ശക്തി കുറഞ്ഞ് നിവാര്‍; മുഖ്യമന്ത്രിമാരെ വിളിച്ച് അമിത് ഷാ, വിമാനത്താവളം പ്രവര്‍ത്തനം പുനഃരാരംഭിച്ചു
ചെന്നൈ: കര തൊട്ടത്തിന് പിന്നാലെ ശക്തി കുറഞ്ഞ് നിവാര്‍ ചുഴലിക്കാറ്റ്. അതിതീവ്രചുഴലിക്കാറ്റിൽ നിന്നും തീരത്ത് എത്തിയപ്പോഴേക്ക് തീവ്രത കുറയുകയായിരുന്നു. 135 കി.മീ വേഗതയിലായിരുന്ന കരതൊട്ടതിന് ശേഷമുള്ള മണിക്കൂറിലെ കാറ്റിന്റെ വേഗത. വരുന്ന മണിക്കൂറുകളിൽ കാറ്റിന്റെ വേഗത 65-75 കി.മീ ആയി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഭീഷണിയകന്നതോടെ ഇന്നലെ വൈകീട്ട് മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ചെന്നൈ എയര്‍പ്പോര്‍ട്ട് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്നലെ രാത്രി 11.30 ഓടെയാണ് നിവാർ ചുഴലിക്കാറ്റ് കോട്ടക്കുപ്പം എന്ന ഗ്രാമത്തിൽ കരതൊട്ടത്. ചെന്നൈ അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും അനുഭവപ്പെട്ടു. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. വീട് തകർന്നും വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണും രണ്ടുപേർ മരിച്ചു. പുതുച്ചേരിയിലും വലിയ തോതില്‍ നാശനശ്ടങ്ങള് ഉണ്ടായി.
നിവാർ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥിതിഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി എന്നിവരുമായി സംസാരിക്കുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവരെ സഹായിക്കാൻ എൻഡിആർഎഫ് ടീമുകൾ രംഗത്തുണ്ടെന്നും അമിത് ഷാ പറഞ്ഞു.