10 കൊല്ലം മുന്‍പ് 26000, ഇന്ന് കൊടുക്കേണ്ടത് 74000 രൂപ! സ്വര്‍ണവില മാറിയത് ഇങ്ങനെ..
അനുദിനം റെക്കോഡില്‍ നിന്ന് റെക്കോഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണവില. ഇന്ന് സ്വര്‍ണത്തിന് വില കൂടിയിട്ടില്ലെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോഡുകള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ് സ്വര്‍ണവില. ഇന്നലെ പവന് 480 രൂപ കൂടി 56480 രൂപയെന്ന ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് കൊടുക്കേണ്ടത് 7060 രൂപയാണ്.
24 കാരറ്റ് സ്വര്‍ണത്തിന് പവന് 61616 രൂപയും 18 കാരറ്റിന് 46720 രൂപയുമാണ് ഏറ്റവും പുതിയ നിരക്ക്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ മുന്‍നിര ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ആഭരണം എന്നതിനേക്കാളുപരി ഇന്ത്യയിലെ ജനങ്ങള്‍ സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപ ഓപ്ഷനായി കണക്കാക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഇറക്കുമതിക്കാരാണ് ഇന്ത്യ.

കാലക്രമേണ ഏറ്റക്കുറച്ചിലുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന്റെ ആകര്‍ഷണം ഇന്ത്യയില്‍ ഇപ്പോഴും സ്ഥിരത പുലര്‍ത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി സ്വര്‍ണവില ഉയരുന്നതിന്റെ പ്രവണതയാണ് കാണിക്കുന്നത്. എങ്കിലും പത്ത് വര്‍ഷം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് രണ്ടിരട്ടിയോളം വില നല്‍കേണ്ടി വരും എന്ന് അന്നാരും കരുതിക്കാണില്ല.
2000 മുതല്‍ 2024 വരെയുള്ള ഇന്ത്യയിലെ ശരാശരി വാര്‍ഷിക സ്വര്‍ണ്ണ നിരക്ക് ആണ് ഇനി ഇവിടെ പരിശോധിക്കാന്‍ പോകുന്നത്. 2000 മാര്‍ച്ചില്‍ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 3212 ആയിരുന്നു വില. ആ വര്‍ഷം ശരാശരി 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 4400 ആയിരുന്നു. 2001 ല്‍ ഇതേ കാലത്ത് 3073 ആയി സ്വര്‍ണവില കുറഞ്ഞു. 2002 ല്‍ 3670, 2003 ല്‍ 3857, 2004 ല്‍ 4448 എന്നിങ്ങനെയായിരുന്നു സ്വര്‍ണവില.
2005 മാര്‍ച്ചില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 4550 ഉം 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 7638 ഉം ആയിരുന്നു. 2006 ല്‍ 6255, 2007 ല്‍ 6890, 2008 ല്‍ 8892 എന്നിങ്ങനെയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 10000 എന്ന മാന്ത്രികസംഖ്യ ആദ്യമായി മറികടക്കുന്നത് 2009 അവസാനത്തോടെയാണ്. 2010 ല്‍ 12280, 2011 ല്‍ 15560, 2012 ല്‍ 20880 എന്നിങ്ങനെയായി സ്വര്‍ണവില ഉയര്‍ന്നു.
10000 ത്തില്‍ നിന്ന് 20000 ത്തിലേക്ക് പവന്‍വില എത്താന്‍ വെറും മൂന്ന് വര്‍ഷമേ വേണ്ടി വന്നുള്ളൂ എന്നാണ് ഇത് കാണിക്കുന്നത്. 2013 ല്‍ 22240, 2014 ല്‍ 21480, 2015 ല്‍ 19760 എന്നിങ്ങനെയായി സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. സമീപകാലത്ത് സ്വര്‍ണത്തിനുണ്ടായ ഏറ്റവും വലിയ ഇടിവുകളില്‍ ഒന്ന് ഇതായിരുന്നു. എന്നാല്‍ 2016 തൊട്ട് സ്വര്‍ണ്ണവില (21360) തിരിച്ചുകയറാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് സാധാരണക്കാരുടെ നെഞ്ചില്‍ തീ കോരിയിട്ട് കൊണ്ടാണ് പവന്‍വില കുതിച്ചത്.
2017 ല്‍ 21800, 2018 ല്‍ 22600, 2019 ല്‍ 23720, 2020 ല്‍ 32000, 2021 ല്‍ 32880, 2022 ല്‍ 38120, 2023 ല്‍ 44000 എന്നിങ്ങനെയായി വില ഉയര്‍ന്നു. 2024 മാര്‍ച്ച് 31 ന് പവന്‍ വില 50200 ആയിരുന്നു. ഇതാണ് വെറും ആറ് മാസം കൊണ്ട് ആറായിരം രൂപയോളം കൂടി ഇന്നത്തെ വിലയായ 56480 ല്‍ എത്തി നില്‍ക്കുന്നത്. പത്ത് കൊല്ലം മുന്‍പ് 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് 26703 രൂപയായിരുന്നെങ്കില്‍ ഇന്നത്തെ വില അനുസരിച്ച് 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് കൊടുക്കേണ്ടത് 74530 രൂപയാണ്!












Click it and Unblock the Notifications