പബ്ലിക് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍; ഇന്ത്യ കൈവരിച്ച നേട്ടം ലോകരാജ്യങ്ങള്‍ മാതൃകയാക്കുന്നു: ഗൗതം അദാനി
ലഖ്നൗ: പബ്ലിക് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ അഭിമാനം പങ്കുവെച്ച് പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത തരത്തില്‍ ശക്തമായ പബ്ലിക് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറാണ് ഇന്ത്യയ്ക്കുള്ളതെന്നും ആഗോള തലത്തില്‍ ഇത് സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐഐഎം) നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗൗതം അദാനി.
ഇന്ത്യയല്ലാതെ ഇത്രയും ശക്തമായ ഒരു സാങ്കേതിക ശേഖരം വളരെ വേഗത്തില്‍ കൈവരിച്ച മറ്റൊരു രാജ്യവും ഇല്ലെന്ന് ഗൗതം അദാനി അവകാശപ്പെട്ടു. ആധാര്‍, യുപിഐ, ഒഎന്‍ഡിസി തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് ഇതിന് സഹായകമായത്. നമുക്കുള്ളത് പോലെ ഒരു രാജ്യവും ശക്തമായ അടിത്തറ നിര്‍മ്മിച്ചിട്ടില്ല. 2050 ആകുമ്പോഴേക്കും ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ 25 ട്രില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ പബ്ലിക് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മുഖ്യ പങ്കു വഹിക്കും.

രാജ്യത്തിന്റെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്ന നാല് ഘടകങ്ങള്‍ അദാനി ചൂണ്ടിക്കാട്ടി.
യുവത്വവും ഊര്‍ജവുമുള്ള ജനസംഖ്യ
അതിവേഗം വളരുന്ന ആഭ്യന്തര ഡിമാന്‍ഡ്
ശക്തമായ പബ്ലിക് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനങ്ങള്‍
ഇന്ത്യന്‍ സംരംഭകരുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന ആഭ്യന്തര മൂലധനത്തിന്റെ കുതിച്ചുചാട്ടം
ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആഗോള തലത്തില്‍ തന്നെ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ആധാര്‍, യുപിഐ, ഒഎന്‍ഡിസി എന്നിവയിലൂടെ ഇന്ത്യ കൈവരിച്ചത് വലിയ നേട്ടമാണ്. സാമ്പത്തിക വികസനത്തിനായുള്ള ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്നും അദാനി ചൂണ്ടിക്കാട്ടി. ലോക ബാങ്ക് പോലും ഈ വര്‍ഷം ആദ്യം ഇന്ത്യയുടെ പബ്ലിക് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ ഒരു അതുല്യ വിജയഗാഥ എന്ന് അഭിനന്ദിച്ചിരുന്നു. ആഫ്രിക്ക മുതല്‍ ലാറ്റിന്‍ അമേരിക്ക വരെയുള്ള പല വികസ്വര സമ്പദ് വ്യവസ്ഥകളും ഇപ്പോള്‍ ഭാരതത്തിന്റെ മാതൃകയാണ് പിന്തുടരുന്നത്.
'ഇത് നിങ്ങളുടെ സമയമാണ്, ഇന്ത്യയാണ് ക്യാന്‍വാസ്' - വിദ്യാര്‍ത്ഥികളെ ചൂണ്ടിക്കാട്ടി അദാനി പറഞ്ഞു. ലഭിക്കുന്ന സാധ്യതകള്‍ വിപുലീകരിക്കുന്നവരുടെ കൈകളിലാണ് ഇന്ത്യയുടെ ഭാവിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പതിനാറാം വയസില്‍ മുംബൈയില്‍ വജ്ര വ്യാപാരത്തില്‍ തുടങ്ങി ഇന്ത്യ മുഴുവന്‍ വ്യാപിച്ച തന്റെ ബിസിനസ് വളര്‍ച്ചയെക്കുറിച്ചുള്ള അനുഭവങ്ങള്‍ അദാനി വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.
വിദഗ്ധര്‍ ഒരിക്കലും സാധ്യമല്ല എന്ന് വിശേഷിപ്പിച്ച ഭൂപ്രദേശങ്ങളില്‍ പോലും അടിസ്ഥാന സൗകര്യ ആസ്തികള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. മുന്ദ്ര, ഗുജറാത്തിലെ ഖാവ്ദ, ഓസ്ട്രേലിയ, ധാരാവി എന്നിവിടങ്ങളില്‍ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിന് ഉദാഹരണമാണ്. പുരോഗതി എന്നത് പലപ്പോഴും പ്രവചനങ്ങള്‍ക്കും ഡാറ്റകള്‍ക്കും അപ്പുറമാണെന്നും അദാനി പറഞ്ഞു.
'യുദ്ധത്താല്‍ തകര്‍ന്നതും ആധിപത്യത്തിനു വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്ന ഒരു ലോകത്ത് ഇന്ത്യ അതിന്റെ പക്വമായ നിലപാടുകള്‍ കൊണ്ട് അന്തസോടെ ഉയര്‍ന്നു നില്‍ക്കുന്നു.
കുറ്റങ്ങള്‍ കണ്ടെത്തുകയല്ല, മറിച്ച് വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത്. വിപണിയിലെ മത്സരാര്‍ത്ഥികളായല്ല, നാഗരികതയുടെ സംരക്ഷകരായാണ് നമ്മെ വളര്‍ത്തിയെടുക്കേണ്ടതെന്നും ഗൗതം അദാനി ഉപദേശിച്ചു.












Click it and Unblock the Notifications