മോദി സ്തുതി, ഹിന്ദി തമിഴിനേക്കാള്‍ മികച്ചത്, പുലിവാല് പിടിച്ച് ഇളയരാജ, മകന്റെ മറുപടി വൈറല്‍
ചെന്നൈ: അമിത് ഷായുടെ ഹിന്ദി ദേശീയ ഭാഷാ പരാമര്‍ശം രാജ്യത്താകെ വലിയ പ്രതിഷേധത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലാണ് ഇത് ശക്തമായി പ്രതിഫലിച്ചത്. ബിജെപിയുടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് തമിഴകത്തെ പാര്‍ട്ടികള്‍ എല്ലാം തുറന്നടിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ബിജെപിക്ക് പോലും അമിത് ഷായുടെ പരാമര്‍ശത്തെ തള്ളിപ്പറയേണ്ടി വന്നു.
എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഏറ്റവും കുരുക്കിലായിരിക്കുന്നത് ഇതിഹാസ സംഗീതജ്ഞനായ ഇളയരാജയാണ്. അദ്ദേഹത്തിന്റെ മുന്‍ പരാമര്‍ശം അടക്കം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഇളയരാജയ്ക്കുള്ള മകന്റെ മറുപടിയും വൈറലായിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭരണഘടനാ ശില്‍പ്പി ബിഎര്‍ അംബേദ്കറോട് ഉപമിച്ചുള്ള ഇളയരാജയുടെ പ്രസംഗമാണ് ആദ്യം വിവാദമായത്. ഈ പരാമര്‍ശം വിവാദമായിട്ടും പിന്‍വലിക്കില്ലെന്ന നിലപാടാണ് ഇളയരാജ സ്വീകരിച്ചത്. രണ്ട് പേരും സാധാരണക്കാര്‍ക്ക് വേണ്ടി പ്രയത്‌നിക്കുകയും, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തവരാണെന്ന് ഇളയരാജ ചൂണ്ടിക്കാണിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ യുവാന്‍ ശങ്കര്‍ രാജയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലായിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് ഇളയരാജയ്ക്കുള്ള പരോക്ഷ മറുപടിയായിട്ടാണ് ആരാധകര്‍ കാണുന്നത്. സാധാരണ രാഷ്ട്രീയ പറയാന്‍ മടി കാണിക്കുന്നയാളാണ് യുവാന്‍.

ഇരുണ്ട ദ്രാവിഡനാണ്, ആത്മാഭിമാനുള്ള തമിഴനാണ് എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ യുവാന്‍ കുറിച്ചിരിക്കുന്നത്. ഇതോടെ അംബേദ്കര്‍ മാതൃകയില്‍ ലുങ്കിയും ഇരുണ്ട വസ്ത്രവും ധരിച്ചുള്ള ചിത്രവും യുവാന്‍ പങ്കുവെച്ചിട്ടുണ്ട്. അംബേദ്കര്‍വാദിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് യുവാവ് പോസ്റ്റ് പങ്കുവെച്ചത്. നേരത്തെ രാജ്യത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷ ഹിന്ദിയായിരിക്കണമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നത്. വിജയ് ചിത്രം ബീസ്റ്റിലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിരെയുള്ള രംഗങ്ങളുണ്ടായിരുന്നു.

ഓസ്‌കര്‍ ജേതാവായ സംഗീതജ്ഞന്‍ എആര്‍ റഹ്മാനും അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഹിന്ദിയല്ല, തമിഴാണ് തമിഴരെ പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷയെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ഇളയരാജയുടെ മുന്‍ പരാമര്‍ശങ്ങളും വലിയ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി വീണ്ടും വിവാദമാക്കിയിരിക്കുകയാണ്. തമിഴിനേക്കാള്‍ പാട്ടുകള്‍ ഒരുക്കാന്‍ ഏറ്റവും മികച്ച ഭാഷ ഹിന്ദിയാണെന്ന് ഇളയരാജ നേരത്തെ പറഞ്ഞിരുന്നു. ഹിന്ദിക്ക് ഒരുപാട് തലങ്ങളുണ്ടെന്നും, അതിന്റേതായ സൗന്ദര്യങ്ങളുണ്ടെന്നും ഇളയരാജ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഉയര്‍ന്ന് വന്നതോടെ അദ്ദേഹം ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്.

മോദിയുടെ സ്ത്രീപക്ഷ നയമായിരുന്നു മുത്തലാഖ് നിരോധിച്ചത്. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി കാരണം ലിംഗ തുല്യതയുണ്ടായെന്നും, സ്ത്രീ-പുരുഷ ആനുപാതം തുല്യതയിലെത്തിയെന്നും ഇളയരാജ നേരത്തെ പറഞ്ഞിരുന്നു. ഇത് സാമൂഹിക മാറ്റത്തിനാണ് തുടക്കമിട്ടത്. മോദിയുടെ ഈ നയങ്ങള്‍ അംബേദ്കറുണ്ടായിരുന്നെങ്കില്‍ അംഗീകരിക്കുമായിരുന്നു. അദ്ദേഹത്തിന് അഭിമാനിക്കാന്‍ ഇട നല്‍കുന്ന കാര്യമാണിത്. മോദിയും അംബേദ്കറും പ്രവര്‍ത്തിയില്‍ വിശ്വസിച്ചിരുന്നവരാണ്. സമൂഹത്തിലെ ദുര്‍ബലരായവര്‍ക്ക് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. ദാരിദ്ര്യത്തെ അടക്കം നിര്‍മാര്‍ജനം ചെയ്യുന്ന കാര്യമാണ് ഇവര്‍ ചിന്തിച്ചത്. വെറും സംസാരിച്ച് സമയം കളയുന്നതിനേക്കാല്‍ പ്രവര്‍ത്തിയിലാണ് ഇവര്‍ വിശ്വസിച്ചതെന്നും ഇളയരാജ പറഞ്ഞു.

അതേസമയം ഇളയരാജയെ ബിജെപി രരാജ്യസഭയിലേക്ക് അയക്കുമെന്ന അഭ്യൂഹവും ഇതിനിടെ ശക്തമായിരിക്കുകയാണ്. എന്നാല്‍ ഇടതുപക്ഷ ഗ്രൂപ്പുകളാണ് അദ്ദേഹത്തെ സംഘിയെന്ന് വിശേഷിപ്പിക്കുന്നതെന്നാണ് ഇളയരാജയുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇത് വളരെ ക്രൂരമായ വിശേഷണമാണ്. അദ്ദേഹത്തിന് രാഷ്ട്രീയ താല്‍പര്യങ്ങളൊന്നുമില്ല. രാജ്യസഭയിലേക്ക് ഇളയരാജയുടെ പേര് പരിഗണിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ഇല്ല. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഗംഗൈ അമരന് ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവാമെന്നും ഇളരാജയുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഗംഗൈ അമരന്‍ പ്രശസ്ത സംഗീതജ്ഞനാണ്. 2017ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു.












Click it and Unblock the Notifications