യുപിഐ പണമിടപാടിന്റെ പരിധി കൂട്ടി റിസര്‍വ് ബാങ്ക്; ഒരു ദിവസം എത്ര രൂപ വരെ അയയ്ക്കാം?
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ വന്‍ ഇളവുകള്‍ അനുവദിച്ച് റിസര്‍വ് ബാങ്ക്. യുപിഐ 123 പേ, യുപിഐ ലൈറ്റ് എന്നിവയിലെ പണമിടപാട് പരിധി ഉയര്‍ത്തിയിരിക്കുകയാണ് ആര്‍ബിഐ. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്നതാണ് പുതിയ തീരുമാനം.
യുപിഐ 123 പേയില്‍ ഒരു ദിവസത്തെ പണമിടപാട് പരിധി 5000 ത്തില്‍ നിന്ന് 10000 രൂപയായും യുപിഐ ലൈറ്റില്‍ 2000 രൂപയില്‍ നിന്ന് 5000 രൂപയായും ആണ് ഉയര്‍ത്തിയിരിക്കുന്നത്. യുപിഐ ലൈറ്റിലെ ഓരോ ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് 1,000 രൂപയായും ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള ഡിജിറ്റല്‍ പേയ്മെന്റുകളുടെ പ്രവേശനക്ഷമതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനാണ് പുതിയ നീക്കം.

സ്മാര്‍ട്ട്ഫോണുകളോ അതിവേഗ ഇന്റര്‍നെറ്റ് ആക്സസോ ഇല്ലാത്തവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് നടപടിയെന്ന് ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. 'യുപിഐ സേവനം ഇന്ത്യയുടെ സാമ്പത്തിക മേഖലയെ മാറ്റിമറിച്ചു. അതിനാല്‍ തന്നെ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു. ഇടപാടുകളുടെ പരിധി ഉയര്‍ത്തിയത് സംബന്ധിച്ച നിബന്ധനകള്‍ എന്‍പിസിഐ ഉടന്‍ പുറത്തിറക്കും.
ഇടപാട് പരിധി ഉയര്‍ത്തിയതോടെ കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് ടു ഫാക്ടര്‍ വെരിഫിക്കേഷന്റെ ആവശ്യകത ഇല്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് 5000 രൂപവരെയുള്ള ഇടപാടുകള്‍ നടത്താന്‍ കഴിയും. സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 68800 കോടി രൂപയാണ് ഓരോ ദിവസവും യുപിഐയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് എന്നാണ് ആര്‍ബിഐയുടെ കണക്ക്. കഴിഞ്ഞ 5 മാസമായി പ്രതിമാസ യുപിഐ ഇടപാട് മൂല്യം 20 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
2022 മാര്‍ച്ചില്‍ ആണ് യുപിഐ 123 പേ ആരംഭിക്കുന്നത്. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ സഹായിക്കുന്നതിന് വേണ്ടി ആര്‍ബിഐയും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് യുപിഐ 123 പേ ആവിഷ്‌കരിക്കുന്നത്. ഇന്ത്യയിലെ 400 ദശലക്ഷം ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ നീക്കം.
സ്മാര്‍ട്ട്ഫോണുകളും ഇന്റര്‍നെറ്റ് ആക്സസ്സും ആവശ്യമുള്ള സാധാരണ യുപിഐ സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഫീച്ചര്‍ ഫോണുകളുള്ള ഉപയോക്താക്കള്‍ക്ക് ലളിതമായ രീതികളിലൂടെ ഇടപാടുകള്‍ നടത്താന്‍ ഇതുവഴി സാധിക്കും. മലയാളം ഉള്‍പ്പെടെ 12 പ്രാദേശിക ഭാഷകളില്‍ സേവനം ലഭ്യമാണ്. ചെറിയ മൂല്യമുള്ള ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് വേണ്ടിയായിരുന്നു യുപിഐ ലൈറ്റ് അവതരിപ്പിച്ചത്.
2022 സെപ്റ്റംബറില്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ആര്‍ബിഐയും ചേര്‍ന്നാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. നിലവിലുള്ള യുപിഐ സംവിധാനത്തിന്റെ മിനി വേര്‍ഷനാണിത്.
പലിശനിരക്കില്‍ മാറ്റമില്ല
റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തന്നെ തുടരുമെന്ന് റിസര്‍വ് ബാങ്ക്. വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തു. തുടര്‍ച്ചയായി പത്താം തവണയാണ് റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ റിസര്‍വ് ബാങ്ക് നിലനിര്‍ത്തുന്നത്. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്തത്.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ 6.5 ശതമാനത്തില്‍ ആണ് റിപ്പോ നിരക്ക്.












Click it and Unblock the Notifications