ലുലു ഗ്രൂപ്പ് പൊളിച്ചു; തേടിയെത്തിയത് അന്താരാഷ്ട്ര അംഗീകാരം: ഉപഭോക്താക്കള്‍ക്കും സന്തോഷിക്കാം
കുവൈത്ത് സിറ്റി: റീട്ടെയില്‍ രംഗത്ത് പുതിയ ഉയരങ്ങള്‍ താണ്ടിയ ലുലു ഗ്രൂപ്പിനെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ത്യയിലും ഉള്‍പ്പെടെ 250 ലേറെ ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവർത്തിക്കുന്നത്. തങ്ങളുടെ സ്ഥാപനത്തില്‍ എത്തുന്ന ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും ലുലു വെച്ച് പുലർത്താറുണ്ട്. ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കാണ് ലുലുവിനെ തേടി ഇപ്പോള്‍ അന്താരാഷ്ട്ര അംഗീകാരം എത്തിയിരിക്കുന്നത്.
പ്രമുഖ സൈബർ സുരക്ഷാ കംപ്ലയൻസ് ആൻഡ് സർട്ടിഫിക്കേഷൻ അതോറിറ്റിയായ ക്രോസ്ബോ ലാബ്സില്‍ നിന്നുള്ള പേയ്‌മെൻ്റ് കാർഡ് ഇൻഡസ്ട്രി ഡാറ്റ സെക്യൂരിറ്റി സ്റ്റാൻഡേർഡ് കംപ്ലയൻസ് സർട്ടിഫിക്കറ്റാണ് ലുലു ഹൈപ്പർമാർക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഈ രംഗത്തെ പ്രധാനപ്പെട്ട ഒരു നേട്ടമാണിത്. കഴിഞ്ഞ ദിവസം കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങില്‍ ലുലുവിന് സർട്ടിഫിക്കറ്റുകള്‍ കൈമാറി.

ലുലു ഹൈപ്പർമാർക്കറ്റിലെയും ക്രോസ്ബോ ലാബിലെയും ഉന്നത മാനേജ്മെൻ്റ് പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിലായിരുന്നു സർട്ടിഫിക്കറ്റ് വിതരണം. ഇത്തരം ഒരു അംഗീകാരം ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ വ്യക്തമാക്കിയതായി അറബ് മാധ്യമമായ സായ റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലുമുള്ള ഉപഭോക്താക്കളുടെ പേയ്‌മെൻ്റ് ഇടപാടുകളും വ്യക്തിഗത ഡാറ്റയും വളരെ മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടന്നു എന്നുള്ളതിന്റെ തെളിവാണ് ഇതെന്നും ലുലു അധികൃതർ കൂട്ടിച്ചേർത്തു.
അമേരിക്കൻ എക്‌സ്‌പ്രസ്, മാസ്റ്റർകാർഡ്, വിസ, ഡിസ്‌കവർ, ജെസിബി തുടങ്ങിയ പ്രമുഖ പേയ്‌മെൻ്റ് ബ്രാൻഡുകൾ രൂപീകരിച്ച ഏജന്‍സിയാണ് പിസിഐ സെക്യൂരിറ്റി സ്റ്റാൻഡേർഡ്സ്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള ആഗോള മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നുള്ളതാണ് ഏജന്‍സിയുടെ പ്രധാന ചുമതല.
ചില്ലറ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സുരക്ഷിതമായ ബിസിനസ്സ് അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട് സുരക്ഷാ വീഴ്ചകള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും പിസിഐ സെക്യൂരിറ്റി സ്റ്റാൻഡേർഡ്സ് വിശദമായ ഒരു ചട്ടക്കൂട് തയ്യാറാക്കുന്നു. പുതിയ അംഗീകാരം ഉപഭോക്താക്കൾക്ക് ലുലു ഹൈപ്പർമാർക്കറ്റുമായുള്ള ഇടപാട് കൂടുതല്‍ സുരക്ഷിതമാണെന്ന ആത്മവിശ്വാസം നല്‍കുന്നു. ടോപ്പ്-ടയർ സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതിലൂടെ, സുരക്ഷിതമായ ഷോപ്പിംഗ് അനുഭവം ഉറപ്പ് വരുത്തുന്നുവെന്നും കമ്പനി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഗള്‍ഫ് മേഖലയിലെ റീടെയില്‍ സാന്നിധ്യം വിപുലീകരിക്കുന്ന ലുലു പുതിയ നിരവധി ഹൈപ്പർ മാർക്കറ്റുകളാണ് അടുത്തിടെയായി തുറന്നത്. യാസ് ഐലൻഡിലെ യാസ് യാസ് ഏക്കേഴ്സിലാണ് അബുദാബിയിലെ എറ്റവും പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അൽ ഷഹാമ മുനിസിപ്പൽ സബ് സെൻ്റർ ഡയറക്ടർ ഹുമൈദ് റാഷിദ് അൽ ദാരെ സ്റ്റോർ ഉദ്ഘാടനം ചെയ്തു. അബുദാബിയിലെ 41ാമത്തേതും യുഎഇയിലെ 107ആമത്തെ സ്റ്റോറുമാണ് യാസ് ഐലൻഡിലേത്.












Click it and Unblock the Notifications