ഇന്നലെ രണ്ടുവട്ടം കൂടി.. എന്നിട്ടും അടങ്ങാതെ സ്വര്‍ണം; ഇന്നത്തെ പവന്‍വിലയും സര്‍വകാലറെക്കോഡില്‍
സംസ്ഥാനത്ത് ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില പിടിവിട്ട് കുതിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം ഒരു ദിവസം രണ്ട് തവണ സ്വര്‍ണവില കൂടുന്നതിനും ഇന്നലെ കേരളം സാക്ഷിയായി. ഇന്നലെ രാവിലെ 80 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 52600 എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. ഉച്ചക്ക് ശേഷം 200 രൂപ കൂടി വര്‍ധിക്കുകയും ചെയ്തതോടെ 52800 എന്ന റെക്കോഡും സ്വര്‍ണം പവന്‍ വിലയില്‍ കുറിച്ചു.
ഇന്നലെ രണ്ട് തവണ കൂടിയതിന്റെ കിതപ്പൊന്നും സ്വര്‍ണവിലയില്‍ ഇന്നുണ്ടായിട്ടില്ല. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്നലത്തെ റെക്കോഡ് വില തിരുത്തിയിരിക്കുകയാണ് സ്വര്‍ണം. ഇന്ന് 52880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൊടുക്കേണ്ടത്. അതായത് ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 6610 രൂപ വേണം. ഇന്നലത്തെ പോലെ ഇന്ന് വൈകീട്ടും സ്വര്‍ണവില കൂടിയാല്‍ 53000 എന്ന മാജിക് ഫിഗറില്‍ സ്വര്‍ണമെത്തും.

മാര്‍ച്ച് 29 നാണ് സ്വര്‍ണവില ആദ്യമായി 50000 ത്തില്‍ എത്തിയത്. അതിന് ശേഷം സ്വര്‍ണത്തിന്റെ പവന്‍വില അരലക്ഷത്തില്‍ നിന്ന് താഴേക്ക് വീണിട്ടില്ല. ഏപ്രില്‍ മാസത്തെ ഏറ്റവും കുറഞ്ഞ വില 50680 ആണ്. ഏപ്രില്‍ രണ്ടിനായിരുന്നു ഇത്. അതിന് ശേഷം 50000 എന്ന ഫിഗറിലേക്കും സ്വര്‍ണവില എത്തിയിട്ടില്ല. 51000-52000 എന്നതിന് ഇടക്കാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഈ ആഴ്ചയിലെ മൂന്ന് ദിവസം കൊണ്ട് തന്നെ 360 രൂപയുടെ വര്‍ധനവുണ്ടായി കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10 ന് 44320 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു വര്‍ഷം കൊണ്ട് 8560 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ച് കൈയെത്താ ദൂരത്താണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ തന്നെ സ്വര്‍ണത്തിന് ഏറെ ഡിമാന്‍ഡുള്ള സമയമാണ് മാര്‍ച്ച്-മേയ് മാസങ്ങള്‍.
എന്നാല്‍ ഈ നിലക്ക് സ്വര്‍ണവില കുതിച്ചുയര്‍ന്നാല്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നതില്‍ കുറവ് വരും എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. വില വര്‍ധനവ് മുന്നില്‍ക്കണ്ട് നേരത്തെ തന്നെ സ്വര്‍ണം ബുക്ക് ചെയ്തവര്‍ക്ക് അല്‍പമെങ്കിലും ആശ്വസിക്കാം. പണിക്കൂലി, ജിഎസ്ടി തുടങ്ങിയവ വരുന്നതിനാല്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ചുരുങ്ങിയത് 57000 രൂപയെങ്കിലും ഒടുക്കേണ്ടി വരും.
ചുരുക്കി പറഞ്ഞാല്‍ പത്ത് ലക്ഷം രൂപയുണ്ടെങ്കില്‍ പോലും അഞ്ച് പവന്‍ സ്വര്‍ണം തികച്ച് വാങ്ങാനാകില്ല എന്ന് സാരം. ഈ സാഹചര്യത്തില്‍ പണിക്കൂലി കുറവുള്ള ആഭരണങ്ങള്‍ വാങ്ങുന്നതാണ് ബുദ്ധി. കുറഞ്ഞ ഡിസൈനിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കുറയും. എങ്കിലും വിവാഹ പര്‍ച്ചേസിംഗില്‍ ആഭരണങ്ങളുടെ ഡിസൈനില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പലരും തയ്യാറാകാറില്ല.
സ്വര്‍ണവിലയെ നിര്‍ണയിക്കുന്നത് നിരവധി ഘടകങ്ങളാണ്. അതിനാല്‍ തന്നെ പവന്‍വിലയുടെ ഭാവി പ്രവചിക്കുക എളുപ്പമല്ല. ഡോളറിലെ മാറ്റം, യുദ്ധം പോലുള്ള അന്താരാഷ്ട്ര സാഹചര്യങ്ങള്‍, എണ്ണവില, കാലാവസ്ഥ എന്നിവയെല്ലാം സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഭരണം എന്നതിലുപരി സുരക്ഷിത നിക്ഷേപ മാര്‍ഗം എന്ന നിലയിലും സ്വര്‍ണത്തെ പലരും കാണുന്നുണ്ട്.
നിലവില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ 10 വര്‍ഷം മുന്‍പ് സ്വര്‍ണം വാങ്ങി സൂക്ഷിച്ചവര്‍ക്ക് ഇന്ന് ഇരട്ടിയിലധികം വില വാങ്ങി വില്‍ക്കാന്‍ സാധിക്കും. 2014 ഏപ്രില്‍ 10 ന് ഒരു പവന്‍ സ്വര്‍ണത്തിന് 21960 ആയിരുന്നു വില. ഒരു ഗ്രാമിന് 2745 രൂപയും. ഇതാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ ദിവസം യഥാക്രമം 52880, 6610 എന്ന നിലയില്‍ എത്തിയിരിക്കുന്നത്. പവന്‍ വിലയില്‍ പത്ത് വര്‍ഷം കൊണ്ട് 30920 രൂപയുടേയും 3865 രൂപയുടേയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications