കുവൈത്തിനായി ലുലുവിന്റെ പുതിയ ഡീല്‍: ഇറക്കുമതി ഉസ്ബൈക്കിസ്ഥാനില്‍ നിന്നും
1970 കളുടെ തുടക്കത്തില്‍ യു എ ഇയില്‍ എത്തിയ എംഎ യൂസഫലി അബുദാബി കേന്ദ്രീകരിച്ചാണ് ലുലു എന്ന ആദ്യ ബിസിനസ് സംരഭം ആരംഭിക്കുന്നത്. ഒരു ചെറിയ വ്യാപാര കേന്ദ്രമായി ആരംഭിച്ച ലുലു ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ കമ്പനികളിലൊന്നായി വളർന്ന് കഴിഞ്ഞു. 25 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനി ഇപ്പോള്‍ ഇന്ത്യയില്‍ അടക്കം തങ്ങളുടെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കുകയാണ്.
ഇന്ത്യയില്‍ മാത്രമല്ല ഗള്‍ഫ് മേഖലയിലും പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളുമൊക്കെ ലുലു തുടർച്ചയായി തുറന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി ഖത്തറിലാണ് ലുലു തങ്ങളുടെ പുതിയ ഔട്ട്ലെറ്റ് തുറന്നത്. ഖത്തറിലെ തന്നെ ലുലുവിന്റെ 23-ാമത്തെ ഔട്ട്ലെറ്റായിരുന്നു ഇത്. ഇപ്പോഴിതാ കുവൈത്ത് കേന്ദ്രീകരിച്ചും ലുലുവുമായി ബന്ധപ്പെട്ട് പുതിയ വാർത്ത വരികയാണ്.

ലുലു ഗ്രൂപ്പ് ഉസ്ബെക്കിസ്ഥാനിൽ നിന്ന് കുവൈത്തിലേക്ക് പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യാന്‍ പോകുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉസ്‌ബെക്കിസ്ഥാൻ്റെ എംബസിയിലെ ഉദ്യോഗസ്ഥർ ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ കുവൈറ്റ് ഓഫീസിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു.
വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉസ്ബെക്കിസ്ഥാനിൽ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ അളവ് വർദ്ധിപ്പിക്കുന്നതിലാണ് പ്രധാനമായും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതി ഉടന്‍ ലഭിച്ചേക്കാമെന്നും ചർച്ചകള്‍ വളരെ പോസിറ്റീവ് ആയിരുന്നെന്നുമാണ് കൂടിക്കാഴ്ചക്ക് പിന്നാലെ ഇരുപക്ഷവും വ്യക്തമാക്കിയത്.
ഉസ്ബെക്കിസ്ഥാന്‍ സർക്കാർ കയറ്റുമതിക്കാർക്കായി ഉറപ്പ് വരുത്തുന്ന ഇളവുകളും ആനുകൂല്യങ്ങളും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് കുവൈത്തിലേക്ക് പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യാനാണ് ലുലു ഗ്രൂപ്പ് അധികൃതർ പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചത്. ഇറക്കുമതിയ ചെയ്യുന്ന വസ്തുക്കള്‍ കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിൻ്റെ 16 ഔട്ട്ലെറ്റുകള്‍ വഴിയായിരിക്കും വിറ്റഴിക്കുകയെന്ന് ലുലു ഗ്രൂപ്പ് അധികൃതരും വ്യക്തമാക്കി.
കുവൈറ്റിലേക്ക് ഉസ്‌ബെക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള ലോജിസ്റ്റിക്‌സ്, ഗതാഗത മാർഗങ്ങൾ എന്നിവയും ഇരു കക്ഷികളും ചർച്ച ചെയ്തു. ഉസ്‌ബെക്കിസ്ഥാൻ്റെ എംബസിയുടെ പിന്തുണയോടെ ജസീറ എയർവേയ്‌സ് വഴി 3 ടൺ ഫ്രഷ് ഫ്രൂട്ട്‌സ് ഉടൻ കുവൈത്തിലേക്ക് എത്തിക്കുമെന്നാണ് വിവരം.
അതോടൊപ്പം തന്നെ, "ഉസ്ബെക്കിസ്ഥാൻ-കുവൈത്ത്" ബിസിനസ് ഫോറങ്ങൾ ഒക്ടോബർ 16 മുതൽ 21 വരെ താഷ്കൻ്റ്, ഫെർഗാന, സിർദാര്യ എന്നിവിടങ്ങളിൽ നടക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികളിൽ പങ്കെടുക്കാൻ കുവൈറ്റ് സർക്കാർ ബിസിനസ്സുകാരെ ക്ഷണിക്കുകയും ചെയ്തു.












Click it and Unblock the Notifications