പാലക്കാട്ടുകാരി ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ആദ്യ വനിത സിഇഒ; സൗന്ദര്യ വിപണിയെ നയിക്കാന്‍ ഉഷ നായര്‍
മുംബൈ: പാലക്കാട് വേരുകളുള്ള മലയാളി പ്രിയ നായര്‍ ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ തലപ്പത്ത് നിയമിതയായി. ഓഗസ്റ്റ് ഒന്നു മുതലാണ് എഫ്എംസിജി ഭീമനായ എച്ച്‌യുഎല്ലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായി പ്രിയ നായര്‍ ചുമതല ഏല്‍ക്കുന്നത്. കമ്പനിയുടെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത തലപ്പത്ത് എത്തുന്നത്.
നിലവില്‍ എച്ച്‌യുഎല്ലിന്റെ മാതൃ കമ്പനിയായ യൂണിലിവറിന്റെ, ആഗോളതലത്തില്‍ വളരുന്ന ബിസിനസുകളില്‍ ഒന്നായ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിങ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് പ്രിയ. ലണ്ടനിലാണിപ്പോള്‍ പ്രിയയുള്ളത്.

ജൂലൈ 31ന് സ്ഥാനമൊഴിയുന്ന രോഹിത് ജാവയുടെ സ്ഥാനത്താണ് 52 കാരിയായ പ്രിയ നായര്‍ ചുമതല ഏല്‍ക്കുന്നത്. 1995 ലാണ് പ്രിയ എച്ച്‌യുഎല്ലില്‍ ചേരുന്നത്. 30 വര്‍ഷം നീണ്ട സേവനത്തിനുള്ള അംഗീകാരമായാണ് പ്രിയ കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. ഹോം കെയര്‍, ബ്യൂട്ടി പേഴ്‌സണല്‍ കെയര്‍ എന്നീ വിഭാഗങ്ങളുടെ വളര്‍ച്ചയില്‍ ഉള്‍പ്പെടെ നേതൃപരമായ റോളുകളില്‍ പ്രിയ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഡോവ്, റിന്‍, കംഫര്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ വളര്‍ച്ചയ്ക്ക് അവര്‍ നേതൃത്വം നല്‍കി.
കണ്‍സ്യൂമര്‍ ഇന്‍സൈറ്റ്‌സ് മാനേജര്‍, ബ്രാന്‍ഡ് മാനേജര്‍ എന്നീ റോളുകളില്‍ ആയിരുന്നു പ്രിയ ആദ്യം സേവനം അനുഷ്ഠിച്ചിരുന്നത്. വര്‍ഷങ്ങളോളം ലോണ്‍ട്രി ബിസിനസിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തെ നയിച്ച പ്രിയ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ വിപണി വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ സൈഡന്‍ഹാം കോളജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സില്‍ നിന്ന് ബികോം ബിരുദം സമ്പാദിച്ച ശേഷം പൂനെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റില്‍ നിന്നാണ് മാര്‍ക്കറ്റിങ്ങില്‍ എംബിഎ നേടിയത്. പിന്നീട് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ ചേര്‍ന്നു.
പ്രിയയുടെ നിയമനം സംബന്ധിച്ച് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ചെയര്‍മാന്‍ നിതിന്‍ പരഞ്ജ്പെ പറയുന്നതിങ്ങനെ 'ഇന്ത്യന്‍ വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും മികച്ച ട്രാക്ക് റെക്കോര്‍ഡുമുള്ള പ്രിയയ്ക്ക് എച്ച്‌യുഎല്ലിനെ വളര്‍ച്ചയുടെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്'.
മലയാളിയായ പ്രിയ നായരെ കമ്പനിയുടെ ആദ്യത്തെ വനിതാ സിഇഒയായി നിയമിച്ചതിന് പിന്നാലെ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഓഹരികളില്‍ മുന്നേറ്റമുണ്ടായി. വെള്ളിയാഴ്ച വ്യാപാരത്തിനിടെ ഓഹരി വില 4.80 ശതമാനം ഉയര്‍ന്ന് 2529 രൂപയിലെത്തി. പ്രിയ നായരെ നായരുടെ നിയമനത്തെ പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നത്. ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍, പ്രസ്റ്റീജ് ബ്യൂട്ടി, ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് ബ്രാന്‍ഡുകളിലായി ആഗോള തലത്തില്‍ 1.30 ലക്ഷം കോടിയുടെ മൂല്യമാണ് കമ്പനിക്കുള്ളത്.












Click it and Unblock the Notifications