തിരുവനന്തപുരം ലുലു മാൾ മാത്രമല്ല, കൊച്ചി ലുലുവും ബെസ്റ്റ്; ആ തർക്കം തീർന്നില്ലേ..ഏറ്റവും വലിയ 7 മാളുകൾ ഇതാ
കേരളത്തിലെ ഏറ്റവും വലിയ മാള്‍ ഏത്? കൊച്ചിക്കാരും തിരുവനന്തപുരത്തുകാരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഏറ്റുമുട്ടിയ ഒരു ചോദ്യമാണ് ഇത്. വലിപ്പത്തില്‍ മുമ്പില്‍ തിരുവനന്തപുരം ലുലു ആണെങ്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് ഞങ്ങളുടെ മാളിലാണെന്നാണ് കൊച്ചിക്കാരുടെ അവകാശവാദം. എന്നാല്‍ അത് അങ്ങനെ അല്ലെന്ന് തലസ്ഥാന നിവാസികളും ശക്തിയുക്തം വാദിക്കുന്നു.
ഇവിടെ ഇതാ ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളുടെ ഒരു പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. ഹെർസിന്ദഗി പുറത്തുവിട്ട ഏഴ് മാളുകളുടെ പട്ടികയില്‍ മൂന്നെണ്ണം ലുലു മാളുകളാണ് എന്നതാണ് ശ്രദ്ധേയം. ഇതില്‍ രണ്ടെണ്ണം ആകട്ടെ കേരളത്തില്‍ നിന്നുമാണ്. ഇന്ത്യയിലെ വലിയ മാളുകളില്‍ പലതും നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും നിലവില്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാളുകളെ മാത്രമാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1. ലുലു മാൾ, ലക്നൗ
2022-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലക്നൗവിലെ ലുലു മാൾ ഏകദേശം 23 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പ്രവർത്തിക്കുന്നത്. 300-ലധികം ദേശീയ, അന്തർദേശീയ ബ്രാൻഡുകൾ, വൻ ഹൈപ്പർമാർക്കറ്റ്, മൾട്ടി-സ്ക്രീൻ സിനിമ തിയേറ്റർ, വൈവിധ്യമാർന്ന ഡൈനിങ്, വിനോദ ഓപ്ഷനുകളും ഇവിടെ ലഭ്യമാണ്.
2. ലുലു മാൾ, തിരുവനന്തപുരം
ഇന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ മറ്റൊരു മികവുറ്റ സംരംഭമാണ് തിരുവനന്തപുരത്തെ ലുലു മാൾ. 2021-ൽ ഉദ്ഘാടനം ചെയ്ത ഈ മാൾ 22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് പ്രവർത്തിക്കുന്നത്. 2,500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് കോർട്ട് ഉൾപ്പെടെ, വിപുലമായ ബ്രാൻഡുകളുടെ ശേഖരമാണ് തിരുവനന്തപുരം മാളിലുള്ളത്.
3. ഫീനിക്സ് മാർക്കറ്റ്സിറ്റി, മുംബൈ
മുംബൈയിലെ കുർളയിലുള്ള ഫീനിക്സ് മാർക്കറ്റ്സിറ്റി 21 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു കിടിലന്‍ ഷോപ്പിംഗ് ഹബാണ്. ആഡംബര, അന്തർദേശീയ ബ്രാൻഡുകൾ, മൾട്ടിപ്ലെക്സ്, ഗെയിമിംഗ് സോണുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന റീട്ടെയിൽ, വിനോദ ഓപ്ഷനുകളും ഇവിടെ ലഭ്യമാണ്.
4. ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യ, നോയിഡ
ഡൽഹി-എൻസിആർ മേഖലയിലെ പ്രശസ്തമായ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യ 20 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ളതാണ്. ഏഴ് നിലകളുള്ള ഈ മാളിൽ 330-ലധികം സ്റ്റോറുകളും 7-സ്ക്രീൻ പിവിആർ സിനിമാസും ഉൾപ്പെടുന്നു. തലസ്ഥാന വാസികളുടേയും നോയിഡക്കാരുടേയും വിനോദത്തിന്റെ ഒരു പ്രധാന കേന്ദ്രമായും ഇതിനോടകം തന്നെ ഈ മാള്‍ മാറിക്കഴിഞ്ഞു.
5. സരത് സിറ്റി ക്യാപിറ്റൽ മാൾ, ഹൈദരാബാദ്
ഹൈദരാബാദ് ഹൈടെക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന സരത് സിറ്റി ക്യാപിറ്റൽ മാൾ 19.3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു വൻ ഷോപ്പിംഗ് സമുച്ചയമാണ്. അന്താരാഷ്ട്ര, ഇന്ത്യൻ ബ്രാൻഡുകളുടെ വിപുലമായ ശേഖരവും വലിയ ഫുഡ് കോർട്ടും അഡ്വഞ്ചർ പാർക്കുകളും ഇവിടെ സന്ദർശകരെ ആകർഷിക്കുന്നു.
6. ആംബിയൻസ് മാൾ, ഗുരുഗ്രാം
ഗുരുഗ്രാമിലെ ആംബിയൻസ് മാൾ 18 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ആഡംബര ഷോപ്പിംഗ് കേന്ദ്രമാണ്. ഉയർന്ന നിലവാരമുള്ള അന്തർദേശീയ, ഇന്ത്യൻ ഡിസൈനർ ബ്രാൻഡുകൾ ഉൾപ്പെടെ, പ്രീമിയം ഷോപ്പിംഗ് അനുഭവമാണ് ഇവിടെ ലഭിക്കുന്നത്.
7. ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ, കൊച്ചി
കൊച്ചിയിലെ ലുലു മാൾ 17 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഹെർസിന്ദഗി റിപ്പോർട്ട് ചെയ്യുന്നത്. 2013-ൽ ഉദ്ഘാടനം ചെയ്ത ഈ മാൾ, ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ തന്നെ മാറിയിരിക്കുന്നു. 9-സ്ക്രീൻ മൾട്ടിപ്ലെക്സും വിവിധ വിനോദ ഓപ്ഷനുകളുമുള്ള ഇവിടം കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ കഴിയുന്ന ഒരു മികച്ച കേന്ദ്രമാണ്.












Click it and Unblock the Notifications