ഒറ്റമത്സരത്തില്‍ നദാലിന്റെ അക്കൗണ്ടിലെത്തുന്ന തുക ഇത്ര; ആകെ ആസ്തി എത്രയെന്നറിയാമോ?
ലോക ടെന്നീസ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ റാഫേല്‍ നദാല്‍ ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 22 തവണ ഗ്രാന്‍ഡ് സ്ലാം ജേതാവായ റാഫേല്‍ നദാല്‍ 20 വര്‍ഷത്തിലേറെ നീണ്ട കരിയറിനാണ് വിരാമമിട്ടിരിക്കുന്നത്. 2004 ല്‍ സ്പാനിഷ് ടീമിനായി ഡേവിസ് കപ്പ് നേടിക്കൊണ്ടാണ് നദാല്‍ തന്റെ കിരീട വേട്ട ആരംഭിക്കുന്നത്.
വൈകാതെ പ്രൊഫഷണല്‍ ടെന്നീസില്‍ അറിയപ്പെടുന്ന താരമായി മാറാന്‍ നദാലിനായി. ഇതിഹാസ താരം റോജര്‍ ഫെഡററില്‍ നിന്ന് ലോക ടെന്നീസിന്റെ ബാറ്റണ്‍ കൈക്കലാക്കിയ നദാല്‍ പിന്നീട് ഇതേ ബാറ്റണ്‍ നൊവാക് ജ്യോക്കോവിച്ചിന് കൈമാറുന്നതായിരുന്നു കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ ടെന്നീസ് ലോകം കണ്ടത്. പല ടൂര്‍ണ്ണമെന്റുകളും ഫെഡറര്‍-നദാല്‍, ജ്യോക്കോവിച്ച്-നദാല്‍ എന്ന ഫൈനല്‍ പോരാട്ടത്തിന് ലോകം സാക്ഷിയായി.

ടെന്നീസ് ലോകത്തെ ഈ അജയ്യത സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൊയ്യാനും നദാലിനെ സഹായിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 100 അത്ലറ്റുകളുടെ പട്ടികയില്‍ ഉള്ള താരമാണ് റാഫേല്‍ നദാല്‍. 225 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി എന്നാണ കണക്കാക്കിയിരിക്കുന്നത്. അതായത് ഏകദേശം 1900 കോടി രൂപ. നദാലിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടൂര്‍ണമെന്റ് വിജയങ്ങളില്‍ നിന്നാണ് നേടിയിരിക്കുന്നത്.
സമ്മാനത്തുകയില്‍ മാത്രം 135 മില്യണ്‍ ഡോളറാണ് നദാല്‍ നേടിയത്. നദാലിന്റെ ആസ്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ 41% മാണ് വര്‍ധിച്ചത്. വിജയിക്കുന്ന മത്സരത്തിന് ഏകദേശം 5-6 ദശലക്ഷം ഡോളറാണ് നദാലിന് ലഭിക്കുന്നത്. കളിക്കളക്കിലെ മികച്ച പ്രകടനം കാരണം താരത്തിന്റെ പരസ്യമൂല്യവും വളരെ ഉയര്‍ന്നതാണ്. നിരവധി ലോകോത്തര ബ്രാന്‍ഡുകളുമായി നദാല്‍ സഹകരിക്കുന്നുണ്ട്.
നൈക്ക്, ബാബോലറ്റ്, കിയ, ടോമി ഹില്‍ഫിഗര്‍, ആംസ്റ്റല്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രമാണ്. ഇവയുമായുള്ള കരാര്‍ പ്രകാരം കോടികളാണ് നദാലിന്റെ അക്കൗണ്ടിലെത്തുന്നത്. മറ്റ് ബിസിനസ് സംരംഭങ്ങളിലും കായിക അക്കാദമിയിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. ടെന്നീസില്‍ അഭിനിവേശമുള്ള യുവാക്കള്‍ക്കായി മല്ലോര്‍ക്കയില്‍ റാഫ നദാല്‍ ടെന്നീസ് അക്കാദമി ആരംഭിച്ചിട്ടുണ്ട്.
കൂടാതെ റിയല്‍ എസ്റ്റേറ്റിലും ഹോസ്പിറ്റാലിറ്റിയിലും വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിന് പുറമെ കോടികള്‍ വിലയുള്ള വീടുകളും വാഹനങ്ങളും നദാലിന്റെ പേരിലുണ്ട്. 2013-ല്‍ റാഫ സ്‌പെയിനില്‍ ഒരു ആഡംബര വീട് സ്വന്തമാക്കിയിരുന്നു. കൂടാതെ നിരവധി റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളും താരത്തിന്റെ കൈവശമുണ്ട്. ഇതിന്റെ എല്ലാം മൂല്യം ഏകദേശം 6 ദശലക്ഷം ഡോളര്‍ വരും.
ആഡംബര കാറുകളുടെ വലിയൊരു ശേഖരവും നദാലിന്റെ ഗാരേജിലുണ്ട്. 400,000 ഡോളര്‍ വിലയുള്ള ഫെരാരി ആഡംബര കാര്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. കൂടാതെ ആസ്റ്റണ്‍ മാര്‍ട്ടിന്‍, ഫെരാരി, മെഴ്സിഡസ് ബെന്‍സ്, ബെന്റ്‌ലി എന്നീ കാറുകളും താരത്തിനുണ്ട്. തന്റെ സമ്പത്തിന്റെ ഒരു ഭാഗം ചാരിറ്റിക്കായും നദാല്‍ നീക്കിവെച്ചിട്ടുണ്ട്. റാഫേല്‍ നദാല്‍ ഫൗണ്ടേഷന്‍ വഴിയാണ് അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനം.












Click it and Unblock the Notifications