യോഗ മാത്രമല്ല... ബാബ രാംദേവിന് കച്ചവടം വേറേയും ഉണ്ട്
ദില്ലി: ബാബ രാംദേവ് എന്ന് കേള്‍ക്കുമ്പോള്‍ യോഗ ഗുരു ആയ രാംദേവിനെ ആയിരിക്കും ഓര്‍മ വരിക. എന്നാല്‍ ഈ യോഗ ഗുരുവിന് യോഗ മാത്രമല്ല പണി. അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വ്യാപ്തി അത്രത്തോളം ഉണ്ട്.
ആധ്യാത്മികതയാണ് രാംദേവിന്റെ വഴിയെങ്കിലും അദ്ദേഹത്തിന്റെ കച്ചവട മേഖല ഭൗതിക ലോകവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. സോപ്പും ചീപ്പും എണ്ണയും അടക്കമുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ മുതല്‍ ഭക്ഷ്യ വസ്തുക്കള്‍ വരെ നമ്മുടെ രാംദേവിന്റെ ബിസിനസ് പരിധിയില്‍ വരും.

പതഞ്ജലി എന്നാണ് സ്ഥാപനത്തിന്റെ പേര്. വളരെ പെട്ടെന്നാണ് പതഞ്ജലി ഒരു ബ്രാന്‍ഡ് ആയി ഇന്ത്യയില്‍ ഉയര്‍ന്ന് വന്നത്. 2012 ല്‍ വെറും 412 കോടി രൂപയായിരുന്നു കമ്പനിയുടെ ടേണ്‍ ഓവര്‍ എങ്കില്‍, 2013 ല്‍ അത് 850 കോടി രൂപയായി. 2014 എത്തിയപ്പോള്‍ ടേണ്‍ ഓവര്‍ വീണ്ടും ഉര്‍ന്ന് 1200 കോടി രൂപയായി. അടുത്ത വര്‍ഷം ഇത് 2000 കോടി രൂപയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതത്രെ.

പെട്ടെന്ന് വിറ്റഴിക്കപ്പെടുന്ന സാധനങ്ങളാണ് രാംദേവിന്റെ കമ്പനി ഉത്പാദിപ്പിക്കുന്നത്. സോപ്പ്, ഷാമ്പൂ, ബാമുകള്‍, സ്‌കിന്‍ ക്രീമുകള്‍, ബിസ്‌കറ്റ്, നെയ്യ്, ജ്യൂസുകള്‍, തേന്‍, ആട്ട, എണ്ണ, മസാല, പഞ്ചസാര തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ പതഞ്ജലിയിലൂടെ വിപണിയിലെത്തുന്നുണ്ട്. പിറ്റീ ഗ്രൂപ്പ് ആണ് ഇവരുടെ വിതരണക്കാര്‍.
മേഖലയില്‍ രാംദേവിന്റെ പ്രധാന എതിരാളികള്‍ ഇമാമിയും മാരികോയും ആണ്. മാരികോ ഏറെ മുന്നിലാണെങ്കിലും അടുത്ത് തന്നെ അവരേയും പതഞ്ജലിക്ക് മറികടക്കാനാകുമെന്നാണത്രെ കരുതുന്നത്.
റിലയന്‍സിന്റെ റീട്ടെയില്‍ ഷോപ്പുകളുമായി രാംദേവ് ഉണ്ടാക്കിയ ബന്ധവും പതഞ്ജലിയുടെ വളര്‍ച്ച് സഹായകമായിട്ടുണ്ടത്രെ. തുടക്കത്തില്‍ മുംബൈയിലെ 45 ഷോപ്പുകളില്‍ പതഞ്ജലിയുടെ കയോസ്‌കുകള്‍ വച്ചായിരുന്നു പരീക്ഷണം. 2015 ന്റെ അവസാനത്തോടെ ഇത് 1000 ഷോപ്പുകളിലേക്ക് വ്യാപിക്കാനാണത്രെ പദ്ധതി.
യോഗ അല്ലാതെ രാംദേവിന്റെ മറ്റ് ബിസിനസ്സുകളെ കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പതഞ്ജലിയെ കുറിച്ചുള്ള ഈ പ്രത്യേക റിപ്പോര്‍ട്ട് ടൈംസ് ഓഫ് ഇന്ത്യയില്‍ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications