ലുലു ഒന്നും വെറുതെ തുടങ്ങില്ല: കൊച്ചിയില്‍ കമ്പനികള്‍ ക്യൂ നില്‍ക്കുന്നു; എംഎ യൂസഫലി തന്നെ നേരിട്ട് ഇറങ്ങി
രാജ്യത്തെ തന്നെ പ്രധാന ഐടി നഗരമായി കൊച്ചിയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള പദ്ധതികളാണ് സർക്കാറും സ്വകാര്യ കമ്പനികളും ചേർന്ന് നടപ്പിലാക്കുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പായി മാറിയിരിക്കുന്നത് സ്മാർട്ട് സിറ്റിയിലെ ലുലു ഗ്രൂപ്പിന്റെ ഐടി ട്വിന്‍ ടവറിന്റെ ഉദ്ഘാടനമാണ്. ഐ ബി എം ഉള്‍പ്പെടേയുള്ള നിരവധി ലോകോത്തര കമ്പനികളാണ് നിലവില്‍ കൊച്ചിയിലെ ലുലു ഗ്രൂപ്പിന്റെ സംരഭവുമായി സഹകരിക്കുന്നത്.
കൊച്ചി വേൾഡ് ട്രേഡ് സെന്റർ നടത്തിപ്പുകാരായ ബ്രിഗേഡ് ഗ്രൂപ്പിന്റെ 16 നിലകളുള്ള മൂന്നാമത്തെ ഡബ്ല്യു ടി സി ടവർ നിലവിൽ കൊച്ചി ഇൻഫൊപാർക്കിൽ നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ കൊച്ചി എങ്ങനെ രാജ്യത്തെ പ്രധാന ഐടി നഗരമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കൊച്ചി നെക്സ്റ്റ് എന്ന പേജില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മെട്രോനഗരത്തിന്റെ സിഗ്നേച്ചർ ട്രേഡ് മാർക്കായി മാറിയ സ്മാർട്ട് സിറ്റിയിലെ ലുലു ഐടി ട്വിന്‍ ടവർ പ്രവർത്തനം തുടങ്ങി കേവലം 2 ആഴ്ച്ചകൾ പിന്നിടുമ്പോൾ ഇന്ത്യയിലേയും ലോകത്തേയും മുൻനിര ഐടി കമ്പനികൾ ഇവിടെ ഒരു ഇടത്തിനായി ക്യൂവിൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. 2 നിലകൾ പൂർണമായും ഏറ്റെടുത്ത ഐ ബി എം ഇന്നലെ അവരുടെ സീനിയർ വൈസ് പ്രസിഡന്റ് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിക്കൊപ്പം ടവർ സന്ദർശിച്ച് വിപുലീകരണ പദ്ധതികൾ വിലയിരുത്തി.
വരും മാസങ്ങളിൽ കൂടുതൽ പ്രമുഖ ടെക്ക് കമ്പനികൾ ഇവിടെ പ്രവർത്തനം തുടങ്ങും. ലുലു ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ഇവിടെ എം എ യൂസഫലി നേരിട്ടാണ് ഐ ടി കമ്പനികൾക്കായി രംഗത്തിറങ്ങിയിരിക്കുന്നത്. 246 ഏക്കർ വരുന്ന കൊച്ചി സ്മാർട്ട് സിറ്റിയിൽ 130 ഏക്കറോളം ഭൂമി ഇപ്പോഴും വെറുതേ കിടക്കുകയാണ്. ലുലു ഗ്രൂപ്പിന്റെ കൂടുതൽ ഐടി പ്രോജക്ടുകൾ ഇവിടെ പ്ലാനിലുണ്ട്.
കൊച്ചി വേൾഡ് ട്രേഡ് സെന്റർ നടത്തിപ്പുകാരായ ബ്രിഗേഡ് ഗ്രൂപ്പിന്റെ 16 നിലകളുള്ള മൂന്നാമത്തെ ഡബ്ല്യു ടി സി ടവർ നിലവിൽ കൊച്ചി ഇൻഫൊപാർക്കിൽ നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. സ്മാർട്ട് സിറ്റിയിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഉപയോഗപെടുത്തി കൂടുതൽ ഐടി ടവറുകളോടു കൂടിയുള്ള വേള്‍ഡ് ട്രേഡ് സെന്റർ വിപുലീകരണം കൊച്ചിയിൽ തന്നെ നടപ്പാക്കാൻ ബ്രിഗേഡ് ഗ്രൂപ്പ് മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുകയാണ്.
ബ്രിഗേഡ് ഗ്രൂപ്പ് ന്റെ വൻകിട റസിഡൻഷ്യൽ പ്രോജക്‌ട് കൊച്ചിയിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്മാർട്ട് സിറ്റിയിലേക്കുള്ള വേള്‍ഡ് ട്രേഡ് സെന്റർ വിപുലീകരണം അവർക്ക് ആലോചിക്കാവുന്നതാണ്. കേരളത്തിൽ "ഐടി എന്നാൽ കൊച്ചി'' എന്ന അവസ്ഥയിലേക്ക് മാറിയ സ്ഥിതിക്ക് മറ്റിടങ്ങളിൽ പുതിയതായി ആരംഭിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ലാഭകരം കൊച്ചിയിലെ വേള്‍ഡ് ട്രേഡ് സെന്റർ വിപുലീകരിക്കുന്നത് തന്നെയാകും. പ്രത്യേകിച്ച് ഐ ബി എമ്മിനെ പോലെയുള്ള വൻകിട കമ്പനികൾ കൊച്ചിയിൽ വിപുലീകരണം പ്രഖ്യാപിച്ച സ്ഥിതിക്ക്- കുറിപ്പ് അവസാനിക്കുന്നു.
അതേസമയം, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായ ലുലു ഐടി ട്വിന്‍ ടവർ നിർമ്മിച്ചിരിക്കുന്നത് 1500 കോടിയിലേറെ രൂപയുടെ മുതല്‍മുടക്കിലാണ്. 30000 ത്തിലേറെ പ്രൊഫഷണലുകള്‍ക്ക് ഇതുവഴി ജോലി ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 12.74 ഏക്കറില്‍ 30 നിലകള്‍ വീതമുള്ള ലുലു ട്വിന്‍ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിന്‍ ടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികള്‍ക്കായുള്ള ഓഫീസ് സ്‌പേസുമാണ്.












Click it and Unblock the Notifications