സ്ത്രീകളുടെ സ്വര്‍ണം സൂക്ഷിപ്പിന് രണ്ട് തരം പരിധി; പുരുഷന്മാര്‍ക്ക് 100 ഗ്രാം മാത്രം, അളവ് കൂടിയാല്‍ പെടും
എത്ര വില കൂടിയാലും സ്വര്‍ണത്തിന് മാറ്റ് കുറയില്ല. ഭാവിയിലും വില കൂടുമെന്ന പ്രതീക്ഷയാണ് മഞ്ഞലോഹത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം. ആഭരണമായും കോയിനുകളായും കട്ടികളായും സ്വര്‍ണം വാങ്ങുന്നവരുണ്ട്. വിവിധ കാരറ്റിലുള്ള സ്വര്‍ണത്തില്‍ ആകര്‍ഷണം 22 കാരറ്റാണെങ്കിലും നിക്ഷേപമായി കരുതുന്നവര്‍ 24 കാരറ്റിലേക്ക് കേന്ദ്രീകരിക്കും.
സ്വര്‍ണം വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. സ്വര്‍ണം വാങ്ങുമ്പോള്‍ വരുന്ന അധിക ചെലവാണ് ജിഎസ്ടി. പരിധി വിട്ടുള്ള സ്വര്‍ണം ശേഖരിച്ചുവച്ചാലും നികുതി ഒടുക്കേണ്ടി വരും. വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും കൈവശം വയ്ക്കാന്‍ സാധിക്കുന്ന സ്വര്‍ണത്തിന്റെ അളവ് വ്യത്യസ്തമാണ്. പുരുഷന്മാര്‍ക്കും ഇക്കാര്യത്തില്‍ പരിധിയുണ്ട്...

സ്വര്‍ണം ആഭരണമായി വാങ്ങുന്നവര്‍ ജിഎസ്ടിയെ കുറിച്ച് അറിയണം. ആഭരണം വാങ്ങുന്ന വേളയില്‍ സ്വര്‍ണത്തിന് മാത്രമല്ല, ആഭരണം നിര്‍മിച്ചതിനുള്ള പണിക്കൂലിയും ജിഎസ്ടിയും നല്‍കണം. സ്വര്‍ണത്തിന്റെ തൂക്കം, പണിക്കൂലി എന്നിവയ്ക്ക് വേണ്ടി വരുന്ന തുകയുടെ മൂന്ന് ശതമാനമാണ് നികുതിയായി നല്‍കേണ്ടത്. കുറഞ്ഞ പണിക്കൂലിയില്‍ വരുന്ന ആഭരണത്തിന്റെ നികുതിയും കുറയുമെന്ന് ചുരുക്കം.
നേരത്തെ പ്രഖ്യാപിച്ച് നികുതി ഒടുക്കിയിട്ടുള്ള വരുമാനം ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങുന്നത് എങ്കില്‍ നികുതി കൊടുക്കേണ്ടതില്ല എന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് വ്യക്തമാക്കുന്നത്. എന്നാല്‍ പരിധി വിട്ട് സ്വര്‍ണം കൈവശമുണ്ടെന്ന് കണ്ടെത്തിയാല്‍ ഏത് പണം ഉപയോഗിച്ചാണ് ഇവ വാങ്ങിയത് എന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും.
സര്‍ക്കാര്‍ നിശ്ചയിച്ച പരിധിക്ക് താഴെയുള്ള സ്വര്‍ണം ആണ് അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡിനിടെ കണ്ടെത്തുന്നതെങ്കില്‍ അവ കണ്ടുകെട്ടാന്‍ സാധിക്കില്ല. സര്‍ക്കാര്‍ നിയോഗിച്ച പരിധി എത്രയാണ് എന്ന് ആദ്യം അറിയേണ്ടതുണ്ട്. വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം സ്വര്‍ണാഭരണം വരെ രേഖയില്ലാതെ സൂക്ഷിക്കാം. അവിവാഹിതരായ യുവതികള്‍ക്ക് 250 ഗ്രാം ആഭരണം വരെ ആകാം. പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണവും. ഇവയ്ക്ക് പുറമെ സ്വര്‍ണം കണ്ടെത്തിയാല്‍ രേഖ വേണം.
സ്വര്‍ണത്തിന് മൂലധന നേട്ടത്തിന്റെ നികുതി ഈടാക്കുന്ന സാഹചര്യവുമുണ്ട്. സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനുമിടയില്‍ ഉണ്ടായ മൂല്യത്തിന്റെ മാറ്റം പരിശോധിച്ചാണ് ഈ നികുതി തീരുമാനിക്കുക. ഒരു ആഭരണം വാങ്ങി മൂന്ന് വര്‍ഷം വരെ സൂക്ഷിച്ച ശേഷം വില്‍ക്കുകയാണെങ്കില്‍ മൂലധന നേട്ട നികുതി ഉണ്ടാകില്ല. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വില്‍ക്കുന്നതെങ്കില്‍ മൂലധന നേട്ടത്തിന്റെ 20 ശതമാനം വരെ നികുതി ഒടുക്കണം. കൂടാതെ മറ്റു സെസുകളും ഈടാക്കിയേക്കും. മൂലധന നേട്ടത്തിന് ഹൃസ്വകാല, ദീര്‍ഘകാല പരിധി വച്ചാണ് നികുതി ചുമത്തുക എന്ന് ചുരുക്കം.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 57200 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 7150 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5910 രൂപയാണ് വില. വെള്ളി ഗ്രാമിന് 97 രൂപയാണ് വില. 22 കാരറ്റിലെ ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും നല്‍കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 62000 രൂപ വരെ ചെലവ് വന്നേക്കാം.












Click it and Unblock the Notifications