ആഗ്രഹം സഫലമായി; അര്‍ണോള്‍ഡ് ജയലളിതയുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: ഹോളിവുഡ് സൂപ്പര്‍താരവും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി. ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങിന് ചെന്നൈയില്‍ എത്തിയപ്പോള്‍ ആണ് അര്‍ണോള്‍ഡ് ജയലളിതയെ സന്ദര്‍ശിച്ചത്.
ചെന്നൈയിലേക്ക് ക്ഷണം കിട്ടിയപ്പോള്‍ത്തന്നെ ജയലളിതയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഹോളിവുഡ് താരം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജയലളിതയെ കാണാന്‍ അധികൃതര്‍ അനുവാദവും നല്‍കി. രാവിലെ ചെന്നൈയിലെത്തിയ ഷ്വാസനെഗര്‍ ഉച്ചതിരിച്ച് 2.45ഓടെയാണ് ജയലളിതയെ കാണാനെത്തിയത്. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു നിന്നു.

കൂടിക്കാഴ്ചയ്ക്കുശേഷം ഏറെ സന്തോഷവാനായാണ് അര്‍ണോള്‍ഡ് പുറത്തിറങ്ങിയത്. മുന്‍ നടി കൂടിയായ ജയലളിതയുമായി സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം കുറഞ്ഞ സമയത്തിനുള്ളില്‍ അര്‍ണോള്‍ഡ് സംസാരിച്ചതായാണ് വിവരം. ജയലളിതയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അര്‍ണോള്‍ഡ് ഐ യുടെ പരിപാടി നടക്കുന്ന ജവഹര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് പോയി.
ഇന്ത്യയില്‍ ഇന്നേവരെ ഇറങ്ങിയതില്‍വെച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമാണ് ഐ എന്നാണ് ശങ്കറിന്റെ അവകാശവാദം. നടന്‍ വിക്രം ആണ് നായകന്‍, ആമി ജാക്‌സണ്‍ നായികയാകുന്ന ചിത്രത്തില്‍ മലയാളി താരം സുരേഷ് ഗോപി പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.












Click it and Unblock the Notifications