2024 ല്‍ ബിജെപിയെ തളയ്ക്കുമോ: ചെന്നൈയില്‍ കണ്ടത് ഐക്യത്തിന്റെ പുതിയ കാഹളം
ചെന്നൈ: രാജ്യത്തെ പ്രതിപക്ഷ നിരയുടെ ഐക്യത്തിന്റെ കാഹളമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്റെ ഉങ്കളില്‍ ഒരുവനെന്ന പുസ്തക പ്രകാശന ചടങ്ങ്. രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആർ ജെ ഡി നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള തുടങ്ങിയവരും പങ്കെടുത്തു.
രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു സ്റ്റാലിന്‍ വേദിയില്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസും ഇടതു പാർട്ടികളും മതേതര ജനാധിപത്യ പാർട്ടികളും കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന് ഭീഷണി ഉയർത്തുന്ന ഛിദ്രശക്തികളെ പരാജയപ്പെടുത്താൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണം. ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തെക്കുറിച്ചും ബി ജെ പിക്ക് ഒരിക്കലും തമിഴ്നാട്ടിലെ ജനങ്ങളെ ഭരിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച സ്റ്റാലിന്‍ കോൺഗ്രസ് നേതാവ് ദ്രാവിഡ തത്വങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.

'സിഎൻ അണ്ണാദുരൈ, എം കരുണാനിധി തുടങ്ങിയ ദ്രാവിഡ നേതാക്കൾ ദേശീയ നേതാക്കൾക്കിടയിൽ ഈ ചിന്താ പരിവർത്തനം ആഗ്രഹിച്ചിരുന്നു. അവരുടെ കാലത്ത് സംഭവിക്കാത്ത പരിവർത്തനമാണ് ഇപ്പോൾ സംഭവിക്കുന്നത്'- ഫെഡറലിസത്തെക്കുറിച്ചുള്ള എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ പരാമർശിച്ച് സ്റ്റാലിൻ പറഞ്ഞു.സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം തട്ടിയെടുക്കുകയാണെന്ന് എല്ലാ പാർട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഈ വേദിയിലുള്ള നേതാക്കളോട് മാത്രമല്ല, മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരോടും ഒരു അഭ്യർത്ഥന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ഇന്ത്യൻ യൂണിയൻ വിഘടന ശക്തികളിൽ നിന്ന് വലിയ ഭീഷണി നേരിടുകയാണ്. അവരെ പരാജയപ്പെടുത്താനും സംരക്ഷിക്കാനും നാമെല്ലാവരും ഒരുമിക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്ഥാപക തത്വങ്ങൾ അതാണ് ചൂണ്ടിക്കാട്ടുന്നത്" അദ്ദേഹം പറഞ്ഞു.

ഡി എം കെയുടെ 'മനിലത്തിൽ സുയത്ചി, മതിയിൽ കൂട്ടാച്ചി' എന്ന മുദ്രാവാക്യം ഇപ്പോൾ ഒരു ഇന്ത്യൻ മുദ്രാവാക്യമായി മാറിയെന്നും ഇത് പാർലമെന്റിൽ ഗാന്ധി ആവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സ്വയംഭരണാവകാശം, കേന്ദ്രത്തിലും പ്രാദേശിക പാർട്ടികൾക്കും അധികാരത്തിൽ പങ്കാളിത്തം എന്നതാണ് ഡിഎംകെ മുന്നോട്ട് വെക്കുന്ന ഈ മുദ്രാവാക്യത്തിന്റെ അർത്ഥം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെയ്ക്കും തനിക്കും പ്രതിപക്ഷ നിരയില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന വ്യക്തമായ സൂചനയും സ്റ്റാലിന്‍ നല്‍കുന്നു.

അതേസമയം, പ്രധാനമന്ത്രി മോദിയുടെ ആശയങ്ങൾ തമിഴ്നാട്ടിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. തമിഴ്‌നാട് എന്നത് കേവലം രണ്ട് വാക്കുകളല്ലെന്നും 3000 വർഷം പഴക്കമുള്ള സംസ്‌കാരമാണെന്നും അദ്ദേഹം മനസ്സിലാക്കിയില്ല. ഇതിലൂടെ നരേന്ദ്ര മോദി സംസ്ഥാനത്തേയും രാജ്യത്തെയും അപമാനിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.

രാജ്യത്തിന്‍റെ സാംസ്കാരിക വൈവിദ്ധ്യം നിലനിർത്തണം. അതിനായി എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട നേരമാണിതെന്നായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ വിഭിന്ന സംസ്കാരങ്ങളും ഭാഷാന്യൂനപക്ഷങ്ങളും ഭീഷണി നേരിടുന്നു. മലയാളികളും തമിഴരും ഒരേ മണ്ണിന്‍റെ മക്കളാണ്. ആ ബന്ധം കൂടുതൽ ശക്തമാക്കണം. ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications