ഷവോമി റെഡ്മി 2 ഇന്ത്യയിലെത്തി; വില 6999 രൂപ
ദില്ലി: ജനുവരിയില്‍ ലാസ് വേഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിക്കപ്പെട്ട ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിയുടെ റെഡ്മി 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6,999 രൂപയാണ് സ്മാര്‍ട് ഫോണിന്റെ ഇന്ത്യയിലെ വില. പതിവുപോലെ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് മൊബൈല്‍ ഫോണിന്റെ വില്‍പ്പന.
മാര്‍ച്ച് 12ന് വൈകിട്ടുമുതല്‍ ഫ് ളിപ് കാര്‍ട്ട് സൈറ്റില്‍ ഫോണിനായി രജിസ്റ്റര്‍ ചെയ്യാം. മാര്‍ച്ച് 24 മുതല്‍ ആയിരിക്കും ഫോണുകള്‍ വിതരണം ചെയ്യപ്പെട്ടു തുടങ്ങുക. റെഡ്മി 1 എസ്സിന്റെ പിന്‍ഗാമിയാണ് റെഡ്മി 2. ആദ്യ പതിപ്പിന് വന്‍ സ്വീകാര്യത ലഭിച്ചതിനാല്‍ രണ്ടാം പതിപ്പിനും അതേ വിപണി ലഭ്യമാകുമെന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍. കഴിഞ്ഞദിവസം പുറത്തിറങ്ങിയ മോട്ടോ ഇ സെക്കന്റ് ജനറേഷന്‍ ഫോണിന് റെഡ്മി വെല്ലുവിളി ഉയര്‍ത്തും.

റെഡ്മി 1നെ അപേക്ഷിച്ച് സ്ലിം ആണ് റെഡ്മി 2. 4ജി കണക്ടിവിറ്റി, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 8 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറ 4.7 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1280X720 പിക്‌സല്‍ റെസലൂഷന്‍, ഡ്രാഗണ്‍ ട്രെയ്ല്‍ ഗ്ലാസ് എന്നിവ റെഡ്മി 2വിന്റെ പ്രത്യേകതകളാണ്. 64ബിറ്റ് 1.2 ജിഎച്ച്‌സെഡ് ക്വാഡ്‌കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 410 പ്രൊസസര്‍ ഫോണിന് കരുത്ത് പകരും.
8 ജിബി ആണ് ഇന്റേണല്‍ സ്‌റ്റോറേജ്. എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 2ജിബി റാമും 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള മറ്റൊരു വേര്‍ഷന്‍ ഉടന്‍ ഇന്ത്യയിലെത്തുമെന്ന് ഷവോമി കമ്പനി വൈസ് പ്രസിഡണ്ട് ഹ്യൂഗോ ബാറ പറഞ്ഞു. പിങ്ക്, യെല്ലോ, ഗ്രീന്‍, ഗ്രേ, വൈറ്റ് നിറങ്ങളില്‍ റെഡ്മി 2 ലഭ്യമാകും.












Click it and Unblock the Notifications