കേരളത്തിന് ലുലുവിന്റെ അടുത്ത സർപ്രൈസ്, ഇരട്ട ടവറിന് പിന്നാലെ വീണ്ടും വമ്പൻ നിക്ഷേപം, 7500 പേർക്ക് തൊഴിൽ
കൊച്ചി: 1500 കോടിയിലേറെ മുതല്‍ മുടക്കി കൊച്ചിയില്‍ ലുലു ഗ്രൂപ്പ് പണി കഴിപ്പിച്ച ഇരട്ട ടവര്‍ ഇന്ന് ഉദ്ഘാടനം കഴിഞ്ഞ് തുറന്ന് കൊടുത്തിരിക്കുകയാണ്. സ്മാര്‍ട്ട് സിറ്റിയില്‍ ആഗോള നിലവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഐടി ട്വിന്‍ ടവര്‍ വലിയ തൊഴില്‍ സാധ്യതകള്‍ ആണ് സംസ്ഥാനത്ത് തുറന്നിടുന്നത്. കേരളത്തിന് ഇത് മാത്രമാണ് എംഎ യൂസഫലിയുടെ സമ്മാനമെന്ന് കരുതിയെങ്കില്‍ തെറ്റി.
ഇനിയും സംസ്ഥാനത്ത് വന്‍ നിക്ഷേപം നടത്താന്‍ തന്നെയാണ് ലുലു ഗ്രൂപ്പിന്റെ നീക്കം. ട്വിന്‍ ടവര്‍ ഉദ്ഘാടന വേദിയില്‍ വെച്ചാണ് പുതിയ പ്രൊജക്ടിനെ കുറിച്ചുളള പ്രഖ്യാപനം നടന്നിരിക്കുന്നത്. 500 കോടിയുടെ കൂടി നിക്ഷേപം നടത്താനാണ് ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം വേദിയില്‍ അറിയിച്ചത്. പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

ഇൻഫോപാർക്ക് ഫേസ്-2 ൽ 500 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നര ഏക്കറിൽ ഒമ്പതര ലക്ഷം സ്‌ക്വയർ ഫീറ്റ് വരുന്ന ഒരു ഐടി ടവറിന്റെ രൂപത്തിലായിരിക്കും ഈ നിക്ഷേപം നടത്തുകയെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതുവഴി 7500 പ്രൊഫഷണലുകൾക്കെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഇൻഫോപാർക്കിന്റെയും അതുവഴി കേരളത്തിന്റെ ഐടി മേഖലയുടെയും വളർച്ചയിൽ വലിയ മുതൽക്കൂട്ടായിരിക്കും പുതിയ ഐടി ടവർ. ഈ പുതിയ സംരംഭത്തിന് സംസ്ഥാന സർക്കാർ എല്ലാവിധ പിന്തുണയും നൽകും. സംസ്ഥാനത്ത് ഇനിയും അനേകം സംരംഭങ്ങളുയർന്നു വരാൻ ലുലു ഐടി ടവർ വഴി തെളിക്കട്ടെ എന്നും മുഖ്യമന്ത്രി ലുലുവിന്റെ പുതിയ നീക്കത്തെ കുറിച്ച് പ്രതികരിച്ചു.
ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഐടി സമുച്ചയം വഴി 30,000 ത്തിലേറെ പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. 'ഐടി- എഐ രംഗത്തെ വ്യവസായങ്ങൾക്കും ഗവേഷണങ്ങൾക്കും വേണ്ട ഏറ്റവും മികച്ച സൗകര്യങ്ങൾ ട്വിൻ ടവറുകളിലുണ്ട്. ഇതില്‍ 25 ലക്ഷം ചതുരശ്ര അടിയോളം ഐടി കമ്പനികള്‍ക്കായുള്ള ഓഫീസ് സ്പേസായിട്ടാണ് ഒരുക്കിയിട്ടുള്ളത്.
ഐടി രംഗത്ത് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അഭൂതപൂർവ്വമായ വളർച്ചയാണ് കേരളത്തിലുണ്ടായത്. നിലവില്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്. 2016 മുതല്‍ ഇതുവരെ 66,000 ത്തോളം തൊഴിലവസരങ്ങള്‍ ഇവിടങ്ങളില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2016 ല്‍ കേരളത്തിലെ ഐടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 702 ആയിരുന്നെങ്കില്‍ ഇന്നത് 1,156 ആയി വര്‍ദ്ധിച്ചു. കേരളത്തില്‍ നിന്നുള്ള ആകെ ഐടി കയറ്റുമതി 2016 ല്‍ 34,123 കോടി രൂപയായിരുന്നത്, ഇന്ന് 90,000 കോടി രൂപയായി വര്‍ദ്ധിച്ചു. 2016 ല്‍ 155.85 ലക്ഷം ചതുരശ്രയടി ബില്‍റ്റപ്പ് സ്പേയ്സ് ഉണ്ടായിരുന്നത് നിലവില്‍ 223 ലക്ഷം ചതുരശ്രയടി ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഇങ്ങനെ ഐടി രംഗത്തുണ്ടാവുന്ന വളർച്ചയ്ക്ക് കൂടുതൽ ഊർജ്ജമേകാൻ ലുലു ഐടി ട്വിന്‍ ടവറുകൾക്ക് സാധിക്കും', മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications