കോട്ടയം കഴിഞ്ഞു: അടുത്ത ലുലു തൃശൂർ; ഉദ്ഘാടന തിയതി പ്രഖ്യാപിച്ചു, പിന്നാലെ കൊട്ടിയത്തും
തൃശൂർ: കേരളത്തിലെ അഞ്ചാമത്തെ ലുലു മാള്‍ കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലിയുടെ സാന്നിധ്യത്തില്‍ സഹകരണ തുറുമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസനാണ് മാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ മതപുരോഹിതർ തുടങ്ങി ക്ഷണിക്കപ്പെട്ട അഥിതളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം വൈകീട്ട് നാല് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് മാളിലേക്ക് പ്രവേശം അനുവദിച്ചു തുടങ്ങി. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങള്‍ക്ക് ശേഷമാണ് കോട്ടയത്ത് ലുലു മാള്‍ പ്രവർത്തനം ആരംഭിക്കുന്നത്. ഇതിന് പുറമെ യൂസഫലിയുടെ സ്വന്തം നാടായ തൃപ്രയാറില്‍ വൈമാളും പ്രവർത്തിക്കുന്നു. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തില്‍ എംസി റോഡിന് സമീപം മണിപ്പുഴയിലാണ് മാള്‍ പണിതിരിക്കുന്നത്.

പാലക്കാട്, കോഴിക്കോടു മാളുകള്‍ക്ക് സമാനമായി മിനിമാള്‍ സങ്കല്‍പ്പത്തിലാണ് കോട്ടയം മാളും പണി കഴിപ്പിച്ചിരിക്കുന്നത്. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവ മുഖ്യ ആകർഷണങ്ങളായ മാളില്‍ ആയിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനവും 500 പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ്കോർട്ടും മാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കോട്ടയത്തിന് പിന്നാലെ കേരളത്തിലെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു ഗ്രൂപ്പ്. കൊല്ലം ജില്ലയിലെ കൊട്ടിയം, തൃശ്ശൂർ എന്നിവിടങ്ങളിൽ ലുലു ഡെയ്‌ലി സൂപ്പർ മാർക്കറ്റ് ഈ മാസം തന്നെ തുറക്കും. കൊട്ടിയം ഡ്രീംസ് മാളിലെ ഡെയ്‌ലി സൂപ്പർ മാർക്കറ്റായിരിക്കും ആദ്യം തുറക്കുകയെന്ന വാർത്തകളുണ്ടായിരുന്നു. എന്നാല്‍ തൃശൂർ ഹൈലറ്റ് മാളിലെ സൂപ്പർ മാർക്കറ്റാണ് ഉടന്‍ തുറക്കാന്‍ പോകുന്നത്.
ഡിസംബർ 18 ന് തൃശൂരിലെ ഡെയ്‌ലി സൂപ്പർ മാർക്കറ്റ് തുറക്കുമെന്ന് ലുലു ഔദ്യോഗികമായി അറിയിക്കുന്നു. കേരളത്തിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഏഴാമത്തെ ലുലു ഹൈപ്പർമാർക്കറ്റാണ് തൃശൂരിലേത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കോട്ടയം ലുലു മാളുകൾക്ക് പുറമേ എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിലുമാണ് നിലവില്‍ ലുലുവിന് ഹൈപ്പർമാർക്കറ്റുള്ളത്.
തൃശൂരിന് പിന്നാലെ കൊട്ടിയത്തെ ലുലു മാളിന്റെ ഉദ്ഘാടനുവും ഈ മാസം തന്നെ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊട്ടിയത്ത് ആരംഭിക്കുന്ന ലുലു ഡെയ്‌ലിയുടെ അപ്ഡേറ്റുകള്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഉദ്ഘാടന തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇതോടൊപ്പം തന്നെ മലപ്പുറം ജില്ലയിലെ തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ നിർമാണവും പുരോഗമിച്ചിരിക്കുകയാണ്. തിരൂരില്‍ ഹൈപ്പർമാർക്കറ്റായിട്ടാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും കെട്ടിടത്തിന്റെ വലിപ്പം കണ്ട് മിനി മാള്‍ ആയിരിക്കും വരാന്‍ പോകുന്നതെന്ന പ്രചരണം ശക്തമാണ്. ഇതിന് പുറമെ കൊല്ലത്തും ഒരു മാള്‍ ലുലുവിന്റെ ഭാവി പദ്ധതികളിലുണ്ട്.
കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും ലുലു തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. അഹമ്മദബാദ്, വിശാഖപട്ടണം, ചെന്നൈ, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ ലുലു മാളുകള്‍ വരാന്‍ പോകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളായിരിക്കും അഹമ്മദാബാദില്‍ പണിയുക. നിലവില്‍ ബെംഗളൂ, ഹൈദരാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിലാണ് ലുലുവിന് മാളുകളുള്ളത്.












Click it and Unblock the Notifications