സ്വര്‍ണവില മാറി; നാലാംദിനം കുതിച്ചു, ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്... പവന്‍ വില അറിയാം
കൊച്ചി: പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ വിപണിയില്‍ ആശങ്ക. എങ്കിലും വലിയ കോലാഹരമുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. ആനുപാതികമായി കേരളത്തിലും വില വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വില തുടരുകയായിരുന്നു സ്വര്‍ണത്തിന്. ഇന്നാണ് മാറ്റം സംഭവിച്ചിരിക്കുന്നത്.
എണ്ണ ഉല്‍പ്പാദക രാജ്യമാണ് സിറിയ. അവിടെയുണ്ടായിട്ടുള്ള രാഷ്ട്രീയ മാറ്റം അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് വില ഉയരാന്‍ കാരണമാകുമോ എന്ന ആശങ്കയാണുള്ളത്. എന്നാല്‍ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഏറെ കാലമായി സിറിയയില്‍ നിന്നുള്ള ഉല്‍പ്പാദനവും കയറ്റുമതിയും കുറഞ്ഞ തോതിലാണെന്നും സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. ഇതിനിടെയാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധിച്ചത്. 57040 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. 22 കാരറ്റ് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7130 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5885 രൂപയിലെത്തി. അതേസമയം, വെള്ളിയുടെ വിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല. ഗ്രാമിന് 98 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2642 ഡോളറാണ് ഇന്നത്തെ വില. നേരിയ മുന്നേറ്റം മാത്രമാണുള്ളത്. അതേസമയം, ക്രൂഡ് ഓയില്‍ വിലയിലും നേരിയ മുന്നേറ്റം പ്രകടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 71.40 ഡോളര്‍ ആണ് വില. ഡോളര്‍ സൂചിക അല്‍പ്പം കയറി. 106.19 എന്ന നിരക്കിലാണ് സൂചിക. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 84.71 എന്ന നിരക്കിലാണുള്ളത്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ ബലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുകയറിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ ഇന്ന് ഇടിഞ്ഞിട്ടുണ്ട്. ഒരു ബിറ്റ് കോയിന് 99000 ഡോളറിന് താഴെയാണ് വില. ഈ ക്രിപ്‌റ്റോ കറന്‍സിയുടെ വില ഇനിയും കൂടിയേക്കുമെന്ന് പ്രവചനമുണ്ട്. അമേരിക്ക വന്‍ തോതില്‍ ബിറ്റ് കോയിന്‍ വാങ്ങി സൂക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന പ്രചാരണമാണ് വില കൂടുമെന്ന സൂചന നല്‍കുന്നത്.
കേരളത്തില്‍ സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 57200 രൂപയായിരുന്നു. കുറഞ്ഞ പവന്‍ വില 56720 രൂപയും. ഈ രണ്ട് വിലയ്ക്കും ഇടയിലാണ് ഇന്നത്തെ വില. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 62000 രൂപ വരെ ചെലവ് വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണ് ഈ വിലയിലെത്തുക.
ഇന്ന് സ്വര്‍ണം ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മോശം ദിനമാണ് എന്ന് പറയാന്‍ സാധിക്കില്ല. കാരണം വലിയ വില മാറ്റം ഇന്ന് സംഭവിച്ചിട്ടില്ല. നേരിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടാകുന്നത്. വിപണിയില്‍ സാധാരണമായ സാഹചര്യമാണിത്. അതേസമയം, ഡോളര്‍ ഇനിയും കരുത്ത് വര്‍ധിപ്പിക്കുമെന്നും അപ്പോള്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നു കരുതി വാങ്ങാന്‍ കാത്തിരിക്കാതെ, അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കുന്നതാകും നല്ലത്.












Click it and Unblock the Notifications