ചെന്നൈ അടക്കി ഭരിക്കാന്‍ ലുലു ഗ്രൂപ്പ്: ഒന്നും രണ്ടുമല്ല, വരുന്നത് 3 മാളുകള്‍: അതും മെട്രോ സ്റ്റേഷനില്‍
ചെന്നൈ നിവാസികള്‍ക്കും ഷോപ്പിങ്ങിന്റെ പുത്തന്‍ സാധ്യതകളും അവസരങ്ങളും ഒരുക്കാനായി ലുലു ഗ്രൂപ്പിന്റെ മൂന്ന് മാളുകള്‍ നഗരത്തില്‍ ഉടന്‍ പ്രവർത്തനം ആരംഭിക്കും. മൂന്ന് മാളുകളും മെട്രോ സ്റ്റേഷനുകളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അതായത് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ മെട്രോ യാത്രക്കാർക്ക് മെട്രോ ട്രെയിനിൽ കയറുന്നതിന് മുമ്പ് പലചരക്ക് സാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ വാങ്ങി നേരെ വീട്ടിലേക്ക് മടങ്ങാം.
ചെന്നൈ സെൻട്രൽ, ഷേണായി നഗർ, വിംകോ നഗർ എന്നീ സ്റ്റേഷനുകളിലാണ് ലുലു ഹൈപ്പർമാർക്കറ്റ് തുറക്കുക. മെട്രോ സ്റ്റേഷനുകളിൽ ഹൈപ്പർമാർക്കറ്റിൻ്റെ സിറ്റി ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നതോടെ മെട്രോ സ്റ്റേഷനുകളിലെ തിരക്ക് വർധിക്കുമെന്ന് സി എം ആർ എൽ അധികൃതരും വ്യക്തമാക്കി. ഷേണായി നഗറിൽ തിരു.വി.കാ പാർക്കിന് താഴെ ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഹൈപ്പർമാർക്കറ്റ് ആരംഭിക്കാന്‍ പോകുന്നത്.

സെൻട്രലിൽ, കോൺകോർസ് തലത്തിൽ 28,000 ചതുരശ്ര അടി സ്ഥലത്തും വിംകോ നഗറിൽ, മെട്രോറെയിലിൻ്റെ മെയിൻ്റനൻസ് ഡിപ്പോയ്ക്ക് മുകളിലായി 40000 ചതുരശ്ര അടി സ്ഥലത്തുമായിരിക്കും ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കുക.
ചെന്നൈ സെൻട്രൽ, ഷേണായി നഗർ മെട്രോ സ്‌റ്റേഷനുകളിൽ മാർച്ച്/ഏപ്രിലോടെയായിരിക്കും ഹൈപ്പർമാർക്കറ്റുകൾ തുറക്കുക. അതിന് ശേഷം ഏകദേശം മൂന്ന് മാസം കഴിഞ്ഞ് വിംകോ നഗറിലും മാള്‍ തുറക്കും സി എം ആർ എലുമായി കരാർ എടുത്തിട്ടുള്ള ഗ്രേസ് സർവീസസിലെ ജി ചാൾസ് വസന്തകുമാറിന്റെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
"ബൈക്ക്, കാർ പാർക്കിംഗ്, മെട്രോ ട്രെയിൻ സർവീസുകൾ തുടങ്ങി ആളുകൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാനുള്ള സൗകര്യമുള്ളതിനാലാണ് ഞങ്ങൾ ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കാൻ മെട്രോ സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്. മാളുകളുടെ പ്രവർത്തനം ആരംഭിച്ചാല്‍ യാത്രക്കാർക്ക് അവരുടെ ഷോപ്പിംഗ് കാർട്ടുകൾ പ്ലാറ്റ്ഫോം ലെവലിലേക്ക് കൊണ്ടുപോകണമെങ്കിൽ, ഞങ്ങൾ അതിനുള്ള സൌകര്യവും ഏർപ്പെടുത്തു.അതിനുള്ള അനുമതിക്കായി ഞങ്ങള്‍ സി എം എല്‍ ആറിന് അപേക്ഷം നല്‍കും" അദ്ദേഹം കൂട്ടിച്ചേർത്തു.
2015 ജൂണിൽ പ്രവർത്തനം ആരംഭിച്ച ചെന്നൈ മെട്രോ ട്രെയിൻ സർവീസ് അടുത്തിടെ ആദ്യമായി പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരുന്നു. എന്നാൽ യഥാർത്ഥത്തില്‍ കണക്കാക്കിയ ശേഷിയുടെ 39 ശതമാനം മാത്രമാണ് ഇപ്പോഴും എത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ലുലു ഹൈപ്പർമാർക്കറ്റുകൾ തുറക്കുന്നതോടെ കൂടുതൽ ആളുകൾ ഷോപ്പിംഗിനായി മെട്രോ ട്രെയിനുകൾ ഉപയോഗിക്കുമെന്ന് സി എം ആർ എൽ പ്രതീക്ഷിക്കുന്നു.
നിലവില്‍ തമിഴ്നാട്ടില്‍ കോയമ്പത്തൂരിലാണ് ലുലുവിന് ഹൈപ്പർ മാർക്കറ്റുള്ളത്. ഇന്ത്യക്കും ജി സി സി രാജ്യങ്ങൾക്കും പുറമെ ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയിൽ കമ്പനികൾ എന്നിവയുമായി അതിവേഗം വളരുന്ന കമ്പനിയാണ് ഇന്ന് ലുലു മാള്‍. നിലവിൽ, കമ്പനിക്ക് 22 രാജ്യങ്ങളിലായി 250-ലധികം ഹൈപ്പർമാർക്കറ്റുകളും 25-ലധികം ഷോപ്പിംഗ് മാളുകളും ഉണ്ട്.
ഇന്ത്യയിൽ പാലക്കാട്, കൊച്ചി, തിരുവനന്തപുരം, തൃപ്രയാർ, ബംഗളൂരു, കോഴിക്കോട് ലഖ്‌നൗ, ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ കമ്പനിക്ക് മാളുകളുണ്ട്. അതിന് പുറമെ കോട്ടയം, അഹമ്മദബാദ് തുടങ്ങിയ സ്ഥലങ്ങളിലും ലുലു ഗ്രൂപ്പിന്റെ മാളുകള്‍ ഉടന്‍ പ്രവർത്തനം ആരംഭിക്കും.












Click it and Unblock the Notifications