ഹെഡ്മാസ്റ്റര് പീഡിപ്പിച്ചു, 7 അധ്യാപികമാര്‍ ഹൈക്കോടതിയില്‍
ചെന്നൈ: തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച പ്രധാനാധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഏഴ് അധ്യാപികമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കാഞ്ചീപുരം കൊളത്തൂരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികമാരാണ് നീതി തേടി മദ്രാസ് ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. സ്കൂളിലെ ആറ് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ ടീച്ചിംഗ് അസിസ്റ്റന്റുമാരാണ് പരാതിക്കാര്‍.
ഹെഡ്മാസ്റ്ററായ എം കെ ബീംകുമാറിനെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. 2012 ഒക്ടോബറിലാണ് ഇയാള്‍ പ്രധാനാധ്യാപകനായത്. സ്ഥാനം ഏറ്റെടുത്തത് മുതല്‍ തങ്ങളെ ഇയാള്‍ പീഡിപ്പിക്കുകയാണ് എന്ന് അധ്യാപികമാര്‍ പരാതിയില്‍ പറഞ്ഞു. സ്കൂളില്‍ മറ്റാരും തങ്ങള്‍ക്കൊപ്പം നിന്നില്ല എന്നാണ് അധ്യാപികമാര്‍ പറയുന്നത്. പീഡനം നിശബ്ദമായി സഹിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.
എന്നാല്‍ ഹെഡ്മാസ്റ്ററുടെ പെരുമാറ്റം പരിധിവിട്ടതോടെയാണ് അധ്യാപികമാര്‍ പോലും സംഭവം പരസ്പരം പറയുന്നത്. തുടര്‍ന്ന് ഭര്ത്താക്കന്മാര് പറഞ്ഞതനുസരിച്ച് ഇവര്‍ ഒക്ടോബര്‍ 13 ന് വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്കി. എന്നാല്‍ പരാതി നേരിട്ട് വാങ്ങാന്‍ പോലും ഇവര്‍ തയ്യാറായില്ല. ഹെഡ്മാസ്റ്ററോട് താന്‍ സംസാരിച്ചോളാം എന്നായിരുന്നത്രെ വിദ്യാഭ്യാസ ഓഫീസറുടെ മറുപടി.
ഉന്നതാധികാരികള്‍ പരാതി സ്വീകരിക്കാനോ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി എടുക്കാനേ തയ്യാറാകാതെ വന്നതോടെയാണ് മറ്റ് വഴിയില്ലാതെ അധ്യാപികമാര്‍ കോടതിയെ സമീപിച്ചത്. പരാതിയില്‍ വാദം കേള്‍ക്കുന്നത് ജഡ്ജി എം എം സുന്ദരേഷ് ഡിസംബര്‍ 22 ലേക്ക് മാറ്റി വെച്ചു.