ലോകത്തെ പവര്‍ഫുള്‍ കറന്‍സി ഡോളര്‍ അല്ല; ആദ്യ മൂന്നും ജിസിസി രാജ്യങ്ങളിലേത്, രൂപയുടെ സ്ഥാനം...
ദുബായ്: ലോകത്ത് ഏറ്റവും കൂടുതല്‍ ഇടപാട് നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ട് അമേരിക്കന്‍ ഡോളര്‍ ആണ് ലോകത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി എന്ന് കരുതരുത്. നമുക്ക് അറിയാത്ത ചില കറന്‍സികള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകത്തെ മൂല്യമേറിയ കറന്‍സികളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടപ്പോള്‍ ഇന്ത്യന്‍ രൂപ ആദ്യ പത്തില്‍ ഇല്ല.
19 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് യൂറോസോണ്‍ മേഖല. യൂറോപ്യന്‍ രാജ്യങ്ങളുടെ ഈ കൂട്ടായ്മയില്‍ ഉപയോഗിക്കുന്ന കറന്‍സി യൂറോ ആണ്. എന്നാല്‍ യൂറോ ഏറ്റവും മൂല്യമുള്ള കറന്‍സിയല്ല. ഓരോ രാജ്യത്തിന്റെയും കറന്‍സിയുടെ മൂല്യം നിശ്ചയിക്കുന്നത് വ്യത്യസ്തമായ ഘടകങ്ങള്‍ പരിശോധിച്ചാണ്. ഏറ്റവും ശക്തമായ പത്ത് കറന്‍സികള്‍ ഏതൊക്കെ, രൂപയുടെ സ്ഥാനം എവിടെ എന്നൊക്കെ വിശദീകരിക്കാം...

ജിസിസി രാജ്യമായ കുവൈത്തിന്റെ കറന്‍സിയായ കുവൈത്തി ദിനാര്‍ ആണ് ലോകത്ത് ഏറ്റവും മൂല്യമേറിയ കറന്‍സി. 270 രൂപയ്ക്ക് തുല്യമാണ് ഒരു കുവൈത്തി ദിനാര്‍. ജനുവരി പത്തിലെ മൂല്യം കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഓരോ ദിവസവും കറന്‍സികളുടെ മൂല്യത്തില്‍ നേരിയ വ്യതിയാനമുണ്ടാകാനുള്ള സാധ്യതയുണ്ട്.
കുവൈത്തി ദിനാറിന് ശേഷം ഏറ്റവും മൂല്യമുള്ള കറന്‍സി ജിസിസി രാജ്യമായ ബഹ്‌റൈനിന്റെ ബഹ്‌റൈനി ദിനാര്‍ ആണ്. 220 രൂപയ്ക്ക് തുല്യമാണ് ഒരു ബഹ്‌റൈനി ദിനാര്‍. മൂന്നാം സ്ഥാനത്ത് ഒമാനി റിയാല്‍ ആണ്. 215 രൂപയ്ക്ക് തുല്യമാണ് ഒരു ഒമാനി റിയാല്‍. നാലാം സ്ഥാനത്ത് ജോര്‍ദാന്‍ ദിനാര്‍ ആണ്. 117 രൂപയ്ക്ക് തുല്യമാണ് ഒരു ജോര്‍ദാന്‍ ദിനാര്‍.
അഞ്ചാം സ്ഥാനത്ത് ജിബ്രാള്‍ട്ടര്‍ പൗണ്ട്, ആറാം സ്ഥാനത്ത് ബ്രിട്ടീഷ് പൗണ്ട്, ഏഴാം സ്ഥാനത്ത് സയ്മാന്‍ ദ്വീപ് ഡോളര്‍. എട്ടാം സ്ഥാനത്ത് സ്വിസ് ഫ്രാങ്ക്, ഒമ്പതാം സ്ഥാനത്താണ് യൂറോ വരുന്നത്. പത്താം സ്ഥാനത്താണ് അമേരിക്കന്‍ ഡോളര്‍. ഐഎംഎഫ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ രൂപയുടെ റാങ്ക് 15 ആണ്. അതിവേഗം വളരുന്ന രാജ്യങ്ങളായി ഇന്ത്യയെയും ബ്രസീലിനെയും മെക്‌സിക്കോയെയും ഐഎംഎഫ് പരിഗണിക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തിന്റെ കറന്‍സി മൂല്യം കണക്കാക്കുക. കൂടാതെ രാഷ്ട്രീയ സ്ഥിരത, കറന്‍സിക്ക് ആഗോള തലത്തിലുള്ള ആവശ്യം, ആ രാജ്യത്തിന്റെ പ്രകൃതി വിഭവം എന്നിവയും കറന്‍സി മൂല്യം നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ്. പലിശ നിരക്ക്, പണപ്പെരുപ്പം എന്നിവയും നിര്‍ണായകമാണ്. ലോകത്ത് 180 കറന്‍സികള്‍ക്കാണ് ഐക്യരാഷ്ട്രസഭ നിയമ സാധുത നല്‍കുന്നത്.
1960ലാണ് കുവൈത്തി ദിനാര്‍ വിപണിയിലെത്തിയത്. തുടര്‍ച്ചയായി കറന്‍സി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുവൈത്തി ദിനാറുണ്ട്. എണ്ണ വിഭവവും നികുതി രഹിത സംവിധാനവുമാണ് കുവൈത്തി ദിനാറിന് ശക്തി പകരുന്നത്. കൂടാതെ രാഷ്ട്രീയ സുസ്ഥിരതയും കുവൈത്തിന്റെ മേന്മയാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ കുവൈത്തി ദിനാറില്‍ നിക്ഷേപിക്കുന്നതിന് യാതൊരു ആശങ്കയും വേണ്ട.












Click it and Unblock the Notifications