അത്യാഡംബര വീടുകളും കാറുകളും... 10 മിനിറ്റിന് ഒന്നര കോടി രൂപ ശമ്പളം! മല്ലിക ഷെരാവത്തിന്റെ ആസ്തി
ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് മല്ലിക ഷെരാവത്ത്. 2002 ല്‍ ആണ് ആദ്യമായി താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അഭിനയത്തില്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ബോളിവുഡിന്റെ ഹോട്ട് സിംബലായി നിലനില്‍ക്കാന്‍ താരത്തിനായിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുള്ള മല്ലിക ഷെരാവത്തിന്റെ 47-ാം പിറന്നാളാണ് ഇന്ന്. ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് താരം.
ഒരു മികച്ച നടി എന്നതിനൊപ്പം തന്നെ നര്‍ത്തകി, ഒരു ബിസിനസുകാരി, ഒരു ഫിറ്റ്‌നസ് ഫ്രീക്ക് എന്നീ നിലകളിലും ശ്രദ്ധേയയാണ് മല്ലിക ഷെരാവത്ത്. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിരുന്ന മല്ലിക ഷെരാവത്ത് 1976 ഒക്ടോബര്‍ 24 ന് റോഹ്തക്കിലാണ് ജനിച്ചത്. വീട്ടിലിരുന്നായിരുന്നു താരത്തിന്റെ പഠനം. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന മല്ലിക പെണ്‍ ശിശുഹത്യ തടയാന്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിലും പങ്കാളിയാണ്.

മല്ലിക ഷെരാവത്തിന്റെ ആകെ ആസ്തി 21 മില്യണ്‍ ഡോളറാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ഏകദേശം 170 കോടി രൂപ. അഭിനയത്തോടൊപ്പം തന്നെ ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നും താരം വലിയൊരു തുക സമ്പാദിക്കുന്നുണ്ട്. ഇത് കൂടാതെ സ്റ്റേജ് ഷോകള്‍, സ്വന്തം മേക്കപ്പ് ബ്രാന്‍ഡായ കേ എന്നിവയില്‍ നിന്നും ഭേദപ്പെട്ട വരുമാനം മല്ലിക ഷെരാവത്തിന് ലഭിക്കുന്നുണ്ട്.
പ്രതിവര്‍ഷം 2.5 കോടി മുതല്‍ 3.5 കോടി വരെ താരത്തിന്റെ അക്കൗണ്ടിലെത്തുന്നുണ്ട്. സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് അമിതാഭ് ബച്ചനൊപ്പം ബിപിഎല്‍, ഷാരൂഖ് ഖാനൊപ്പംസാന്‍ട്രോ എന്നിവയുടെ പരസ്യങ്ങള്‍ മല്ലികയ്ക്ക് ലഭിച്ചിരുന്നു. കരീന കപൂര്‍-തുഷാര്‍ കപൂര്‍ അഭിനയിച്ച 'ജീന കെഹില്‍ മേരേ ലിയേ' എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാഭിനയത്തിലേക്ക് എത്തുന്നത്.
മര്‍ഡര്‍, ഖ്വാഹിഷ് തുടങ്ങിയ ചിത്രങ്ങളിലെ ബോള്‍ഡ് രംഗങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടാന്‍ താരത്തിനായി. മര്‍ഡറിന് ശേഷം മല്ലികയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. ഹിമേഷ് രേഷ്മിയയുടെ ആപ് കാ സുരൂര്‍ എന്ന ചിത്രത്തിലെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വേഷത്തിന് മല്ലിക ഒന്നര കോടി രൂപ ഈടാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പല സംരംഭങ്ങളിലും താരം നിക്ഷേപം നടത്തിയിട്ടുണ്ട്.
നിലവില്‍ ഒരു സിനിമയില്‍ 4.1 കോടി രൂപയാണ് താരം ഈടാക്കുന്ന പ്രതിഫലം. ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്ന് 2.5 കോടി രൂപയും മറ്റ് മാര്‍ഗങ്ങളിലൂടെ 1.6 കോടി രൂപയും താരത്തിന്റെ അക്കൗണ്ടിലെത്തുന്നുണ്ട്. നിലവില്‍ പാനസോണിക്, 7അപ്, ലക്‌സ് എന്നീ ബ്രാന്‍ഡുകളുമായി താരം സഹകരിക്കുന്നുണ്ട്. 4.1 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി അവന്റഡോര്‍, 1.2 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് എന്നിവയാണ് താരത്തിന്റെ ഗാരേജിലുള്ള പ്രധാന വാഹനങ്ങള്‍.
ഇത് കൂടാതെ മുംബൈയില്‍ 15 കോടി രൂപ വിലയുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റും ലോസ് ആഞ്ചല്‍സില്‍ 16.4 കോടി രൂപ വിലയുള്ള വീടും താരത്തിനുണ്ട്.












Click it and Unblock the Notifications