ലുലു ഗ്രൂപ്പ് ഓഹരിക്ക് ഇതെന്ത് പറ്റി: തുടക്കം നഷ്ടത്തിലൂടെ, പക്ഷെ ഇനി സംഭവിക്കാന്‍ പോകുന്നത്, വിദഗ്ധർ പറയുന്നു
ദുബായ്: ലുലു ഗ്രൂപ്പിന്റെ ഓഹരി വിപണിയിലേക്കുള്ള കടന്നുവരവ് യുഎ ഇ ഓഹരി വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തെ ഈ വർഷത്തെ ഏറ്റവും വലിയ ഐ പി ഒ എന്ന റെക്കോർഡ് സ്വന്തമാക്കിയ ലുലു തങ്ങളുടെ റീറ്റെയില്‍ ഐ പി ഒ കഴിഞ്ഞ ദിവസം അബുദാബി സ്റ്റോക്ക് എക്സേഞ്ചില്‍ (എ ഡി എക്സ്) ലിസ്റ്റ് ചെയ്തു. ഐ പി ഒയില്‍ വലിയ നേട്ടം സ്വന്തമാക്കിയ ലുലുവിന്റെ ഓഹരിക്ക് തുടക്ക ദിവസത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തുന്നത്.
ഓഹരിക്ക് നേരത്തെ നിശ്ചയിച്ചിരുന്ന പ്രൈസ്‍ ബാന്‍ഡായിരുന്ന 2.04 ദിർഹത്തിലാണ് ലിസ്റ്റിങ് ആരംഭിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി തുടക്കത്തില്‍ തന്നെ ഓഹരി വില നേരിയ തോതില്‍ താഴേക്ക് പോയി. 1.47 ശതമാനത്തിന്റെ ഇടിവോടെ 2.01 ദിർഹത്തിലേക്കായിരുന്നു ലുലു ഓഹരി വീണത്. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ വില 46.43 രൂപയിലേക്ക് എത്തി.

തുടക്കത്തില്‍ നഷ്ടം നേരിട്ടെങ്കിലും ലിസ്റ്റ് ആരംഭിച്ച 2.04 ദിർഹത്തിലേക്ക് വില തിരിച്ചെത്തി. ഇതോടെ ആദ്യദിനം വലിയ നഷ്ടമോ ലാഭമോ ഉണ്ടാക്കാന്‍ ലുലുവിന്റെ ഓഹരികള്‍ക്ക് സാധിച്ചില്ല. ആദ്യ ദിനം പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും തുടർ ദിവസങ്ങളില്‍ ഇതായിരിക്കില്ല സാഹചര്യമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. നിക്ഷേപകരില്‍ നിന്നും താല്‍പര്യം ഉയരുമെന്നും ഇത് ലുലു ഓഹരികളുടെ വില ഉയർത്തുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ലിസ്റ്റിങ് ആരംഭിച്ച് ആദ്യ 20 മിനുറ്റിനുളളില്‍ തന്നെ 4 കോടി ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. ലുലു ഗ്രൂപ്പിന്റെ 30 ശതമാനം ഓഹരികളാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. തുടക്കത്തില്‍ 25 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു തീരുമാനമെങ്കിലും കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഉള്‍പ്പെടെ വലിയ നിക്ഷേപമായി എത്തിയതോടെ 5 ശതമാനം ഓഹരികള്‍ കൂടി വില്‍പ്പനയ്ക്ക് എത്തിക്കുകയായിരുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, വ്യാഴാഴ്ച രാവിലെ യു എ ഇ നിക്ഷേപകകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽ സുവെയ്ദിക്കൊപ്പം മണിമുഴക്കിക്കൊണ്ട് യൂസഫലിയാണ് ലുലുവിന്റെ ഓഹരി വ്യാപാരത്തിന് തുടക്കം കുറിച്ചത്. ഏതെങ്കിലും ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജി സി സിയിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയെന്ന റെക്കോർഡും ലുലു ഗ്രൂപ്പ് സ്വന്തമാമാക്കി.
നിക്ഷേപകർക്ക് മികച്ച രീതിയിലുള്ള ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യൂസഫലി പറഞ്ഞു. കമ്പനിയുടെ റീട്ടെയില്‍ യാത്രയിലെ ചരിത്രമുഹുർത്തമാണ് എ ഡി എക്സിലെ ലിസ്റ്റിങ്. നിക്ഷേപകർ ലുലുവില്‍ അർപ്പിച്ച വിശ്വാസമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം യു എ ഇയുടേയും ജി സി സിയുടേയും വികസനത്തിന് ലുലു നല്‍കിയ പങ്കാളിത്ത മാതൃകാപരമാണെന്നായിരുന്നു മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽ സുവെയ്ദിയുടെ പ്രതികരണം.












Click it and Unblock the Notifications