വിപുലീകരിക്കപ്പെടുകയാണെന്നായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ യൂസഫലിയുടെ പ്രതികരണം.
" മോഡൺ ഹോൾഡിംഗുമായി സഹകരിക്കുന്നതിലൂടെ ഞങ്ങളുടെ കാൽപ്പാടുകൾ വിപുലീകരിക്കപ്പെടുകയാണ്. യു എ ഇയിലെയും ഈജിപ്തിലെയും ജനങ്ങളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഗുണനിലവാരവും പുതുമയും സമന്വയിപ്പിക്കുന്ന സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവങ്ങൾ നൽകാൻ ഈ ധാരണാപത്രം ഞങ്ങളെ അനുവദിക്കുന്നു" എം എ യൂസഫലി വ്യക്തമാക്കി. ഈജ്പിതിലും യു എ ഇയിലും ലുലു കൂടുതല്‍ മാളുകള്‍ തുറക്കുന്നത് കൂടുതല്‍ തൊഴിലവസരങ്ങല്‍, പ്രത്യേകിച്ച് മലയാളികള്‍ക്ക് മുന്നില്‍ തുറക്കുന്നത്.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ന് മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയാണ്. 25 രാഷ്ട്രങ്ങളിലായി 116 ഹൈപ്പർമാർക്കറ്റുകൾ, 102 എക്സ്പ്രസ് സ്റ്റോറുകൾ, 22 മിനി മാർക്കറ്റുകൾ എന്നിവ ഉൾപ്പെടെ 250 തോളം സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ ബെംഗളൂരു, ഹൈദരാബാദ്, ലഖ്നൌ, കോയമ്പത്തൂർ എന്നിവിടങ്ങളില്‍ ലുലുവിന്റ സാന്നിധ്യമുണ്ട്. ചെന്നൈ, അഹമ്മദാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലെ മാളിന്റെ പ്രാരംഭ പ്രവർത്തനങ്ങള്‍ ലുലു ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications