ആധാര്‍ രാജ്യത്തെ മാറ്റിമറിച്ചു: ചരിത്രത്തിലെ നാഴികക്കല്ലുകള്‍ ഇങ്ങനെ
ദില്ലി: രാജ്യത്ത് സുപ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് മാറിയതോടെ എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്‌സിഡി തുടങ്ങല്‍, ഡ്രൈവിംഗ് ലൈസന്‍സ്, പ്രവാസി വിവാഹം, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വിമാനത്താവളങ്ങളിലും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സര്‍ക്കാരിന് പുറമേ സ്വകാര്യ കമ്പനികളും വേരിഫിക്കേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കുന്നതിന് വേണ്ടി ബയോമെട്രിക് സംവിധാനമുള്ള ആധാര്‍ ഉപയോഗിച്ചുവരുന്നുണ്ട്. 35 മന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള 135 ഓളം പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനും ആധാര്‍ നിര്‍ബന്ധമാണ്.
ക്യാന്‍സറിനു കാരണം ബോസും 'വൈറ്റും'ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: പുതിയ പഠനം പറയുന്നത് ഇങ്ങനെ

ആദായനികുതി
ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി നിയമഭേഗതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നികുതി ദായകര്‍ക്ക് ഈ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തലവേദനയായത്. ആഗസ്റ്റ് 31 നുള്ളില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സിബിഡിടി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിബിഡിടി മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ആധാര്‍- പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സുപ്രീം കോടതി അനുവദിച്ചാല്‍ മൂന്ന് മുതല്‍ ആറ് മാസം വരെ സമയം അനുവദിച്ചേക്കുമെന്നും സൂചനകളുണ്ട്.

ഐആര്‍സിടിസി വഴി
ഐആര്‍സിടിസി വഴി ഒരു മാസം ആറിലധികം ടിക്കറ്റില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റെയില്‍വേയും ഉത്തരവിട്ടിട്ടുണ്ട്. ഒരു മാസത്തില്‍ ആറിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. ഓണ്‍ലൈന്‍ വഴി ആറ് മുതല്‍ 12 വരെ ടിക്കറ്റ് വേണ്ടവര്‍ക്കാണ് ആധാര്‍ നിര്‍ബന്ധം. ഇത്തരക്കാര്‍ ഐആര്‍സിടിസി വെബ്സൈറ്റില്‍ അവരുടെ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. വെബ്സൈറ്റില്‍ മൈ പ്രൊഫൈല്‍ കാറ്റഗറിയിലെ ആധാര്‍ കെവൈസിയില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. മൊബൈല്‍ നമ്പറിലേയ്ക്ക് വരുന്ന ഒടിപി ഉപയോഗിച്ചാണ് ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടത്.

ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍
ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണും ആധാർ നമ്പർ രജിസ്റ്റര്‍ ചെയ്യുന്നത് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. വിതരണത്തിനിടെ നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്താന്‍ ഉപഭോക്താക്കളോട് ആധാര്‍ നമ്പര്‍ അപ് ലോഡ് ചെയ്യാനാണ് ആമസോണിന്‍റെ ആവശ്യം. ആമസോണ്‍, സൂമോകാര്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സേവന സൈറ്റുകള്‍ 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂമോകാറില്‍ ബുക്കിങ് സ്വീകരിക്കണമെങ്കില്‍ ആധാര്‍ വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖയായി നല്‍കാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയിട്ടുള്ള നിര്‍ദേശം.

എല്‍ഐസിയ്ക്ക് ആധാര്‍
എല്‍ഐസി ആധാര്‍- പോളിസി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള മെസേജ് തയ്യാറാക്കുകയോ അയക്കുകയോ ചെയ്തിട്ടില്ലെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു. എസ്എംഎസ് വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം എല്‍ഐസി ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് സംബന്ധിച്ച മെസേജുകള്‍ പടരുന്ന സാഹചര്യത്തിലാണ് എല്‍ഐസി വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലായിരുന്നു എല്‍ഐസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആധാറും മൊബൈല്‍ നമ്പറും
മൊബൈല്‍ നമ്പര്‍ ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ സര്‍വീസ് റീട്ടെയിലറുമായും ബന്ധപ്പെടാം. മിക്ക ടെലികോം കമ്പനികളും ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ വളരെ എളുപ്പത്തില്‍ ചെയ്തു നല്‍കുന്നുണ്ട്. ഇതിന് അവര്‍ പ്രത്യേക ഫീസ് ഈടാക്കുന്നുമില്ല. 2018 ഫെബ്രുവരി 6ന് മുമ്പ് ഇത് ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ സേവനങ്ങള്‍ നിയന്ത്രണ വിധേയമാകും. 2018 ഫെബ്രുവരി 6 ആണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ എളുപ്പത്തിലാക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ശേഷം ബയോമെട്രിക് വിവരങ്ങള്‍ ഇല്ലാതെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനം ലഭ്യമാകുമെന്ന് യുഐഡിഎഐയും വ്യക്തമാക്കിയിരുന്നു.

ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍
സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഉപഭോക്താക്കളെക്കുറിച്ചുള്ള കെവൈസി ഡാറ്റ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ല. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക്
ആധാര്‍ ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2018 മാര്‍ച്ച് 31 ആണ്. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

സിബിഎസ് സി ബോര്‍ഡ് പരീക്ഷ
സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് സിബിഎസ് സി തീരുമാനം. 2017 -18 മുതല്‍ സിബിഎസ് സി 9,11 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ രജിസ്ട്രേഷനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. സിബിഎസ് സി അംഗീകാരമുള്ള എല്ലാ സ്കൂളുകള്‍ക്കും ഇതോടെ ചട്ടം ബാധകമായിരിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ സിബിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയതായി സിബിഎസ് സി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ സമയത്ത് ആധാര്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്‍റ് നമ്പര്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുമ്പായി ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനാണ് സിബിഎസ് സി നല്‍കുന്ന നിര്‍ദേശം.

ഡ്രൈവിംഗ് ലൈസന്‍സും!!
ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍
മൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളും ഇപ്പോള്‍ പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31 ആണ്.

പെന്‍ഷന്‍ അക്കൗണ്ട്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് 2017 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രവാസി വിവാഹത്തിനും
ഇന്ത്യയില്‍ വിവാഹിതരാകുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകളായ പ്രവാസികളുടെ ഭാര്യമാര്‍ ഭര്‍ടത്താവില്‍ നിന്നോ മറ്റുള്ളവനരില്‍ നിന്നോ അനുഭവിക്കേണ്ടി വരുന്ന സ്ത്രീധനപീഡനം, വൈവാഹിക പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പീഡനം എന്നിവയില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക കമ്മറ്റി വിദേശതകാര്യ മന്ത്രാലയത്തിന് പ്രവാസികളുടെ വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

വിമാന ടിക്കറ്റ് ബുക്കിംഗിന്
രാജ്യത്തിനകത്തെ വിമാനയാത്രകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്ന സംവിധാനം 2018 മുതല്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കൊല്‍ക്കത്ത, വിജയവാഡ, അഹമ്മദാബാദ് എന്നിവിടങ്ങളിലേയ്ക്കുള്ള വിമാന യാത്രകള്‍ക്കാണ് ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുക. കേന്ദ്രസര്‍ക്കാരിന്‍റെ ഡിജി യാത്ര പദ്ധതിയുടെ ഭാഗമായാണ് ആധാര്‍ നമ്പറും വിമാന ടിക്കറ്റുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നീക്കം. ഇതിന്‍റെ ആദ്യഘട്ടം അടുത്ത വര്‍ഷം ആദ്യം കൊല്‍ക്കത്ത, വിജയവാഡ, അഹമ്മദാബാദ് എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ ആരംഭിക്കും. ഇതോടെ ആധാര്‍ അധിഷ്ഠിത സംവിധാനത്തിന് കീഴില്‍ വിമാനത്താവളങ്ങളിലെ ടെര്‍മിനലുകളില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി. വിമാനടിക്കറ്റ് ആധാറുമായി ബന്ധിപ്പിക്കുന്നതോടെ വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരുടേയും വിവരങ്ങള്‍ വിമാനത്താവളത്തിലെ ഡാറ്റാ ബേസില്‍ ലഭ്യമാവും. ഇതോടെ യാത്ര ചെയ്യുന്ന സ്ഥലം അറിയുന്നതിനൊപ്പം സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് ഗേറ്റിലേയ്ക്കും പ്രവേശനം അനുവദിക്കും

ബിനാമി സ്വത്തുക്കള്‍ക്ക് പണി വരുമോ!
നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും പിന്നാലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് മൂക്കുകയറിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭൂസ്വത്തുക്കള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാണ് ഭൂസ്വത്തുക്കളുടെ കൈമാറ്റത്തിന് ആധാര്‍ കാര്‍ഡ‍് നിര്‍ബന്ധമാക്കിയേക്കുമെന്ന സൂചനകള്‍ നല്‍കുന്നത്. ആധാറും ഭുസ്വത്തുക്കളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നത് സംബന്ധിച്ച് തനിക്ക് യാതൊരു സംശയവുമില്ലെന്ന് കേന്ദ്ര ഹൗസിംഗ് മന്ത്രി ഹര്‍ദീപ് പൂരി വ്യക്തമാക്കിയതായി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എം ആധാര്‍ മതിയെന്ന് മന്ത്രാലയം
രാജ്യത്തിനകത്തെ വിമാനയാത്രകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാര്‍ മതിയെന്ന് നവംബറിലാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്. വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വിമാന യാത്രയ്ക്ക് തിരിച്ചറിയല്‍ രേഖ ആവശ്യമില്ലെന്നും വ്യോമയാന മന്ത്രാലയം കൂട്ടിച്ചേര്‍ക്കുന്നു.

റേഷന്‍ കാര്‍ഡും ആധാറും
റേഷന്‍ കാര്‍ഡും ആധാര്‍ നമ്പറും ബന്ധിപ്പിക്കണെമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആധാറിന്‍റെ 7ാമത്തെ വകുപ്പ് പ്രകാരം ആധാറിന്‍റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും ആധാറില്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും ആധാര്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വോട്ടിംഗിന്
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി സ്വീകരിച്ചേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വോട്ടര്‍ ഐഡി കാര്‍ഡിനൊപ്പം ആധാറും തിരിച്ചറിയല്‍ രേഖയായി സ്വീകരിച്ചേക്കുമെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎസ് കൃഷ്ണമൂര്‍ത്തിയാണ് ചൂണ്ടിക്കാണിച്ചത്. നിലവില്‍ വോട്ടര്‍ ഐഡി ഇല്ലാത്ത സാഹചര്യങ്ങളില്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് സുപ്രധാന തിരിച്ചറിയല്‍ രേഖയായിക്കഴിഞ്ഞ ആധാര്‍ ഇതേ ആവശ്യത്തിന് ഉപയോഗിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സ്വകാര്യ കമ്പനികള്‍ വേരിഫിക്കേഷന്
സ്വകാര്യ കമ്പനികള്‍ തങ്ങള്‍ റിക്രൂട്ട് ചെയ്ത ജോലിക്കാരുടെ വേരിഫിക്കേഷന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്ന പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചു വരുന്നുണ്ട്. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ജീവനക്കാരുടെ വേരിഫിക്കേഷന്‍ നടപടികള്‍ക്കായി ചെലവഴിക്കുന്ന സമയം ലാഭിക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ കമ്പനികള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ ക്വസ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ജീവനക്കാരുടെ വേരിഫിക്കേഷന് വേണ്ടി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങിയത്. 30,000 ജീവനക്കാരുള്ള കമ്പനിയാണ് ക്വസ്സ്. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി, റണ്ണര്‍, ഡസ്റ്റര്‍, ഗാര്‍ഡ് വെല്‍, ഹൗസ് ജോയ് തുടങ്ങിയ കമ്പനികളും ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ‍് ജോലി സംബന്ധിച്ച വേരിഫിക്കേഷന് ഉപയോഗിക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്നതിനായി വ്യാജ ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി എന്നിവ സമര്‍പ്പിക്കാനുള്ള സാധ്യതയും വ്യക്തിഗത വിവരങ്ങള്‍ തെറ്റായി സമര്‍പ്പിക്കാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് കമ്പനികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

കേരളത്തിനും വിശ്വാസം ആധാറില്‍
കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ ഉപയോഗിച്ച് പഞ്ച് ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കം നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഓഫീസ് സമയം പാലിക്കാതെ വൈകിയെത്തുന്നവരെ പിടികൂടുന്നതിന് സഹായിക്കുന്നതായിരിക്കും ഈ നീക്കം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സെക്രട്ടറിയേറ്റിലാണ് പദ്ധതി നടപ്പിലാക്കുകയെന്നായിരുന്നു മാധ്യമറിപ്പോര്‍ട്ടുകള്‍.

മരണ സര്‍ട്ടിഫിക്കറ്റ്
ഒക്ടോബര്‍ 1 മുതല്‍ മരണ സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്. മരിച്ചയാളുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്കു മാത്രം ലഭിക്കുന്നതിനാണ് ഇത്.

നിക്ഷേപങ്ങള്‍ക്ക് ആധാര്‍
നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ശേീയ സമ്പാദ്യ പദ്ധതി, കിസാന്‍ വികാസ് പദ്ധതി തുടങ്ങിയ നിക്ഷേപങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനമാണ് കേന്ദ്രസര്‍ക്കാര്‍ ഒക്ടോബറില്‍ പുറപ്പെടുവിച്ചത്. നിലവിലുള്ള നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഡിസംബര്‍ 31 വരെ സമയം നല്‍കുമെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ ആധാര്‍ ലഭിക്കാത്തവര്‍ക്ക് എന്റോള്‍ ചെയ്തതിന്റെ തെളിവു നല്‍കാം. പോസ്റ്റ് ഓഫീസില്‍ നിക്ഷേപങ്ങളുള്ളവര്‍ 2017 ഡിസംബര്‍ 31 ന് മുമ്പായി ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനും വിജ്ഞാപനത്തില്‍ പറയുന്നു. സര്‍ക്കാര്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ 2017 ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയത്. എന്നാല്‍ ഇതിനകം ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പബ്ബുകളിലും ആധാര്‍ നിര്‍ബന്ധം
തെലങ്കാനയിലെ എക്സൈസ് വകുപ്പാണ് പബ്ബില്‍ പ്രവേശിക്കുന്നതിന് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കണമെന്ന ചട്ടം കൊണ്ടുവന്നിട്ടുള്ളത്. ആധാറല്ലെങ്കില്‍ മറ്റേതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കാനും സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പബ്ബിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നീക്കം. പബ്ബിലെത്തുന്നവരുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖ പരിശോധിച്ച് പ്രായം സ്ഥിരീകരിച്ച ശേഷം മാത്രം പബ്ബിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് തെലങ്കാന എക്സൈസ് വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശം. 21 വയസ്സില്‍ താഴെയുള്ളവരെ പബ്ബിലേയ്ക്ക് പ്രവേശനം നല്‍കരുതെന്നും എക്സൈസ് വകുപ്പ് കര്‍ശനമായി വിലക്കുന്നുണ്ട്.

ഓപ്പണ്‍ സ്കൂള്‍ പരീക്ഷ
ഓപ്പണ്‍ സ്കൂള്‍ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയേക്കും. പരീക്ഷകള്‍ക്ക് വ്യാജന്‍മാര്‍ ഹാജരാകുന്നത് തടയുന്നതിന് വേണ്ടിയുള്ള നീക്കത്തിനാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതോടെയാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ലേണിംഗ് ഈ വര്‍ഷം മുതല്‍ പരീക്ഷയ്ക്ക് ഹാജരാവുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം നടത്തുന്നത്. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ലേണിംഗിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പുറമേ പരീക്ഷാ ഹാളുകളില്‍ സ്കാനര്‍ മെഷീനുകളും സ്ഥാപിക്കും. വിരലടയാളം പരിശോധിച്ച് പരീക്ഷയ്ക്കുള്ള രേഖകളും വിരലടയാളവും യോജിക്കുന്നവരെ മാത്രമേ പരീക്ഷയെഴുതാന്‍ അനുവദിക്കൂ.