ലോകശ്രദ്ധ നേടി വിഴിഞ്ഞം ; കേരളം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുമോ ?
തിരുവനന്തപുരം : വാർത്തകളിൽ നിറയുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പലിനെ സ്വീകരിക്കാനുള്ള തിരക്കിലാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര തുറമുഖമാണിത്. രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് പോർട്ട് ആണിത്. 20,000 മുതൽ 25,000 കണ്ടെയ്നറുകൾ വഹിക്കാവുന്ന കൂറ്റൻ കപ്പലുകൾ വരെ വിഴിഞ്ഞത്തേക്ക് അടുപ്പിക്കാമെന്നാണ് പറയുന്നത്. കേരളത്തിനെന്നല്ല , രാജ്യത്തിനു തന്നെ വ്യാവസായികപരമായി വലിയ നേട്ടമാണ് വിഴിഞ്ഞത്തിലൂടെ യാഥാർത്ഥ്യമാകാൻ പോകുന്നത്.
അതേ സമയം വിഴിഞ്ഞം പദ്ധതിയുടെ നേട്ടങ്ങളിൽ പ്രധാനപ്പെട്ടത് സർക്കാരിനു ലഭിക്കുന്ന സാമ്പത്തിക വരുമാനം തന്നെയാണ്. ആദ്യ ഘട്ടത്തിൽ സർക്കാരിന് നികുതി വരുമാനം കിട്ടിത്തുടങ്ങും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ചെറിയ വിഹിതമാണെങ്കിലും അത് വരവിനത്തിൽ കണക്കു കൂട്ടാവുന്ന ഒരു സംഖ്യയാകും. നിലവിൽ കപ്പലുകളിൽനിന്നു തുറമുഖം ഇൗടാക്കുന്ന ഫീസ്, കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള നിരക്കുകൾ, ഇന്ധനം നിറയ്ക്കുന്നതിനുള്ള ചെലവ് തുടങ്ങിയവയുടെ ചരക്കു സേവന നികുതിയാണ് (ജിഎസ്ടി) സർക്കാരിനുള്ള മുഖ്യ വരുമാനം. 18 ശതമാനം ജി എസ് ടി ഇനത്തിൽ മാത്രം ലഭിക്കുമെന്നോർക്കണം.

കേന്ദ്രവും സംസ്ഥാനവും തുല്യമായാണ് തുകകൾ വീതിച്ചെടുക്കുക. തുറമുഖങ്ങൾ വഴി യന്ത്രങ്ങൾ കൊണ്ടു വന്നാൽ അതും സർക്കാരിന് വരുമാനമാണ്. യന്ത്രങ്ങൾക്ക് ഐ ജി എസ് ടി ഈടാക്കും. ഈയിനത്തിൽ കഴിഞ്ഞ ദിവസം 3 ക്രെയിനുകൾ കൊണ്ടു വന്നപ്പോൾ 30 കോടി രൂപ ജി എസ് ടി ലഭിച്ചിരുന്നു.
എന്നാൽ 15 വർഷങ്ങൾക്ക് ശേഷം ഇതല്ല സ്ഥിതി. വിഴിഞ്ഞം തുറമുഖം പൂർണമായി പ്രവർത്തനമാരംഭിക്കുന്നതോടെ 400 കോടി രൂപയോളം വിഹിതം സംസ്ഥാന സർക്കാരിന് ലഭിക്കും. നികുതി കൂടി ഉൾപ്പെടുത്തിയ തുകയാണിത്. കരാർ പ്രകാരമാണ് ഇങ്ങനെ തിട്ടപ്പെടുത്തിയിരിക്കുന്നത്. അതേ സമയം 2027 ഓടെ 30 ലക്ഷം കണ്ടെയ്നറുകൾ തുറമുഖത്ത് കൈകാര്യം ചെയ്യാൻ സാധിക്കുന്ന നിലയിലേക്കാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഇതോടെ ഒരു വർഷം തുറമുഖത്തു നിന്ന് 2500 കോടിയുടെ വരുമാനമാണ് പ്രതീക്ഷിയ്ക്കുന്നത്.
കൊളംബോ, ദുബായ് ജബൽഅലി, സിംഗപ്പൂർ തുറമുഖങ്ങളിലൂടെ കടക്കുന്ന കപ്പലുകളിൽ ഭൂരിഭാഗവും വിഴിഞ്ഞത്തേക്കും എത്തും. അങ്ങനെ വ്യാവസായികമായും സാമ്പത്തികമായും ഇന്ത്യയുടെ മുഖച്ഛായ മാറ്റാൻ തക്ക കരുത്തുണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്. വർഷങ്ങളുടെ അധ്വാന ഫലത്തിന്റെ സാക്ഷാത്കാരമായി ഇന്ന് വൈകീട്ട് 4 മണിയോടെ ചൈനയിൽ നിന്നുള്ള ആദ്യ ചരക്കു കപ്പൽ ഷെൻഹുവ-15 ഔദ്യോഗികമായി തീരത്തേക്ക് അടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.












Click it and Unblock the Notifications