ഭര്‍ത്താവ് മരിച്ചു, ഭാര്യയും അനിയത്തിയും ആത്മഹത്യ ചെയ്തു
ചെന്നൈ: അസുഖത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും സഹോദരിയും ചേര്‍ന്ന് ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് സംഭവം. തങ്ക നാടാര്‍ എന്ന 72 കാരന്‍ അസുഖബാധിതനായി മരിച്ചതിന് പിന്നാലെ ഭാര്യ പുഷ്പ അനിയത്തിക്കൊപ്പം ആത്മഹത്യ ചെയ്യുകയായിരുന്നു. ബുധനാഴ്ചയാണ് തങ്കു നാടാര്‍ മരിച്ചത്.
കന്യാകുമാരിയിലെ രാജക്കമംഗലത്താണ് തങ്ക നാടാരും ഭാര്യ പുഷ്പയും താമസിച്ചിരുന്നത്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ ക്ലര്‍ക്കായിരുന്നു തങ്ക നാടാര്‍. ഇവരുടെ ഏകമകന്‍ നവനീത കൃഷ്ണല്‍ അമേരിക്കയില്‍ എഞ്ചിനീയറാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുഷ്പയുടെ അനിയത്തി സരസ്വതി ഇവര്‍ക്കൊപ്പം വന്ന് താമസം ആരംഭിച്ചു.

സരസ്വതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. ഇവര്‍ക്ക് ഒരു മകളുണ്ട്. മകള്‍ കുടുംബസമേതം ചെന്നൈയിലാണ് താമസം. ഏകദേശം ഒരു മാസത്തോളമായി തങ്ക നാടാന്‍ അസുഖബാധിതനായിട്ട്. അമേരിക്കയില്‍ നിന്നും നവനീത കൃഷ്ണന്‍ 20 ദിസവം മുന്‍പ് അച്ഛനെ കാണാനെത്തി മടങ്ങിയിരുന്നു. ബുധനാഴ്ച തങ്ക നാടാര്‍ മരിച്ചു.
തങ്ക നാടാര്‍ മരിച്ചതോടെ ഭാര്യ പുഷ്പയ്ക്കും സഹോദരി സരസ്വതിക്കും ആശ്രയത്തിന് ആരുമില്ലാതായി. അയല്‍ക്കാര്‍ മകനെ വിവരമറിയിച്ചെങ്കിലും ചടങ്ങുകള്‍ എങ്ങനെയെങ്കിലും നടത്താനായിരുന്നു മറുപടി. വെള്ളിയാഴ്ചയോടെ നാട്ടിലെത്താം എന്നും മകന്‍ പറഞ്ഞു.
തങ്ക നാടാരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി നാട്ടുകാര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ പുഷ്പയും സരസ്വതിയും സ്റ്റോര്‍ റൂമില്‍ കയറി വാതിലടക്കുകയായിരുന്നു. ബന്ധുക്കള്‍ തിരഞ്ഞുപോയപ്പോള്‍ സ്‌റ്റോര്‍ റൂമിന്റെ വാതില്‍ പൂട്ടിക്കിടക്കുന്നു. ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് പുഷ്പയെയും സരസ്വതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. രാജക്കമംഗലം പോലീസ് കേസെടുത്തു.












Click it and Unblock the Notifications