'മുകേഷ് അംബാനി-ഇലോണ്‍ മസ്ക് ഡീല്‍': അങ്ങനെ ടെസ്ല ഇന്ത്യന്‍ മണ്ണിലേക്ക്; ചരിത്ര നിയോഗം മുംബൈക്ക്
മുംബൈ: ലോക പ്രശസ്ത ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല, ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഷോറൂം മുംബൈയിൽ തുറക്കാൻ ഒരുങ്ങുന്നു. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ജൂലൈ 15-ന് മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ 4000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂം തുറക്കും. ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിൽ ഒരു നാഴികക്കല്ലായി ഇത് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെസ്ല മാർച്ചില്‍ മറ്റൊരു വാഹന നിർമാണ കമ്പനിയുമായി ചേർന്ന് മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിനായി കരാറിലേർപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ ഇന്ത്യയുടെ ആദ്യ ഷോറൂം ഉദ്ഘാടനം വിപുലമായ രീതിയില്‍ നടത്താനാണ് നീക്കം.

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള പ്രീമിയം ഷോപ്പിംഗ്, ലൈഫ്‌സ്റ്റൈൽ ഡെസ്റ്റിനേഷനാണ് ജിയോ വേള്‍ഡ്. ഇത്തരമൊരു സ്ഥാപനത്തില്‍ ടെസ്‌ല ഷോറൂം തുറക്കുന്നത്, ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായ റിലയന്‍സും ടെസ്ലയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിനും വഴിയൊരുക്കുന്നു. ഈ നീക്കം ഇന്ത്യൻ വിപണിയിൽ ടെസ്‌ലയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.
റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ടെസ്‌ല മാർച്ചിൽ തന്നെ മുംബൈയിൽ ഷോറൂം തുറക്കുന്നതിനുള്ള വാട കരാർ ഒപ്പുവച്ചിരുന്നു. കമ്പനി മുംബൈയിലും ന്യൂഡൽഹിയിലും ഷോറൂം ലൊക്കേഷനുകൾ തിരഞ്ഞെടുക്കുന്നതിനും ജോലിക്കാരെ നിയമിക്കുന്നതിനും വേഗത കൂട്ടുകയും ചെയ്തു.
ടെസ്‌ലയുടെ ചൈനയിലെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് അഞ്ച് മോഡൽ Y കാറുകൾ ഇതിനകം മുംബൈയിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഈ കാറുകൾക്ക് ഏകദേശം 27.7 ലക്ഷം രൂപ (31,988 ഡോളർ) മൂല്യം കണക്കാക്കപ്പെട്ടിട്ടുണ്ട്, എന്നാൽ ഈ വിലയില്‍ ആളുകള്‍ക്ക് കാർ ലഭിക്കില്ല. 21 ലക്ഷം രൂപയിലധികം ഇറക്കുമതി തീരുവ അടക്കമുള്ളവ ചുമത്തപ്പെടുന്നതോടെ വില യഥാർത്ഥതിലേതില്‍ നിന്നും ഇരട്ടിയില്‍ അധികമായി മാറും. മറിച്ച് നിർമ്മാണം ഇന്ത്യയില്‍ തന്നെയാണ് നടക്കുന്നതെങ്കില്‍ ഇറക്കുമതി തീരുവ അടക്കമുള്ള കാര്യങ്ങളുണ്ടാകില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് കടന്ന് വരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് വാദം ഇലോണ്‍ മസ്ക് തുടക്കം മുതല്‍ തന്നെ ഉന്നയിച്ചിരുന്നു. എന്നിരുന്നാലും, കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രി എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ മാസം എഎന്‍ഐ വാർത്താ ഏജൻസിയോട് പറഞ്ഞതനുസരിച്ച്, ടെസ്‌ല ഇന്ത്യയിൽ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. "ടെസ്‌ലയിൽ നിന്ന് ഞങ്ങൾ യഥാർത്ഥത്തിൽ പ്രതീക്ഷിക്കുന്നത് ഇവിടെ ഷോറൂമുകൾ തുറക്കുക എന്നതാണ്. അവർ ഇന്ത്യയിൽ നിർമാണം നടത്താൻ താൽപ്പര്യപ്പെടുന്നില്ല," മന്ത്രി പറഞ്ഞു.
മുംബൈയിലെ ഷോറൂം തുറക്കുന്നതോടെ മോഡൽ Y പോലുള്ള വാഹനങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താനും, ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ തന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും ടെസ്‌ല ലക്ഷ്യമിടുന്നു. എന്നാൽ, ഉയർന്ന ഇറക്കുമതി നികുതിയും പ്രാദേശിക നിർമാണത്തിന്റെ അഭാവവും ടെസ്‌ലയ്ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയും ശക്തമാണ്.












Click it and Unblock the Notifications