സ്വർണ വിലയില്‍ വന്‍ ഇടിവ്: ആഘോഷമാക്കുന്നത് യുഎഇ പ്രവാസികള്‍: പവന് കേരളത്തേക്കാള്‍ വന്‍ കുറവ്
ദുബായ്: സ്വർണ വിലയിലെ ഇടിവ് ആഘോഷമാക്കി മലയാളി പ്രവാസികള്‍ ഉള്‍പ്പെടേയുള്ള യു എ ഇ നിവാസികള്‍. രാജ്യാന്തര വിപണിയിലെ ഇടിവിന് അനുസൃതമായി കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ റെക്കോർഡ് നിരക്കിലുള്ള കുറവാണ് യു എ ഇയിലും സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പ്രവാസികളും തദ്ദേശീയരും മാത്രമല്ല, രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ വരെ ദുബായി ഗോള്‍ഡ് സൂക്ക് അടക്കമുള്ള പ്രധാന സ്വർണ വിപണികളില്‍ നിന്നും കൂടുതലായി ഇടപാട് നടത്താന്‍ തുടങ്ങിയെന്നാണ് വ്യാപാര സ്ഥാപനങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നത്.
ഒരു ഗ്രാം സ്വർണത്തിന് 287.50 ദിർഹം എന്ന നിലയിലാണ് യു എ ഇയില്‍ വെള്ളിയാഴ്ച സ്വർണ വ്യാപാരം നടന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ ഗ്രാമിന് 6609.94 ഉം പവന് 52879 രൂപ. കേരളത്തിലെ ഇന്നത്തെ വിലയായ 55560 ലേതിനേക്കാള്‍ 2679 രൂപ കുറവാണ് യു എ ഇയില്‍ ഒരു പവന് ഈടാക്കുന്നത്. ഇറക്കുമതി നികുതി അടക്കമുള്ള ഘടകങ്ങളാണ് യു എ ഇയേക്കാള്‍ ഇന്ത്യയിലെ വില ഉയർന്ന് നില്‍ക്കാനുള്ള പ്രധാന കാരണം.

വില കുറഞ്ഞതോടെ ഷോപ്പുകളിലെ ഇടപാടുകള്‍ വലിയ രീതിയില്‍ ഉയർന്നിട്ടുണ്ട്. സ്വർണവില റെക്കോർഡുകള്‍ ഭേദിച്ച ഒക്ടോബർ മാസത്തിന്റെ അവസാന ദിനങ്ങളില്‍ ജ്വല്ലറികളില്‍ എത്തുന്നവരുടെ എണ്ണം താരതമ്യേനെ കുറവായിരുന്നു. എന്നാല്‍ വില വലിയ തോതില്‍ താഴേക്ക് പോയതോടെ ആളുകള്‍ കൂടുതലായി സ്വർണം വാങ്ങാനായി തുടങ്ങിയിട്ടുണ്ട്. ഈ വിലയിടിവ് താല്‍ക്കാലികമായിരിക്കാമെന്ന ധാരണയും നിലവിലെ ഇടപാടുകളിലെ വർധനവിന് കാരണമായിട്ടുണ്ടെന്നാണ് ഗോള്‍ഡ് സൂക്കിലെ വ്യാപാരി വിലയിരുത്തുന്നത്.
"സ്വർണ്ണം വാങ്ങുന്നതിനായി ആളുകളുടെ തിരക്ക് വീണ്ടും അനുഭവപ്പെട്ട് തുടങ്ങിയിരിക്കുകയാണ് ദുബായ് ഗോൾഡ് സൂക്കിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് അത് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ഭാഗ്യവശാൽ, യു എ ഇയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് സീസണിലാണ് ഈ വിലയിടിവ് ഉണ്ടായിരിക്കുന്നത് എന്നതാണ്. വിനോദ സഞ്ചാരികളില്‍ വലിയൊരു വിഭാഗം ഷോപ്പുകളിലേക്ക് എത്തുന്നു. കഴിഞ്ഞ 14 ദിവസങ്ങള്‍ക്ക് ഇടയിലാണ് ഈ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയത്" ഗോള്‍ഡ് സൂക്കിലെ ഒരു സ്വർണ വ്യാപാരി പറഞ്ഞു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാജ്യാന്തര വിപണയില്‍ സ്വർണവില താഴേക്ക് പോകാനിടയാക്കിയത്. ട്രംപിന്റെ വിജയം ഡോളറിന്റേയും യുഎസ് ബോണ്ട് യീല്‍ഡിന്റേയും കുതിപ്പിന് ഇടയാക്കി. ഇതോടെ സ്വർണ വില താഴോട്ട് പോയി. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2572 ഡോളര്‍ എന്ന നിലവാരത്തിലാണ് നിലവിലെ വില്‍പ്പന. ഒക്ടോബറില്‍ വില 2747 വരെ ഉയർന്നിരുന്നു.












Click it and Unblock the Notifications