ലുലു ഗ്രൂപ്പിന് വേണം 15000 കോടി: 25% ഓഹരി വില്‍ക്കുന്നു, അപ്പോഴും ജീവനക്കാരെ മറന്നില്ല, നേട്ടം
ലുലു ഗ്രൂപ്പിന്റെ ആദ്യ ഓഹരി വില്‍പ്പന (ഐ പി ഒ) ആരംഭിക്കുന്നതായുള്ള വാർത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരിക്കുകയാണ്.അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ലുലു ഗ്രൂപ്പ് ഓഹരികളുടെ ലിസ്റ്റിങ് നടക്കുന്നത്. ലുലു ഗ്രൂപ്പിന്റെ ഈ ഐ പി ഒയ്ക്ക് ഒക്ടോബർ 28 ന് തുടക്കമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകള്‍ ശരിവെക്കുന്ന തരത്തില്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ 25 ശതമാനം ഓഹരികളാണ് ഐ പി ഒയിലൂടെ വിറ്റഴിക്കുന്നത്. ഓഹരി വില്‍പ്പന ഏത് തരത്തിലായിരിക്കണം എന്നതില്‍ കമ്പനിക്ക് കൃത്യമായ പ്ലാനിങ്ങുണ്ട്. ചെറുകിട നിക്ഷേപകർക്കായിട്ടാണ് പത്ത് ശതമാനവും നീക്കിവെച്ചിരിക്കുന്നത്.

യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കായി (ക്യു ഐ ബി) നീക്കിവെച്ചിരിക്കുന്നത് 89 ശതമാനം ഓഹരികളാണ്. ഐ പി ഒയുമായി വരുമ്പോള്‍ തങ്ങളുടെ ജീവനക്കാരെ കമ്പനി മറന്നില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഒരു ശതമാനം ഓഹരികള്‍ ജീവനക്കാർക്ക് മാത്രമായി മാറ്റിവെച്ചിട്ടുണ്ട്. യോഗ്യരായ ജീവനക്കാർക്ക് മിനിമം 2000 ഓഹരികള്‍ ഉറപ്പ് വരുത്താനാണ് തീരുമാനം.
റീറ്റെയ്ൽ നിക്ഷേപകർക്കും ക്യു ഐ ബിക്കും മിനിമം 1000 ഓഹരികൾക്കായിരിക്കും അപേക്ഷിക്കാന്‍ സാധിക്കുക. ഓഹരി വില എത്രയായിരിക്കും എന്നതാണ് ഇപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ നോക്കിക്കാണുന്ന പ്രധാന ഘടകം. ഇത് സംബന്ധിച്ച ചില സൂചനകളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ചെറുകിട നിക്ഷേപകരാണെങ്കില്‍ മിനിമം സബ്സ്ക്രിപ്ഷൻ തുക 5000 ദിർഹമായിരിക്കുമെന്നാണ് ചില റിപ്പോർട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ രൂപയില്‍ ഇത് 1.14 ലക്ഷം രൂപയോളം വരും.
മിനിമം സബ്സ്ക്രിപ്ഷൻ തുക നല്‍കി കഴിഞ്ഞാല്‍ 1000 ദിർഹത്തിന്റെ ഗുണിതങ്ങളുടെ അടിസ്ഥാനത്തില്‍ അധിക ഓഹരികള്‍ക്കായും അപേക്ഷിക്കാന്‍ സാധിക്കും. അതേസമയം ക്യു ഐ ബികള്‍ മിനിമം സബ്സ്ക്രിപ്ഷനായി നല്‍കേണ്ടത് 50 ലക്ഷം യു എ ഇ ദിർഹമായിരിക്കും. അതായത് 11.44 കോടി ഇന്ത്യന്‍ രൂപ.
ഒക്ടോബർ 5 വരെ നീണ്ടുനില്‍ക്കുന്ന ഐ പി ഒയിലൂടെ 14280 കോടി രൂപ മുതൽ 15120 കോടി രൂപവരെ, അതായത് 170 കോടി ഡോളർ മുതൽ 180 കോടി ഡോളർ വരെ സമാഹരിക്കുകയെന്നതാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഐ പി ഒയ്ക്ക് ഇറങ്ങുമ്പോള്‍ കമ്പനിയുടെ മൂല്യമായി വിലയിരുത്തുക ഏദേശം 54,600 കോടി രൂപ മുതൽ 58,800 കോടി രൂപവരെയാകുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
ഇതിനോടകം 25 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്നത് ബിസിനസ് പുതിയ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. യഥാർത്ഥത്തില്‍ ഒരേ സമയം ഇരട്ട ലിസ്റ്റിങ്ങായിരുന്നു ലുലു ഗ്രൂപ്പ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിനോടൊപ്പം തന്നെ, സൗദി അറേബ്യൻ ഓഹരി വിപണിയായ തദാവൂളിലുമായി കമ്പനിയെ ലിസ്റ്റ് ചെയ്യാനായിരുന്നു നീക്കം.
എന്നാല്‍ ചില സാങ്കേതികമായ തടസ്സങ്ങള്‍ കാരണം ഇരട്ട ലിസ്റ്റിങ് എന്ന നീക്കത്തില്‍ നിന്നും ലുലു ഗ്രൂപ്പ് പിന്മാറുകയായിരുന്നു. രണ്ട് റെഗുലേറ്റർമാരുമായി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേരിട്ട ചില തടസ്സങ്ങള്‍ കാരണമാണ് ലുലു ഗ്രൂപ്പ് ഇരട്ട ലിസ്റ്റിങില്‍ നിന്നും പിന്മാറിയതെന്നാണ് ഇടപാടുമായി ബന്ധപ്പെട്ട ബാങ്കർമാരെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമായ സോയ റിപ്പോർട്ട് ചെയ്തത്. താല്‍ക്കാലം പിന്മാറിയെങ്കിലും തദാവൂൾ ലിസ്‌റ്റിംഗ് ലുലു ഗ്രൂപ്പ് ഒഴിവാക്കിയിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications