റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണോ ? ഒക്ടോബർ 10 മുതൽ അവസരം
മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ മാറ്റുന്നതിനുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സമർപ്പിക്കാമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുക. അപേക്ഷകർക്ക് അക്ഷയ കേന്ദ്രങ്ങളിൽച്ചെന്നോ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.civilsupplieskerala.gov.in വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻചെയ്താണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

അപേക്ഷകർ അപേക്ഷയോടൊപ്പം നിങ്ങൾ മുൻഗണനയ്ക്ക് അർഹരാണെന്ന് തെളിയിക്കുന്ന രേഖകളും സമർപ്പിക്കേണ്ടതാണ്. മുന്‍ഗണനാ കാര്‍ഡിന് വേണ്ടി നേരത്തേ അപേക്ഷ നൽകിയതിൽ 11,348 പേരെ യോഗ്യരായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവർക്ക് കാർഡുകൾ അനുവദിച്ചുവെന്നും സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. പ്രതിമാസ ഫോൺ- ഇൻ പരിപാടിക്കിടെയാണ് മന്തി ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകളും, 2,96,455 എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുകളും 7306 എന്‍.പി.ഐ (ബ്രൗണ്‍) കാര്‍ഡുകളും ഉള്‍പ്പെടെ ആകെ 3,94,254 പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു. 3,51,745 പിഎച്ച്എച്ച് കാര്‍ഡുകളും 28,793 എഎവൈ (മഞ്ഞ) കാര്‍ഡുകളും ഉള്‍പ്പെടെ 3,22,952 മുന്‍ഗണന കാര്‍ഡുകള്‍ തരം മാറ്റി നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം അർഹരല്ലാതെ മുന്‍ഗണന കാര്‍ഡ് കൈവശം വച്ചിരുന്നവരിൽ നിന്ന് 2021 മേയ് 21 മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിലായി 4,609 റേഷന്‍ കാര്‍ഡുകൾ ആണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നായി ആകെ 5,21,48,697 രൂപ പിഴ ഈടാക്കിയതായും മന്ത്രി അറിയിച്ചു. 'ഓപ്പറേഷന്‍ യെല്ലോ' യുടെ ഭാഗമായി 4,19,19,486 രൂപ പിഴ ഈടാക്കിയെന്നും സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.












Click it and Unblock the Notifications