മാസവസാനവും താഴാതെ സ്വര്‍ണം, ആശ്വസിക്കാന്‍ വകയില്ല; ഇന്നത്തെ വില ഇങ്ങനെ
ആഭരണം എന്നതിലേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് ഭൂരിഭാഗം പേരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ എല്ലാവരും സാകൂതം നിരീക്ഷിക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിലയില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. ഈ മാസം മുഴുവനും 50000 ത്തിനും മുകളിലാണ് പവന്‍വില.
ഏപ്രില്‍ അവസാനിക്കുന്ന ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഇന്നലത്തെ 53240 എന്ന നിലയില്‍ തന്നെയാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6655 രൂപയാണ് കൊടുക്കേണ്ടത്. ഏപ്രില്‍ 19 ന് രേഖപ്പെടുത്തിയ 54520 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വില. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയും ഇത് തന്നെ. ഏപ്രില്‍ രണ്ടിന് സ്വര്‍ണവില 50860 ആയിരുന്നു.

ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏപ്രില്‍ മൂന്നിനാണ് പവന്‍വില ആദ്യമായി 51000 കടന്നത്. ഏപ്രില്‍ ആറിന് 52000 വും ഏപ്രില്‍ 12 ന് 53000 വും പിന്നിട്ട സ്വര്‍ണം ഏപ്രില്‍ 16 നാണ് 54000 കടന്നത്. ഈ മാസം ഏഴ് ദിവസം 54000 രൂപക്ക് മുകളിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. ഏപ്രില്‍ 23 ന് 54040 എന്ന നിലയില്‍ നിന്ന് 52920 എന്ന നിലയിലേക്ക് സ്വര്‍ണം താഴേക്ക് വീണെങ്കിലും പിറ്റേദിവസം മുതല്‍ തിരികെ കയറാന്‍ തുടങ്ങി.
സ്വര്‍ണവിലയെ പലഘടകങ്ങളാണ് നിശ്ചയിക്കുന്നത്. എണ്ണവില, ഡോളര്‍ നിരക്ക്, യുദ്ധം, മറ്റ് അന്താരാഷ്ട്ര സാഹചര്യങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണ വിലയില്‍ സ്വാധീനം ചെലുത്തും. അതിനാല്‍ തന്നെ സ്വര്‍ണവിലയെ സംബന്ധിച്ച് ഒരു പ്രവചനം അസാധ്യമാണ്. എങ്കിലും സ്വര്‍ണവില ഈ നിരക്കില്‍ സ്ഥിരമായിരിക്കില്ല എന്നാണ് ജ്വല്ലറി ഉടമകളുടെ വിലയിരുത്തല്‍. അല്‍പം കൂടി ഉയര്‍ന്ന ശേഷം ഒരു സ്ഥിരത സ്വര്‍ണവിലയില്‍ ഉണ്ടായേക്കും എന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം വില പിടിവിട്ട് കുതിക്കുമ്പോഴും സ്വര്‍ണം വാങ്ങാനെത്തുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടില്ല. എങ്കിലും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ വലിയ വ്യത്യാസം വന്നിട്ടുണ്ട്. മുന്‍പ് വിവാഹത്തിനായി 30-40 പവന്‍ വാങ്ങിയവര്‍ ഇപ്പോള്‍ 15-20 എന്നതിലേക്ക് എത്തിയിട്ടുണ്ട്. അതിനിടെ പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications