Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിനെ അങ്ങനെ വിടാനാകുമോ? ഇറക്കുന്നത് കോടികളല്ലേ.. തീരുമാനത്തില്‍ ഉറച്ച് ആന്ധ്ര സർക്കാർ

വിജയവാഡയില്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിക്കാനുള്ള സർക്കാർ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വിജയവാഡയിലെ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എപിഎസ്ആർടിസി) ഗവർണർപേട്ട്-2 ബസ് ഡിപ്പോയിലെ ഏകദേശം അഞ്ച് ഏക്കർ പ്രധാന ഭൂമി ലുലു ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തിനെതിരായിട്ടാണ് എതിർപ്പുകള്‍ ശക്തമായത്.

എന്നാല്‍ എതിർപ്പുകള്‍ ശക്തമാക്കാതെ ഇവിടെ തന്നെ ലുലു ഗ്രൂപ്പിന് ഷോപ്പിംഗ് മാളും ഹൈപ്പർമാർക്കറ്റും നിർമിക്കാൻ ജൂലൈ 17-ന് സ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് (എസ്ഐപിബി) പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു. ലുലു ഗ്രൂപ്പിന്റെ ആന്ധ്രപ്രദേശിലെ വൻ നിക്ഷേപ പദ്ധതിയുടെ ഭാഗമാണ് വിജയവാഡയിലെ സംരംഭവും നടപ്പിലാക്കുന്നത്. തിരുപ്പതിയിലും വിശാഖപട്ടണത്തും സമാനമായ പദ്ധതികൾ ഉൾപ്പെടെ, സംസ്ഥാനത്ത് 1,222 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് ആകെ ആസൂത്രണം ചെയ്യുന്നത്.

lulu-project-

വിജയാഡയിലെ ഏകദേശം 400 കോടി രൂപ വിലമതിക്കുന്ന എപിഎസ്ആർടിസി ഭൂമി ലുലു ഗ്രൂപ്പിന് നൽകാനുള്ള തീരുമാനമാണ് വിജയവാഡയിലെ പദ്ധതി പ്രതിപക്ഷ പാർട്ടികളുടെയും എപിഎസ്ആർടിസി ജീവനക്കാരുടെയും പ്രാദേശിക പ്രവർത്തകരുടെയും എതിർപ്പിന് ഇടയാക്കിയിരിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ ലുലു ഗ്രൂപ്പിന്റെ പദ്ധതികളെ സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അത് സംസ്ഥാനത്തിന് ആവശ്യമാണെന്നും വ്യക്തമാക്കുന്നു.

1990-ൽ പണ്ഡിറ്റ് നെഹ്റു ബസ് സ്റ്റേഷനിലേക്ക് ബസ് സർവീസുകൾ മാറ്റുന്നതിന് മുമ്പ് എപിഎസ്ആർടിസി ബസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ഈ ഭൂമി നഗരത്തിലെ ഏറ്റവും സുപ്രധാനമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. അതായത് വിജയവാഡയുടെ ഹൃദയഭാഗത്തായി റൈവ്സ് കനാലിന്റെ തീരത്ത്, പോലീസ് കൺട്രോൾ റൂമിന് സമീപമാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. എപിഎസ്ആർടിസി ഭൂമി നഷ്ടപ്പെടുത്തുന്നതും പ്രാദേശിക വ്യവസായങ്ങൾക്ക് പ്രതികൂലമായി ബാധിക്കുന്നതുമാണ് പ്രതിഷേധങ്ങളുടെ പ്രധാന കാരണം.

സിപിഎം സംസ്ഥാന നേതൃത്വം ഭൂമി കൈമാറ്റത്തെ "വൻ തട്ടിപ്പ്" എന്നും "സാമ്പത്തിക കോളനിവത്കരണം" എന്നുമാണ് വിശേഷിപ്പിച്ചത്. 400 കോടി രൂപയിലധികം വിലമതിക്കുന്ന ഭൂമി ഒരു ബഹുരാഷ്ട്ര കമ്പനിക്ക് നൽകുന്നത് പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെന്നും എപിഎസ്ആർടിസിയുടെ പൊതുഗതാഗത സേവനങ്ങളെ ദുർബലപ്പെടുത്തുമെന്നും സി പി എം നേതാക്കള്‍ ആരോപിച്ചു. ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് ഇത് പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

2019-ൽ വിശാഖപട്ടണത്തെ ലുലു പദ്ധതി റദ്ദാക്കിയ വൈഎസ്ആർസിപി, വിജയവാഡയിലെ ഭൂമി അനുവദിക്കലിനെയും എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. 700 കോടി രൂപയിലധികം വിലമതിക്കുന്ന 13.83 ഏക്കർ ഭൂമി വിശാഖപട്ടണത്ത് ഏക്കറിന് വെറും 4 ലക്ഷം രൂപയ്ക്ക് അനുവദിച്ചതിനേയും വൈ എസ് ആർ സി പി എം എൽ സി ബൊട്ട്ച സത്യനാരായണ ചോദ്യം ചെയ്യുന്നു.

ഈ വർഷം മെയ് മാസത്തില്‍ സത്യനാരായണ എന്നയാൾ വിശാഖപട്ടണത്തെ ലുലു ഭൂമി അനുവദിക്കലിനെ ചോദ്യം ചെയ്ത് ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) സമർപ്പിച്ചിരുന്നു. ഭൂമി അനുവദിക്കലിന്റെ സുതാര്യതയും നടപടിക്രമങ്ങളിലെ ക്രമക്കേടുകളും ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഹർജി. വിജയവാഡ ഭൂമി കൈമാറ്റത്തിനെതിരെ ഇതുവരെ പിഐഎൽ ഫയൽ ചെയ്തിട്ടില്ലെങ്കിലും പ്രതിഷേധം ശക്തമായതിനാല്‍ നിയമനടപടികളും ആരംഭിച്ചേക്കാമെന്ന സൂചനകളുമുണ്ട്.

വിമർശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ആന്ധ്രപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ (എപിഐഐസി) എപിഎസ്ആർടിസിയോട് ഭൂമി കൈമാറാൻ ഔപചാരികമായി ആവശ്യപ്പെട്ടുകഴിഞ്ഞു. ലുലു ഗ്രൂപ്പിന് ഈ ഭൂമി കൈമാറുന്നതോടെ ഡിപ്പോ ഏകദേശം 10 കിലോമീറ്റർ അകലെയുള്ള ഗൊല്ലപുടിയിലേക്ക് മാറ്റാനാണ് പദ്ധതി.

ലുലു ഗ്രൂപ്പിന് വേണ്ടി സർക്കാരും ശക്തമായി തന്നെ രംഗത്തുണ്ട്. "ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും എംഡിയുമായ യൂസഫ് അലി, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എന്നിവരെ ആന്ധ്രപ്രദേശിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. അമരാവതിയിൽ ഇന്ന് അവരുടെ പ്രതിനിധി സംഘവുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. വിശാഖപട്ടണത്ത് മാളും മൾട്ടിപ്ലെക്സും, വിജയവാഡയിലും തിരുപ്പതിയിലും ഹൈപ്പർമാർക്കറ്റുകളും മൾട്ടിപ്ലെക്സുകളും, സംസ്ഥാനത്തുടനീളം ഫുഡ് പ്രോസസിംഗ് മേഖലയിൽ നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. സർക്കാർ എല്ലാവിധ പിന്തുണയും അവർക്ക് നല്‍കും." എന്നായിരുന്നു നേരത്തെ യുസഫ് അലിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഫേസ്ബുക്കില്‍ കുറിച്ചത്.

1,222 കോടി രൂപയുടെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം വിജയവാഡയിൽ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് സർക്കാർ അവകാശപ്പെടുന്നു. വിശാഖപട്ടണത്തെ മാളും ഫുഡ് പ്രോസസിംഗ് പ്ലാന്റും ഉൾപ്പെടുന്ന വലിയ നിക്ഷേപം 5,000-8,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കൂടുതൽ വിദേശ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കുകയും ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+