കൂപ്പുകുത്തി സ്വര്‍ണവില; അവസരം മുതലെടുക്കാം... രൂപ തകര്‍ന്നടിഞ്ഞു, പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുകയാണ്. രൂപ കരുത്താര്‍ജിച്ചാല്‍ സ്വര്‍ണവില ഇനിയും കുറയും. ഈ മാസത്തെ ആദ്യ പ്രവൃത്തിദിനത്തില്‍ തന്നെ സ്വര്‍ണവില ഇടിഞ്ഞത് ആഭരണ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
ഡോളര്‍ മൂല്യം കുറയാതെ നില്‍ക്കുകയാണ്. ബിറ്റ് കോയിന്‍ റെക്കോര്‍ഡ് വിലയിലേക്കുള്ള കുതിപ്പ് തുടരുന്നു. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ മാറ്റങ്ങല്‍ പ്രകടമല്ല. അന്താരാഷ്ട്ര തലത്തില്‍ രാഷ്ട്രീയ സമവായ ശ്രമങ്ങള്‍ ഫലം കാണുന്ന സാഹചര്യത്തില്‍ കൂടിയാണ് സ്വര്‍ണവില താഴുന്നത്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ സ്വര്‍ണവില വരുംദിവസങ്ങളിലും ഇടിയും. ഇന്നത്തെ പവന്‍വില സംബന്ധിച്ച് അറിയാം...

കേരളത്തില്‍ ഇന്ന് 56720 രൂപയാണ് പവന്‍ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7090 എന്ന നിരക്കിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാരറ്റിലുള്ള സ്വര്‍ണം ഗ്രാമിന് 5860 രൂപയാണ് വില. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 97 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. ഔണ്‍സിന് 2625 ഡോളര്‍ എന്ന നിരക്കിലേക്ക് ഇടിഞ്ഞു.
ആഗോള വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ ഇടിവാണ് കേരള വിപണിയിലും ഇന്ന് പ്രതിഫലിക്കുന്നത്. സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നവര്‍ക്കും നേട്ടം കൊയ്യാം. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കി അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ചില ജ്വല്ലറികള്‍ കാലാവധി നല്‍കുന്നുണ്ട്.
ഡോളര്‍ സൂചിക 106.27 എന്ന നിരക്കിലാണുള്ളത്. കഴിഞ്ഞ പ്രവൃത്തിദിനവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂല്യം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വര്‍ണവില ഇനിയും കുറയാനുള്ള സാധ്യതയും ഏറി. എന്നാല്‍ ഇന്ത്യന്‍ രൂപയുടെ കാര്യം കഷ്ടമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ച്ചയിലാണ് രൂപ. ഡോളറിനെതിരെ 84.62 എന്ന നിരക്കിലേക്കാണ് ഇടിഞ്ഞത്. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ നേരിയ വ്യത്യാസങ്ങള്‍ പ്രകടമാകും.
ബിറ്റ് കോയിന്‍ വിലയും ഉയരുകയാണ്. നേരത്തെ ഒരു ബിറ്റ് കോയിന് 96000 ഡോളര്‍ എന്ന നിരക്കില്‍ നിന്ന് വീണ് 92000ത്തിലേക്ക് അടുത്തിരുന്നു. എന്നാല്‍ വീണ്ടും തിരിച്ചുകയറി 96000 പിന്നിട്ട് കുതിക്കുന്നുണ്ട്. ക്രിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവും അതിവേഗം വില കൂടുന്നത് ബിറ്റ് കോയിനാണ്. പല രാജ്യങ്ങളിലും ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് നിരോധനമുണ്ട്.
ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്നു എന്ന് പറയാം. ബ്രെന്റ് ക്രൂഡ് ബാരലിന് 72.25 ഡോളര്‍ ആണ് വില. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 68 ഡോളറും യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 71 ഡോളറുമാണ് വില. ലബനാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതുമാണ് സ്വര്‍ണവില കുറയാനുള്ള കാരണങ്ങളില്‍ ചിലത്.












Click it and Unblock the Notifications