1000 രൂപാ നോട്ടുകൾ തിരിച്ചു വരുമോ ? ആർബിഐയുടെ ഉത്തരം ഇങ്ങനെ
രാജ്യത്തെ 2000 രൂപാ നോട്ടുകളുടെ ഉപയോഗം നിരോധിച്ചിട്ട് ദിവസങ്ങളായി. കയ്യിലുള്ള 2000 രൂപാ നോട്ടുകൾ മുഴുവൻ ബാങ്കുകളിലെത്തി മാറ്റുകയോ നിക്ഷേപമാക്കി മാറ്റണമെന്നോ ആർ ബി ഐയുടെ നിർദേശമുണ്ടായിരുന്നു. സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപാ നോട്ടുകളിൽ 87 ശതമാനവും തിരിച്ചെത്തിയതായാണ് റിപ്പോർട്ട്. അതേ സമയം ഇതിന്റെ ബാക്കിയെന്നോണ് 10,000 കോടി രൂപ മൂല്യമുള്ള 2000 രൂപാ നോട്ടുകൾ ഇനിയും തിരിച്ചെത്താനുമുണ്ട്.
2000 രൂപാ നോട്ടുകൾ നിരോധിച്ചതോടെ രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും ഉയർന്ന മൂല്യമുള്ള നോട്ട് 500 രൂപയുടേതായി മാറി. ഈ സാഹചര്യത്തിൽ പല കേന്ദ്രങ്ങളിൽ നിന്നും പുതിയ ഊഹാപോഹങ്ങൾ ഉടലെടുത്തു. 2000 രൂപാ നോട്ടുകൾ ഉടൻ തിരിച്ചു വന്നേക്കുമോ എന്നുള്ള തരത്തിലുള്ളവയാണ് ഇതിൽ പ്രധാനം. സോഷ്യൽ മീഡിയയിലാണ് ഈ പ്രചാരണങ്ങൾ ഏറ്റവും കൂടുതൽ നടന്നത്. എന്നാൽ പലരുടെയും ഈ സംശയത്തിന് ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് വാർത്താ ഏജൻസിയായ എ എൻ ഐ.

1000 രൂപയുടെ നോട്ട് വീണ്ടും അവതരിപ്പിക്കാൻ ആർ ബി ഐക്ക് പദ്ധതിയില്ല എന്നാണ് എ എൻ ഐ എക്സിലൂടെ കുറിച്ചിരിക്കുന്നത്. ഇതേ കാര്യം ആർ ബി ഐയും സ്ഥിരീകരിച്ചിട്ടുണ്ട്.
RBI is not in consideration of the re-introduction of Rs 1000 note: Sources
— ANI (@ANI) October 20, 2023
രാജ്യത്ത് മതിയായ പണമൊഴുക്കിനായ് ഇപ്പോൾ 500 രൂപയുടെ നോട്ടുകളുടെ വിതരണം വഴി പരിഹരിക്കപ്പെടുന്നുണ്ട് എന്ന് ആർ ബി ഐ ചൂണ്ടിക്കാട്ടി. ഇത് കൂടാതെ രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളുടെ വർധനവ് നോട്ടുകളുടെ ഡിമാന്റ് കുറയുന്നതിന് കാരണമായി എന്നും ആർ ബി ഐ അറിയിച്ചു.
അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ആർ ബി ഐ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2016 ലാണ് ഇന്ത്യയിൽ 1000 രൂപ, 500 രൂപ നോട്ടുകൾ പിൻവലിച്ചത്. ഇതിനു പകരമായി പുതിയ രൂപത്തിൽ 500, 2000 രൂപ നോട്ടുകൾ ഇറക്കുകയായിരുന്നു കേന്ദ്ര സർക്കാർ ചെയ്തത്. അതേ സമയം 2000 രൂപാ നോട്ടുകളും ഈ വർഷം നിരോധിച്ചു.
2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനും മാറുന്നതിനുമുള്ള സമയപരിധി ഈയടുത്തിടെ അവസാനിപ്പിച്ചിരുന്നു. നിലവിൽ ബാങ്കുകളിലോ മറ്റ് വ്യാപാര സ്ഥാപനങ്ങളിലോ ഒന്നും 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നില്ല. അതേ സമയം ആർ ബി ഐയുടെ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന 19 റീജിയണൽ ഓഫീസുകളിൽ ഒന്നിൽ 2000 രൂപാ നോട്ടുകൾ ഇപ്പോൾ മാറാനാകും.












Click it and Unblock the Notifications