തമിഴ്നാടിന്റെ തലവൻ ഡാ സ്റ്റാലിൻ; ആഹാരം രുചിച്ച് മാത്രം വിതരണം
തമിഴ്നാടിന്റെ തലവൻ ഡാ സ്റ്റാലിൻ; ആഹാരം രുചിച്ച് മാത്രം വിതരണം
ചെന്നൈ: പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിന്മാരുടെ ഇടപെടലുകളിൽ നിന്നും കാഴ്ചപ്പാടുകളിൽ നിന്നും വേറിട്ട മുഖമാവുകയാണ് തമിഴ്നാട് മുഖ്യമന്ത്രിയായ എം. കെ. സ്റ്റാലിൻ. തമിഴ്നാടിലെ മഴക്കെടുതി ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചും, വെളളത്തിലിറങ്ങിയും, ദുരിതാശ്വാസ കേന്ദ്രങ്ങളിലെ ആഹാരം രുചിച്ചും പരിശോധിച്ചും തമിഴ്നാട്ടുകാരുടെ തലവൻ ആകുകയാണ് ഇദ്ദേഹം. പ്രളയ രക്ഷാപ്രവർത്തനങ്ങൾ മുന്നാം ദിവസം പിന്നിടുമ്പോൾ മുഖ്യമന്ത്രിയായ എം കെ സ്റ്റാലിൻ സജീവമായി തന്നെ രംഗത്തുണ്ട്. മുഖ്യമന്ത്രിയ്ക്ക് ഒപ്പം സഹായത്തിനായി വിവിധ സംഘവും ഉണ്ട്.

ചെന്നൈ കൊളത്തൂരിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും ദുരിതാശ്വാസ സഹായവും ഇദ്ദേഹം വിതരണം ചെയ്തു. ജനങ്ങളോടുളള പ്രത്യേക കരുതലെന്നോണം ദുരിതാശ്വാസ ക്യാംപുകളിൽ വിതരണം ചെയ്യാനായി തയാറാക്കിയ ഭക്ഷണം ഇദ്ദേഹം സ്വയം കഴിച്ചു നോക്കി പരിശോധിച്ചു. ആഹാരം നല്ലതാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വിതരണത്തിനായി അനുമതി നൽകിയത്.

മെഡിക്കൽ ക്യാംപുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദർശിച്ച അദ്ദേഹം ക്യാപുകൾക്ക് അവശ്യമായ വസ്തുക്കൾ വിതരണം ചെയ്തു. വില്ലിവാക്കം, മധുരവയൽ, വിരുഗമ്പാക്കം നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകൾ ഇദ്ദേഹം സന്ദർശിച്ചു.

ദുരിത പേമാരി കഴിയുന്നത് വരെ ദുരിത ബാധിതർക്ക് വേണ്ട ആഹാരം അമ്മ ഉണവകങ്ങളിൽ നിന്ന് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തമിഴ്നാട്. കോർപറേഷന്റെ നേതൃത്വത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണമെത്തിച്ച് നൽകും.

പൊതു ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ആഹാരം ലഭ്യമാക്കാനായി അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത ആവിഷ്കരിച്ച പദ്ധതിയാണ് അമ്മ ഉണവകങ്ങൾ. തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഇടയിലേക്ക് വളരെ പെട്ടെന്ന് പ്രചാരം നേടാൻ ഈ പദ്ധതിക്ക് കഴിഞ്ഞിരുന്നു. ഇഡ്ഡലി, പൊങ്കൽ, സാമ്പാർസാദം, തൈര് സാദം, ലെമൺ റൈസ്, ചപ്പാത്തി തുടങ്ങിയവയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം വെള്ളക്കെട്ട് രൂക്ഷമായ മേഖലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ഒരു വിവാഹ ചടങ്ങിന് ഇദ്ദേഹം സാക്ഷ്യം വഹിക്കുകയും ചെയ്തു. പെരുമ്പുർ സ്വദേശികളായ ഗൌരി ശങ്കർ, മഹാലക്ഷ്മി എന്നിവരുടെ വിവാഹത്തിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. വിവാഹ ദിനത്തിൽ ഇരുവർക്കും സ്റ്റാലിൽ ആശിർവാദം നൽകി.

ചെന്നൈയിൽ തുടരുന്ന അതി രൂക്ഷമായ മഴയിൽ വെള്ളത്തിനടിയിലായ താഴ്ന്ന പ്രദേശങ്ങൾ സന്ദർശിച്ചും മഴക്കെടുതിയിൽ സുരക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തിയും ആളുകളെ മാറ്റി പാർപ്പിക്കുന്നതിൽ നേതൃത്വം വഹിച്ചും അദ്ദേഹം ജനങ്ങൾക്കൊപ്പമുണ്ട്. മഴക്കെടുതിയിൽ ദുരിത ബാധിതരായ ആളുകളുടെ പരാതികൾ മുഖ്യമന്ത്രി നേരിട്ട് കേട്ടു. മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സഹായവും സ്റ്റാലിൻ വാഗ്ധാനം ചെയ്തിട്ടുണ്ട്.

മഴവെള്ളം ഒഴുകിപ്പോകാൻ അടിയന്തര നടപടി സ്വീകരിക്കാൻ ചെന്നൈ മെട്രോപൊളിറ്റൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. വടക്കുകിഴക്കൻ കാലവർഷക്കെടുതിയിൽ നാശം വിതച്ച ചെന്നൈ വെപ്പേരിയിലെ ബാരക്‌സ് റോഡ് പ്രദേശം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പരിശോധിച്ചു. നുങ്കമ്പാക്കം, സൈദാപേട്ട്, കിണ്ടി, നങ്ങനല്ലൂർ, എക്കാട്ടുതാങ്ങൽ, കെകെ നഗർ, തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് പൊതുവാഹന യാത്ര ബുദ്ധിമുട്ടിലായി.എഗ്മോർ റെയിൽവേ സ്റ്റേഷൻ മുതൽ ചെന്നൈ കോസ്റ്റ് റോഡ് റെയിൽവേ സ്റ്റേഷൻ വരെയുള്ള ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ താംബരം റെയിൽവേ സ്റ്റേഷനിൽ നിന്ന് എഗ്മോർ റെയിൽവേ സ്റ്റേഷനിലേക്ക് മാത്രമാണ് ട്രെയിനുകൾ ഓടുന്നത്. താംബരം - ചെങ്കൽപട്ട് ഇലക്ട്രിക് ട്രെയിൻ സർവീസ് റദ്ദാക്കി.

കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ കനത്ത മഴ പെയ്യുന്നുണ്ട്. കനത്ത മഴയിൽ ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വരുന്ന ദിവസങ്ങളിൽ കൂടി ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Recommended Video

അതേസമയം, തമിഴ്നാട്ടുകാരുടെ സുരക്ഷയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇദ്ദേഹം ഫോണിൽ ആശയവിനിമയം നടത്തി. വെള്ളപൊക്കത്തിൽ തമിഴ്‌നാടിന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാലെ രംഗത്തെത്തി. എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തതായും എല്ലാവരും സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications