തിരുവനന്തപുരം ലുലു മാളിനെ തൊടാനാകില്ല: പക്ഷെ ഇത് തകർക്കും, വന്‍ പദ്ധതി വരുന്നു; എന്താണ് സെന്‍ട്രം മാള്‍
കൊച്ചിയില്‍ ലുലു ഗ്രൂപ്പിന്റെ ഐടി ട്വിന്‍ ടവർ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ സംസഥാനത്ത് ഐടി മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐബിഎം പോലുള്ള ലോകോത്തര കമ്പനികള്‍ ഇതിനോടകം തന്നെ ലുലു ടവറില്‍ സാന്നിധ്യം ഉറപ്പിച്ച് കഴിഞ്ഞു. നിലവിലെ പദ്ധതിക്ക് പുറമെ സ്മാർട്ട് സിറ്റിയില്‍ തന്നെ 500 കോടിയുടെ മറ്റൊരു പദ്ധതിയും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.
യാഥാർത്ഥത്തില്‍ കൊച്ചിയില്‍ മാത്രമല്ല തിരുവനന്തപുരത്തും ഇത്തരം വന്‍ പദ്ധതികള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയാണ്. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഏകേദശം പൂർത്തിയായി വരികയാണ്.

ഷോപ്പിങ് മാള്‍, പാർപ്പിട സമുച്ചയും, ഓഫീസ് സ്പെയിസ് തുടങ്ങിയ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി 50 ലക്ഷം സ്ക്വയർഫീറ്റ് ഏരിയയിലാണ് ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി വരുന്നത്. സെസ് ഏരിയ, നോണ്‍ സെസ് ഏരിയ എന്നിവിടങ്ങളിലായിട്ടാണ് പദ്ധതി വികസിക്കപ്പെടുന്നത്. സെസ് ഏരിയയില്‍ മാത്രം 12 ഏക്കറിലായിട്ടാണ് രണ്ട് കെട്ടിടങ്ങള്‍ വരുന്നത്. നയാഗ്ര എന്ന് പേരിട്ടിരിക്കുന്ന ആദ്യ കെട്ടിടത്തിന്റെ ബില്‍ഡപ്പ് ഏരിയ 1 മില്യണ്‍ സ്ക്വയർ ഫീറ്റിലാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ വർഷം തന്നെ കഴിഞ്ഞു.
13 നിലകളിലായി പണിഞ്ഞിരിക്കുന്ന ബില്‍ഡിങ്ങിന്റെ ആറ് നിലകളും ഐടി കമ്പനികള്‍ക്ക് ലീസിന് നല്‍കും. 1300 വാഹനങ്ങള്‍ക്ക് ഒരേ സമയം പാർക്ക് ചെയ്യാനാകും. ഇതിന് പുറമെ ഫുഡ് കോർട്ട്, ഡേ കെയർ അടക്കമുള്ള സജ്ജീകരണങ്ങളുമുണ്ട്. രണ്ടാമത്തെ ബില്‍ഡിങ് ആയ വിക്ടോറിയക്കും 1 മില്യണ്‍ സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുണ്ട്.
നോണ്‍ സെസ് ഏരിയയിലേക്ക് വരികയാണെങ്കില്‍ ടോറസ് സെന്‍ട്രം മാള്‍, ക്ലാസ് എ ഓഫീസ് സ്പെയിസ്‍, ബിസിനസ് ഹോട്ടല്‍, അപ്പാർട്ട്മെന്റ്സ് തുടങ്ങിയവയെല്ലാം ഇവിടെ വരുന്നുണ്ട്. മൊത്തം 12 ലക്ഷം സ്ക്വയർ ഫീറ്റാണ് സെന്‍ട്രം മാളിന് ഉണ്ടായിരിക്കുക എന്നതാണ് വിവരം. അതില്‍ ഏഴ് ലക്ഷത്തോളമായിരിക്കും ലീസബിള്‍ ഏരിയ. കേരളത്തിലെ ഏറ്റഴും വലിയ മള്‍ട്ടിപ്ലസും ഇവിടെയായിരിക്കുമെന്നാണ് വിവരം. സിനിപോള്‍സിന്റെ 15 സ്ക്രീനാണ് ഇവിടെ ഉണ്ടായിരിക്കുക. ഇതില്‍ തന്നെ ഒരു ഐ മാക്സ് സ്ക്രീനും ഉണ്ടായിരിക്കും. തിരുവനന്തപുരം ലുലു മാളിലാണ് നിലവില്‍ തലസ്ഥാനത്ത് ഐ മാക്സ് സ്ക്രീന്‍ ഉള്ളത്.
മാള്‍ മാത്രമായി എടുത്ത് നോക്കുമ്പോള്‍ വലിപ്പത്തില്‍ തിരുവനന്തപുരം ലുലു മാളിന്റെ അടുത്ത് എത്തില്ലെങ്കിലും മറ്റ് സജ്ജീകരണങ്ങളെല്ലാം ഉള്ളതിനാല്‍ തന്നെ ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി തിരുവനന്തപുരത്തിന്റെ തിലകക്കുറിയായി മാറും എന്നതില്‍ സംശയമില്ല. സെന്‍ട്രം മാളില്‍ ഏകദേശം 2000 വാഹനങ്ങള്‍ക്ക് ഒരേസമയം പാർക്ക് ചെയ്യാന്‍ സാധിച്ചേക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 10 കിലോമീറ്റർ ദൂരവും കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏഴ് കിലോമീറ്റർ ദൂരവുമാണ് ടോറസ് സെന്‍ട്രം മാളിലേക്കുള്ളത്.
അസറ്റ് ഹോംസ് ആണ് പദ്ധതിയുടെ ഭാഗമായ പാർപ്പിട സമുച്ചയം നിർമ്മിക്കുന്നത്. പാർപ്പിട സമുച്ചയത്തില്‍ നിന്നും മാളിലേക്ക് നേരിട്ട് പ്രവേശിക്കാവുന്ന തരത്തിലുള്ള സ്കൈ ബ്രിഡ്ജും വരുന്നുണ്ട്. ആകെ 298 ഫ്ലാറ്റുകളാണ് പാർപ്പിട സമുച്ചയത്തിലുണ്ടായിരിക്കുക. ഇവിടെ തനിക്കായി ഒരു ഫ്ലാറ്റ് വേണമെന്ന കാര്യം അസറ്റ് ഹോംസിന്റെ ബ്രാന്‍ഡ് അംബാസിഡറായ പൃഥ്വിരാജ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സും എംബസി പ്രോപ്പർട്ടി ഡെവലപ്മെന്റ് ലിമിറ്റഡുമാണ് പദ്ധതിയുടെ പ്രധാന പങ്കാളികള്‍. നോണ്‍ സെസ് ഏരിയയിലെ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയാകാന്‍ ഏകദേശം ഒരു വർഷത്തിലേറെ സമയം എടുത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications