അമ്മയ്ക്ക് വേണ്ടി ആത്മഹത്യ ചെയ്യാന്‍ നടി മായയും
ചെന്നൈ: അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി ആത്മഹത്യ ചെയ്യാന്‍ തയ്യാറായവരില്‍ നടിയും. തമിഴ് നടി മായയാണ് ജയലളിതയെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു നടിയുടെ ആത്മഹത്യ ശ്രമം.
മകളെയും കൂട്ടിയാണ് മായ പോലീസ് സ്‌റ്റേഷനിലെത്തിയത്. ഒരു കന്നാസില്‍ മണ്ണെണ്ണയും താരത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു. തലവഴി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താനായിരുന്നു മായയുടെ ശ്രമം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു എന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നടിയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരെയും പോലീസ് ചോദ്യം ചെയ്തു. ജയലളിതയ്‌ക്കെതിരായ കോടതി വിധിയില്‍ നടി മായ അസ്വസ്ഥയായിരുന്നത്രെ. ഇതേത്തുടര്‍ന്നാണ് തന്റെയും മകളുടെയും ജീവന്‍ അവസാനിപ്പിക്കാന്‍ ഇവര്‍ ശ്രമം നടത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ അമരകാവ്യം അടക്കം ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മായ.
തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജയലളിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ പ്രമുഖ സിനിമാ താരങ്ങള്‍ ഉപവാസം നടത്തിയിരുന്നു. മുന്‍ നടി കൂടിയായ ജയലളിതയ്ക്ക് വന്‍ പിന്തുണയാണ് കോളിവുഡില്‍ നിന്നും ലഭിക്കുന്നത്. ജയലളിത അറസ്റ്റിലായതിനെത്തുടര്‍ന്ന് ഇരുപതോളം പേര്‍ തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയാതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications