കോട്ടയത്തെ ലുലു മാള്‍ തുറക്കാന്‍ പോകുന്നു... ഉദ്ഘാടനം ഈ ദിവസം? ആദ്യദിനം തന്നെ ഗംഭീര ഓഫറുകള്‍
കോട്ടയം: കേരളത്തിന് ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിച്ചതിന് ലുലു മാളിന്റെ പങ്ക് ചെറുതല്ല. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് മാള്‍ ഉള്ളത്. ഈ വര്‍ഷം ഓണത്തോട് അനുബന്ധിച്ചായിരുന്നു കോഴിക്കോട്ടെ ലുലു മാള്‍ തുറന്നത്. ഈ വര്‍ഷം തന്നെ കോട്ടയത്തും മാള്‍ തുറക്കും എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നേരത്തെ പറഞ്ഞിരുന്നു.
ഇതോടെ കോട്ടയത്തെ ലുലു മാള്‍ ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഈ വര്‍ഷം കഴിയാന്‍ ഇനി ഒരു മാസം കൂടിയെ ഉള്ളൂ എന്നതിനാല്‍ തന്നെ ഉദ്ഘാടന തിയതി എന്നാണ് അറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. മാളിന്റെ നിര്‍മാണ പ്രവൃത്തികള്‍ എല്ലാം തന്നെ പൂര്‍ത്തിയായിട്ട് നാളേറെയായി. ചില മിനുക്കുപണികള്‍ മാത്രമാണ് ശേഷിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇത് തീര്‍ത്ത് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ് ലുലു മാള്‍. ഡിസംബര്‍ രണ്ടാം വാരത്തിനുള്ളില്‍ തന്നെ ലുലു മാള്‍ തുറക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഡിസംബര്‍ 15 ആയിരിക്കും ഉദ്ഘാടന തിയതി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ക്രിസ്മസിന് മുന്‍പ് എന്തായാലും ലുലു മാള്‍ തുറക്കും എന്ന് തീര്‍ച്ചയാണ്.
ക്രിസ്മസ്, പുതുവത്സര ഷോപ്പിംഗ് സീസണ്‍ കളറാക്കാനാണ് ലുലു പദ്ധതിയിടുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ കോട്ടയം എ സി റോഡിന് സമീപം മണിപ്പുഴയിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. പാലക്കാടും കോഴിക്കോടും തുറന്നത് പോലുള്ള മിനി മാളാണ് കോട്ടയത്തേതും.
1.4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റാണ് കോട്ടയം ലുലു മാളിന്റെ പ്രധാന ആകര്‍ഷണം. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് എന്നിവയ്‌ക്കൊപ്പം എസ്ഡബ്ല്യുഎ ഡയമണ്ട്സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാന്‍ ഹ്യൂസെന്‍, മാമേര്‍ത്ത് എന്നിവയുള്‍പ്പെടെ ഫാഷന്‍, ലൈഫ്സ്റ്റൈല്‍ മേഖലയിലുടനീളമുള്ള 20-ലധികം ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഷോപ്പുകളും മാളിലുണ്ട്.
ഒരേസമയം 400 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ്‌കോര്‍ട്ട് മറ്റൊരു പ്രത്യേകതയാണ്. ചിക്കിംഗ്, മക്ഡൊണാള്‍ഡ്സ്, കെ എഫ് സി, കോസ്റ്റ കോഫി തുടങ്ങിയ നിരവധി പ്രമുഖ ഫുഡ് ബ്രാന്‍ഡുകളാണ് ഫുഡ് കോര്‍ട്ടിലെ ആകര്‍ഷണം. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 1000 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം. അതേസമയം ലുലു മാളിലേക്കെത്തുന്നവര്‍ക്ക് എംസി റോഡിലേക്കിറങ്ങാന്‍ പ്രത്യേക റാംപ് ഒരുക്കിയിട്ടുണ്ട്.
കോട്ടയത്തിന് പിന്നാലെ പെരിന്തല്‍മണ്ണ, തിരൂര്‍, കൊട്ടിയം എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പ് തങ്ങളുടെ മിനി മാളുകള്‍ തുറക്കും. ഇത് അടുത്ത വര്‍ഷത്തോടെ തന്നെയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications