കള്ളന്‍ ടിവി കണ്ട് ഉറങ്ങിപ്പോയി, പോലീസ് വന്ന് ഉണര്‍ത്തി
കോയമ്പത്തൂര്‍: ഡി വി ഡി പ്ലെയര്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ ടി വി കണ്ടിരുന്ന് ഉറങ്ങിപ്പോയി. വീട്ടുടമ തിരിച്ചെത്തിയപ്പോള്‍ സ്വന്തം ബെഡ്ഡില്‍ ഒരാള്‍ കിടന്നുറങ്ങുന്നു. വേഗം പോലീസിനെ വിളിച്ചു. പോലീസ് വന്ന് കള്ളനെ ഉണര്‍ത്തി. സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പൊതിഞ്ഞുവെച്ച ഡി വി ഡി പ്ലെയറും ഒരു മൊബൈല്‍ ഫോണും വീട്ടുടമയ്ക്ക് തിരിച്ചുകിട്ടി.
തമിഴ്‌നാട്ടിലെ ഉദയംപാളയത്തുനിന്നാണ് രസകരമായ ഈ മോഷണവാര്‍ത്ത പുറത്തുവന്നത്. വിനയനഗര്‍ കോവിലില്‍ താമസിക്കുന്ന എം പൊന്മുത്തു എന്ന 24 കാരനായ നിര്‍മാണത്തൊഴിലാളിയാണ് സംഭവത്തിലെ നായകന്‍. രാത്രി രണ്ട് മണിയോടെയാണ് ഇയാള്‍ നിര്‍മല്‍ രാജ്കുമാറിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയത്.

വീടിനകത്ത് കയറിയ പൊന്മുത്തു ഡി വി ഡി പ്ലെയര്‍ എടുത്ത് ഒരു കടലാസില്‍ ഭദ്രമായി പൊതിഞ്ഞുവെച്ചു. ഒരു മൊബൈല്‍ ഫോണും ഇയാള്‍ക്ക് കിട്ടി. പുറത്ത് കനത്ത മഴയായതിനാല്‍ അല്‍പനേരം ടി വി കണ്ടിരിക്കാം എന്ന് കരുതിയതാണ് പൊന്മുത്തുവിന് വിനയായത്. ടി വി കണ്ടിരുന്ന് ഉറക്കം വന്നു. വരവിന്റെ ഉദ്ദേശം പോലും മറന്ന് പൊന്മുത്തു കട്ടിലില്‍ കുടന്ന് ഉറക്കവുമായി.
മൂന്നരയോടെ വീട്ടിലെത്തിയ നിര്‍മല്‍ രാജ്കുമാര്‍ മോഷ്ടാവിനെ കണ്ട് ആദ്യമൊന്ന് അമ്പരന്നു. പിന്നെ പോലീസില്‍ വിളിച്ച് വിവരം അറിയിച്ചു. പോലീസ് വന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടും ഇയാള്‍ സ്‌റ്റേഷനിലും ഉറക്കം തുടര്‍ന്നതായി പീലമേട് പോലീസ് സ്‌റ്റേഷന്‍ ആര്‍ വെങ്കട്ടരാമന്‍ പറഞ്ഞു. ഡി വി ഡി മോഷ്ടിക്കാന്‍ വേണ്ടിയാണ് നിര്‍മല്‍ രാജ്കുമാറിന്റെ വീട്ടില്‍ കയറിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications