സ്വര്‍ണവില തിരിച്ചുകയറി; പണി വന്നത് രൂപ വഴി, ഇനിയും ഉയരും... ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തിരിച്ചുകയറി. കഴിഞ്ഞ ദിവസം 480 രൂപ കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു എങ്കില്‍ ഇന്ന് ഗിയര്‍ മാറ്റിയിരിക്കുകയാണ് സ്വര്‍ണം. വരുംദിവസങ്ങളിലും വിലയില്‍ മുന്നേറ്റത്തിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുന്നതാണ് ഇതിന് കാരണം. ഡോളര്‍ കരുത്ത് കുറയാതെ നില്‍ക്കുകയാണ്.
ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്. ക്രൂഡ് ഓയില്‍ വിലയിലും ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഇല്ല. എന്നാല്‍ രൂപയുടെ ഇടിവും അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പ്രസ്താവനയും വിപണിയില്‍ നേരിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം കൂടിയാണ് സ്വര്‍ണത്തിന്റെ വിലക്കയറ്റം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57040 രൂപയാണ് നല്‍കേണ്ടത്. 22 കാരറ്റ് സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ചു. ഗ്രാമിന് 40 രൂപ കൂടി 7130 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5890 രൂപയിലെത്തി. 18 കാരറ്റില്‍ പുതിയ ഡിസൈനുകള്‍ ലഭ്യമായതിനാല്‍ ഇതിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്നുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. വെള്ളിയുടെ വില ഗ്രാമിന് 97 രൂപയില്‍ തുടരുകയാണ്.
ഇന്ന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കുന്നതാകും നല്ലത്. ആവശ്യമുള്ള തുകയുടെ എത്ര ശതമാനം നല്‍കുന്നു എന്നതിന് അനുസരിച്ചാണ് ബുക്കിങ് കാലാവധി നിര്‍ണയിക്കുക. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് സ്വര്‍ണം കിട്ടാനുള്ള വഴിയാണിത്. വില കുറയുകയാണെങ്കില്‍ ആ വിലയ്ക്ക് വാങ്ങുകയും ചെയ്യാം. രൂപ അതിവേഗം തിരിച്ചുവരാന്‍ സാധ്യതയില്ലാത്തതിനാല്‍ സ്വര്‍ണവില ഇനിയും കൂടിയേക്കും.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2640 ഡോളര്‍ ആണ് വില. കഴിഞ്ഞ ദിവസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഗാസയില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് സൂചന നല്‍കിയതാണ് വിപണിയെ ആശങ്കയിലാക്കിയത്. മാത്രമല്ല, ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം നികുതി ചുമത്താനും മടക്കില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളും ആശങ്കക്കിടയാക്കി.
ഡോളര്‍ സൂചിക 106.55 എന്ന നിരക്കിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപ 84.73ലേക്ക് ഇടിഞ്ഞത് വലിയ തിരിച്ചടിയാണ്. ഇന്ത്യയിലേക്ക് ഇറക്കുന്ന വസ്തുക്കള്‍ക്ക് വലിയ വില നല്‍കേണ്ടി വരും. ഇതാകട്ടെ, ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കും. ഇന്ത്യന്‍ ധനം വിദേശത്തേക്ക് കൂടുതല്‍ ഒഴുകാന്‍ കാരണമാകും. ശക്തമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് തടസം സൃഷ്ടിക്കുന്നതാണിത്.
അതേസമയം, ബിറ്റ് കോയിന്‍ വില 96030 ഡോളര്‍ എന്ന നിരക്കിലാണുള്ളത്. ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ മാറ്റമില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 71.94 ഡോളര്‍ എന്ന നിരക്കിലാണുള്ളത്. ഏഷ്യയിലേക്ക് വില്‍ക്കുന്ന ക്രൂഡ് ഓയിലിന് അല്‍പ്പം വില കുറച്ച് നല്‍കുമെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസകരമാണ്.












Click it and Unblock the Notifications