ബിസിനസിലെ സുതാര്യത: പതഞ്ജലി ഫുഡ്സ് ലിമിറ്റഡിന് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം
മുംബൈ: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതഞ്ജലി ഫുഡ്സ് ലിമിറ്റഡിന് അംഗീകാരം. ബിസിനസ് മേഖലയില്‍ സംരംഭകത്വത്തിന്റെ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് കമ്പനി. അന്താരാഷ്ട്ര തലത്തിലുള്ള എഇഒ (അംഗീകൃത സാമ്പത്തിക ഓപ്പറേറ്റര്‍) ടിയര്‍-2 സര്‍ട്ടിഫിക്കറ്റാണ് പതഞ്ജലി ഫുഡ്സ് ലിമിറ്റഡിന് ലഭിച്ചത്.
വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷനും ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനകാര്യ മന്ത്രാലയവും ഇന്ത്യന്‍ കസ്റ്റംസും ചേര്‍ന്നാണ് പതഞ്ജലിക്ക് എഇഒ ടിയര്‍-2 സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പതഞ്ജലിയുടെ ആഗോള വ്യാപാരത്തിലെ സത്യസന്ധത, വിശ്വാസ്യത, ഗുണനിലവാരം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഈ സര്‍ട്ടിഫിക്കറ്റ്.
ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനികളില്‍ ചുരുക്കം ചില കമ്പനികള്‍ക്ക് മാത്രമേ ഈ അഭിമാനകരമായ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ. ഇപ്പോള്‍ പതഞ്ജലിയുടെ പേരും ഈ പട്ടികയില്‍ സുവര്‍ണ ലിപികളാല്‍ എഴുതി ചേര്‍ത്തതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിലുള്ള 28-ലധികം തരം വ്യാപാര ആനുകൂല്യങ്ങള്‍ പതഞ്ജലി ഫുഡ്സിന് ലഭിക്കും. ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കല്‍, ഡ്യൂട്ടി ഡിഫേര്‍ഡ് പേയ്മെന്റ്, ഡയറക്ട് പോര്‍ട്ട് ഡെലിവറി, 24 × 7 ക്ലിയറന്‍സ് സൗകര്യം എന്നിവ ഇതില്‍ ഉള്‍പ്പെടും.
പതഞ്ജലി ഫുഡ്സിന്റെ ഗുണനിലവാരം, സുതാര്യമായ പ്രവര്‍ത്തന സംവിധാനം, ദേശീയ താല്‍പ്പര്യത്തിനായുള്ള സംഭാവന എന്നിവ പരിഗണിച്ചാണ് എഇഒ ടിയര്‍-2 സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഇത് വെറുമൊരു സര്‍ട്ടിഫിക്കറ്റ് മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് ശക്തി പകരുന്ന അംഗീകാരമാണ്.
'ഇത് പതഞ്ജലി കുടുംബത്തിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ ദിവസമാണെന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷം ബാബ രാംദേവ് പറഞ്ഞു. ഗുണനിലവാരത്തിലും വിശ്വാസ്യതയിലും പതഞ്ജലി എല്ലാ ദിവസവും ആഗോള കമ്പനികളുമായി മത്സരിച്ച് മുന്നേറുകയാണ്. രാഷ്ട്രനിര്‍മ്മാണത്തിനായുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ സര്‍ട്ടിഫിക്കറ്റ് അടയാളപ്പെടുത്തുന്നുവെന്നും യോഗ ഗുരു ബാബാ രാംദേവ് പറഞ്ഞു.
പതഞ്ജലി കുടുംബത്തിന്റെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു. എഇഒ ടിയര്‍-2 സര്‍ട്ടിഫിക്കറ്റ് കമ്പനിയുടെ സുതാര്യത, ഗുണമേന്മ, അന്താരാഷ്ട്ര നിലവാരം എന്നിവയുടെ തെളിവാണ്. ഇത് കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഈ ബഹുമതി രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലും പതഞ്ജലിയുടെ പ്രശസ്തി എത്തിക്കും. ഇന്ത്യന്‍ സംസ്‌കാരം, ആയുര്‍വേദം, തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായകരമാണ്. ലോകത്തിലെ ഏറ്റവും മികച്ച എഫ്എംസിജി ബ്രാന്‍ഡുകളിലൊന്നായി പതഞ്ജലിയെ ഉയര്‍ത്തുമെന്നും ഇന്ത്യയുടെ കയറ്റുമതി പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.












Click it and Unblock the Notifications