സ്വര്‍ണം ഞെട്ടിച്ചു; 800 രൂപയുടെ വര്‍ധന, സ്വര്‍ണവില അര ലക്ഷം തൊടുന്നു... ഇന്നത്തെ വില അറിയാം
കൊച്ചി: സ്വര്‍ണ വിലയില്‍ ഞെട്ടിക്കുന്ന വര്‍ധന. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ യോഗം കഴിഞ്ഞ പിന്നാലെ സ്വര്‍ണം കുതിപ്പ് തുടങ്ങി. കേരളത്തില്‍ ഒരു പവന് 800 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സമീപ കാലത്ത് ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. ഇതോടെ കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി.
അര ലക്ഷം രൂപ തൊടാന്‍ പോകുന്ന സ്വര്‍ണം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുകയാണ്. ഈ മാസം ഒന്നിന് പവന്‍ വില 46320 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 3000 രൂപയുടെ കുറവാണിത്. മൂന്നാഴ്ചയ്ക്കിടെ ഒരു പവന് 3120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ജ്വല്ലറി വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ വലയ്ക്കുന്നതാണ് ഈ വില വര്‍ധന.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 49440 രൂപയാണ്. 800 രൂപ വര്‍ധിച്ച് പവന്‍ വില ഈ നിരക്കിലെത്തുമ്പോള്‍ ഗ്രാമിന് ഇന്ന് 100 രൂപയാണ് വര്‍ധിച്ചത് എന്നോര്‍ക്കണം. സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണിന്ന്. അതേസമയം, വില്‍ക്കാന്‍ കൊതിക്കുന്നവര്‍ക്ക് വലിയ നേട്ടവും. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 6180 രൂപയാണ്.
പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് ഇന്ന് ലഭിക്കാന്‍ സാധ്യത 47500 രൂപയ്ക്ക് മുകളിലാണ്. അതേസമയം, സ്വര്‍ണവില ഇനിയും വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത. അമേരിക്കന്‍ വിപണിയിലെ മാറ്റങ്ങളാണ് ആഗോള വിപണികളിലെ പുതിയ മാറ്റത്തിന് കാരണം. അമേരിക്കന്‍ ഫെഡ് റിസര്‍വ് ഈ വര്‍ഷം പലിശ നിരക്ക് ഘട്ടങ്ങളായി കുറയ്ക്കുമെന്ന സൂചന പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ വൈകീട്ടായിരുന്നു ഫെഡ് റിസര്‍വ് യോഗം. പലിശ നിരക്കില്‍ മാറ്റം വരുത്താതെയാണ് യോഗം പിരിഞ്ഞത്. 23 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പലിശ നിരക്കുള്ളത്. തുടര്‍ച്ചയായ അഞ്ചാം യോഗമാണ് പലിശ നിരക്കില്‍ മാറ്റം വരുത്താതെ പിരിയുന്നത്. എന്നാല്‍ ഈ വര്‍ഷം മൂന്ന് തവണയായി പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഈ വിവരം പുറത്തുവന്നതോടെ സ്വര്‍ണവില ഉയരുകയായിരുന്നു.
അമേരിക്കന്‍ ഡോളര്‍ സൂചിക 103.23ലാണുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇടിവ് വന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.08 എന്ന നിരക്കിലാണ്. ആഗോള വിപണിയില്‍ എണ്ണവിലയും കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 86.51 ഡോളര്‍ ആണ് പുതിയ വില. ഡബ്ല്യുടിഐ ക്രൂഡിന് 81.68 ഡോളര്‍, മര്‍ബണ്‍ ക്രൂഡിന് 86.44 ഡോളര്‍ എന്നിങ്ങനെയാണ് വില.
എണ്ണ വില തുടര്‍ച്ചയായി വര്‍ധിക്കുന്നത് ആഗോള വിപണികളിലെ സന്തുലിതത്വം തകിടം മറിക്കും. അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരാന്‍ കാരണമാകും. വിപണിയില്‍ ആശങ്ക പടര്‍ന്നാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. നിക്ഷേപകര്‍ക്ക് പുറമെ കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടും. ഇതെല്ലാം സ്വര്‍ണത്തിന് ഇനിയും വില വര്‍ധിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.












Click it and Unblock the Notifications