ഷോപ്പിങ്ങിന് പണം ചിലവാക്കുമ്പോൾ കരുതൽ വേണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഇന്ത്യയിലെ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ മാർക്കറ്റുകളിലും ഉത്സവ സീസൺ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണുകൾ, നൂതന ഗൃഹോപകരണങ്ങൾ എന്നിവയ്ക്കെല്ലാം ഓഫറുകളുടെ പെരുമഴ എന്ന വാഗ്ദാനവുമായാണ് പല വിപണനക്കാരും ഉപഭോക്താക്കളെ സമീപിക്കുന്നത്. നോ കോസ്റ്റ് ഇ എം ഐ, പേലെയ്റ്റർ സ്കീമുകളും ഇവരുടെ ആകർഷണീയത വർധിപ്പിക്കുന്നുണ്ട്. ഈ പ്രലോഭനങ്ങളെ അതിജീവിക്കുകയെന്നത് അത്ര ഏളുപ്പമായിരിക്കില്ല. ഉത്സവ സീസണുകളിൽ ഷോപ്പിംഗ് നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിൽക്കാലത്ത് അയ്യോ അബദ്ധം പറ്റിയല്ലോ എന്നോർക്കേണ്ടി വരില്ല.
ഉത്സവകാലങ്ങൾ ഏറെ സന്തോഷമുള്ള സമയമാണ്. അതുകൊണ്ട് തന്നെ പണം ഏറെ ചെലവഴിക്കാനും നമുക്ക് തോന്നാൻ സാധ്യതയുണ്ട്. നിങ്ങളുടെ പതിവ് ബജറ്റിന് പുറത്തുണ്ടാകുന്ന ചെലവുകളിൽ കൃത്യമായി ആലോചിച്ച ശേഷം മാത്രം തീരുമാനമെടുക്കുക എന്നതാണ് ചെയ്യേണ്ടത്. ഓഫറുകൾ കണ്ടയുടൻ ചാടി വീഴാതെ ഒരിക്കൽ കൂടി ആലോചിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.

ചില ഓഫറുകൾ ആദ്യ കാഴ്ചയിൽ ഏറെ ആകർഷകമായി തോന്നിയേക്കാം എന്നാൽ ഏല്ലായ്പ്പോഴും സത്യസന്ധമായിരിക്കണമെന്നില്ല. വില കൂട്ടിയിട്ടതിന് ശേഷം ഡിസ്കൗണ്ട് നൽകുന്ന വിൽപന തന്ത്രം ഇന്നും പയറ്റുന്നവർ നിരവധിയാണ്. കൃത്യമായി ആലോചിച്ചും ചിന്തിച്ചും മാത്രം ഇത്തരം സമയങ്ങളിൽ തീരുമാനമെടുക്കുക.
നോ കോസ്റ്റ് ഇ എം ഐ, പേ ലേറ്റർ തുടങ്ങിയ സ്കീമുകളുടെ ആകർഷണീയ വലയത്തിൽപ്പെട്ട് പലരും തങ്ങൾക്ക് ആവശ്യമുള്ളതിലും കൂടുതൽ ചെലവഴിക്കുകയും ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുകയും ചെയ്യാറുണ്ട്. ഇത് പിന്നീട് ഒരു അധിക ബാധ്യതയായി മാറിയേക്കാം.
പ്രീമിയം ഗാഡ്‌ജെറ്റുകളോ വീട്ടുപകരണങ്ങളോ അപ്‌ഗ്രേഡുചെയ്യുന്നതിനായി വായ്പയെടുക്കുന്നത് അനുചിതമാണ്. നിങ്ങളുടെ ബജറ്റിനുള്ളിൽ നിന്നുകൊണ്ട് മാത്രം ഇത്തരം കാര്യങ്ങൾ ചെയ്യുന്നതാണ് നല്ലത്. ബൈ നൗ പേ ലേറ്റർ പോലുള്ള സ്കീമുകൾ തികച്ചും ലോണിന് സമമാണെന്ന് കാര്യം മറക്കാതിരിക്കുക. ഇത്തരം സ്കീമിൽ നിങ്ങളൊരു ടിവി വാങ്ങുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾ ലോണെടുത്ത് ടിവി വാങ്ങുന്ന അതേ സാഹചര്യമാണ്. എന്നാൽ ഇത്തരം സ്കീമുകൾ അത്തരമൊരു പ്രതീതി നമുക്ക് നൽകാത്തതിനാൽ പലപ്പോഴും അതിൽ നാം പെട്ടുപോകാറാണുള്ളത്.
ഓൺലൈൻ മാർക്കറ്റുകളും ഓഫ് ലൈൻ കച്ചവടക്കാരും ഏതെങ്കിലും ഫിനാൻസ് കമ്പനിയുമായി ചേർന്നാകും ഇത്തരം ലോണുകൾ നൽകുന്നത്. എന്തെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ തിരിച്ചടവ് മുടങ്ങിയാൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ഭാവിയിൽ ഒരു വായ്പ അത്യവശ്യമായി വരുമ്പോൾ ലഭിക്കാത്ത സ്ഥിതിയുമുണ്ടായേക്കാം.
ഇത്തരത്തിൽ എന്തെങ്കിലും ഗ്യഡ്ജെറ്റ് അപ്ഗ്രേഡ് ചെയ്യാനോ, വീട്ടുപകരങ്ങൾ വാങ്ങാനോ ആലോചിക്കുന്നുണ്ടെങ്കിൽ അതിന്റെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണ് ശരിയായ സമീപനം.












Click it and Unblock the Notifications