ഉപഭോക്താക്കളുടെ ഭക്ഷണം കട്ടുതിന്നു!! ഡെലിവറി ബോയ്ക്ക് സൊമാറ്റോയുടെ ഇരുട്ടടി, വീഡിയോ വൈറല്‍!
ദില്ലി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ ഒരു വൈറല്‍ വീഡിയോ കൊണ്ട് പുലിവാല് പടിച്ചിരിക്കയാണ്.ഇഷ്ടമുള്ള ഹോട്ടലുകളിലെ ഭക്ഷണം സൊമാട്ടോ വഴി ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് എത്തിച്ചുകൊടുക്കുന്നതാണ് സൊമാറ്റോ.നിരവധി ഉപയോക്താക്കളുള്ള സംരഭത്തിന് വലിയ പിഴവാണ് ഉണ്ടായിരിക്കുന്നത്. സൊമാറ്റോയുടെ ഡെലിവറി ബോയ് ഉപഭോക്താക്കളുടെ ഭക്ഷണം കഴിച്ച് ബാക്കി പഴയപടി പാക്ക് ചെയ്ത് വിതരണം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത് സൊമാട്ടോയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിരിക്കുകയായിരുന്നു.
സംഭവം വിവാദമാകുകയും വൈറലാകുകയും ചെയ്തതോടെ മാപ്പ് പറഞ്ഞ് ഡെലിവറി ബോയിയെ പുറത്താക്കി തടിയൂരുകയാണ് സൊമാട്ടോ.വിതരണത്തിനായി പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ പാക്ക് പൊട്ടിച്ച് കഴിച്ച് മിച്ചം വന്നവ പഴയ പടിയാക്കി പാക്ക് ചെയ്ത് വിതരണത്തിനൊരുങ്ങുന്ന ഡെലിവറി ബോയുടെ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൊട്ടാകെ പടര്‍ന്നതോടെ സൊമാട്ടോയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.
തികഞ്ഞ കിടമത്സരം നിലനില്‍ക്കുന്ന സൊമട്ടോയ്ക്ക് സംഭവം ആകെ പ്രതിസന്ധി തീര്‍ക്കുകയാണ്.ബ്രാന്‍ഡിന്റെ വിശ്വാസ്യതയെ ആകമാനം ചോദ്യം ചെയ്യുന്നതോടൊപ്പം സൊമാട്ടോയുടെ പ്രതിയോഗികളായ സ്വിഗിക്ക് ഇത് മുന്നേറാനുള്ള അവസരവും തുറന്നു കൊടുക്കുന്നു.നേരത്തെ തന്നെ സ്വിഗി ഡെലിവറി സംബന്ധിച്ച് വ്യക്തത ഉപയോഗ്താക്കള്‍ക്ക് നല്‍കിയിരുന്നു.സൊമാട്ടോയിലെ ഈ സംഭവത്തെ തുടര്‍ന്ന് സ്വിഗിക്ക് ഇത് ഉണര്‍വ് നല്‍കും. ഇത്രയും നിരുത്തരവാദപരമായ സമീപനം സൊമാട്ടോയില് നിന്നും ഉണ്ടായത് തീര്‍ച്ചയായും വിശ്വാസ്യതയെ ബാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
മധുരയിലാണ് ഇത് നടന്നതെന്നും ടാംപര്‍ പ്രൂഫ് പാക്കിങ് ഉറപ്പാക്കുമെന്നും മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സൊമാട്ടോ അധികൃതര്‍ വ്യക്തമാക്കി.ഭക്ഷണം കേടുവരുത്തുകയും കൈയിട്ടുവാരുന്നതും സൊമാട്ടോ ഒരു തരത്തിലും അംഗീകരിക്കില്ല,ഇനി ഇത്തരം നടപടികള്‍ ഉണ്ടാകില്ലെന്നും അത് തടയാന്‍ എല്ലാ മാര്‍ഗങ്ങളും കൈക്കൊള്ളുമെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ഡെലിവറി ബോയുടെ ഭാഗത്തുനിന്നും ഉള്ള തെറ്റാണെന്നും അതിനാല്‍ അയാളെ പുറത്താക്കിയെന്നും സൊമാട്ടോ പ്രസ്താവനയില്‍ പറയുന്നു.